കോണ്‍ഗ്രസിനെ കുഴിച്ചുമൂടാനുള്ള കോണ്‍ഗ്രസ്സുകാരുടെ ഒളിയുദ്ധം, കേരളത്തില്‍
പ്രത്യേക ലേഖകന്‍
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ കക്ഷി നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണി ആഗ്രഹിക്കുന്ന വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ഒളിപ്പോര്‍ യുദ്ധം കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അന്ത്യത്തിന് തന്നെ വഴിവെച്ചാല്‍ അത്ഭുതപ്പെടണ്ട. വന്‍കിട മാധ്യമങ്ങളെ കയ്യിലെടുത്താണ് ചില മുന്‍ നിര നേതാക്കള്‍ ഈ കളി കളിക്കുന്നത്. ദേശീയ നേതൃത്വത്തിലോ ഔദ്യോഗിക പക്ഷത്തോ നേതൃത്വ മാറ്റം സംബന്ധിച്ച് ഒരു വിശദീകരണവും വരാത്തത് കൊണ്ട് ഇവരുടെ പ്രചാരണത്തിന് പാര്‍ട്ടി അണികളില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ എളുപ്പമായി എന്നത് വാസ്തവം. വിവിധ മാധ്യമങ്ങളിലൂടെ ഈ പ്രചാരണത്തിന് ചെലവിടുന്ന ലക്ഷങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിനും സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനും പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരത്തെ കൊടുത്ത കോടികള്‍ ആണെന്നതാണ് ഏറെ കൌതുകകരം. ഇതിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത് ഏഷ്യാനെറ്റ് ചാനലില്‍ ദില്ലിയില്‍ നിന്നായിരുന്നു. . കൊവിഡ് മഹാമാരി കൊടുമ്പിരിക്കൊണ്ടു നിന്ന സമയമായതിനാല്‍ അത് ഏശിയില്ല. ഇപ്പോള്‍ ഈ ഗൂഡ സംഘം ലക്ഷങ്ങള്‍ അച്ചടിമാധ്യമങ്ങള്‍ക്ക് കൈമാറി ഈ ഒളിയുദ്ധം തുടരുകയാണ്. കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടുക തന്നെയാണ് ഇവര്‍ ചെയ്യുന്നത്. ഈ പോക്ക് തുടര്‍ന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാകും. കേരളത്തില്‍ ഒരു പാര്‍ട്ടിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം!. ഇതിന് വഴിയൊരുക്കുന്നത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ കടന്നു കൂടിയിട്ടുള്ള ചില മുക്കുപണ്ടങ്ങള്‍ ആണ് എന്നത് വ്യക്തം.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത എണ്‍പത് ലക്ഷത്തിലേറെ വോട്ടര്‍മാരോട് കാട്ടുന്ന കൊടും വഞ്ചനയാണിത്. ഒരു പാര്‍ട്ടിയുടെ ഉന്മൂലനത്തിന് കൈ കോടാലികളായി പ്രവര്‍ത്തിക്കുന്ന വരുടെ മുഖം മൂടി ഇന്നല്ലെങ്കില്‍ നാളെ പുറത്തുവന്നേക്കും. പക്ഷെ അപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ ഉണ്ടാകണമെന്നില്ല. അതാണ് ഇന്നത്തെ അവസ്ഥ. പിണറായി വിജയന്‍ ചില സര്‍പ്രൈസ് കാണിച്ചതുകൊണ്ട് നമുക്കും ചില സര്‍പ്രൈസ് വേണ്ടേ എന്നതാണ് ഈ ഉപജാപങ്ങളുടെ ആസൂത്രകര്‍ അണികളെ മയക്കാന്‍ ഏറ്റവും ഒടുവില്‍ ചോദിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതിയോളം സ്ഥാനാര്‍ഥികളെ 50 വയസ് പോലും തികയാത്തവര്‍ ആയിരുന്നു എന്ന് മേനി നടിച്ചവര്‍ അവരില്‍ എത്രപേര്‍ നിയമസഭയില്‍ എത്തി എന്ന് കൂടി വെളിപ്പെടുത്തണം. പിണറായി വിജയനെ അനുകരിക്കലാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെങ്കില്‍ , പിന്നെന്തിന് കോണ്‍ഗ്രസ്? പിണറായിവിജയന്‍ പോരെ?