വി ഡി സതീശൻ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിലെ കോൺഗ്രസ്സ് നിയമസഭാ കക്ഷി നേതാവും യുഡിഎഫിന്റെ പ്രതിപക്ഷ നേതാവുമായി വി ഡി സതീശൻ നിയമിതനായി. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച കോൺഗ്രസ്സ് ഹൈക്കമാണ്ടിന്റെ തീരുമാനം പുറത്തുവന്നത്. പറവൂരിൽ നിന്നും അഞ്ചാം തവണ നിയമസഭയിൽ എത്തുന്ന സതീശന് 56 വയസ്സുണ്ട്.
നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റി സതീശനെ നിയമിക്കാനുള്ള തീരുമാനം പാർട്ടിയിലെ ഇരു ഗ്രൂപ്പുകളെ നയിക്കുന്ന പ്രമുഖ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ എതിർപ്പ് മറികടന്നാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. അതേസമയം ഗ്രൂപ്പുകൾക്ക് അതീതമായി എംഎൽഎമാർ സതീശന് അനുകൂലമായി നിലപാട് എടുത്തിരുന്നു. പുതിയ പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുന്നതായി ഇരു നേതാക്കളും മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയിലെ വിവിധ നേതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്‌തു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ താൻ സ്ഥാനത്തു നിന്ന് മാറാൻ സന്നദ്ധനാണെന്നും പാർട്ടി ഹൈക്കമാൻഡ് തീരുമാനതിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ശ്രമിക്കുകയെന്നു വി ഡി സതീശൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ സർക്കാരുമായി പൂർണമായി സഹകരിക്കും. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.