തുടര്‍ഭരണം: മന്ത്രിസഭ അധികാരമേറ്റു
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ 21 പേരുടെ സത്യപ്രതിജ്ഞയും വകുപ്പു വിഭജനവും പൂര്‍ത്തിയായി. സെക്രട്ടറിയറ്റിൽ വൈകിട്ട് ആദ്യ മന്ത്രിസഭായോഗവും ചേർന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. മാതൃകാപരമായിരുന്നു ചടങ്ങ്. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്ന പ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് മുന്നോടിയായി പുഷ്പാര്‍ച്ചന നടത്തി.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രിമാരില്‍ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍, ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്‍, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു.അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍ കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആര്‍ അനിലും സിപിഎമ്മിലെ കെ എന്‍ ബാലഗോപാലും ഡോ ആര്‍ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു തുടര്‍ന്ന് എം വി ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പിണറായി വിജയന് ആശംസകള്‍’ നേർന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.