പലസ്തീനിൽ വെള്ളിയാഴ്ച്ച വെടിനിർത്തൽ ഉണ്ടാവും

ന്യൂ യോർക്ക്:  രണ്ടാം വാരത്തിലേക്കു കടന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ഈ ആഴ്ച താത്കാലിക ശമനം ഉണ്ടാകുമെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ. ശക്തമായ അമേരിക്കൻ-യൂറോപ്യൻ യൂണിയൻ സമ്മർദ്ദത്തെ തുടർന്ന് വെള്ളിയാഴ്ചയോടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറായേക്കും എന്ന് ന്യൂയോർക്ക് ടൈംസ് അടക്കം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

റംസാൻ  മാസത്തിന്റെ അവസാനത്തിലാണ് ഗസയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയത്. ഗസയിൽ അധികാരം നിയന്ത്രിക്കുന്ന ഹമാസ് പ്രസ്ഥാനത്തെ സൈനികമായി തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ  നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഗസയിൽ ഹമാസ് നിർമിച്ച രഹസ്യതുരങ്കങ്ങൾ ബോംബിട്ടു നശിപ്പിക്കുകയാണ് അവരുടെ പ്രധാന ലക്‌ഷ്യം. അതിൽ തങ്ങൾ വിജയിച്ചതായി ഇസ്രായേൽ കണക്കുകൂട്ടുന്നു. ഹമാസിനെ പതിറ്റാണ്ടുകൾ പിന്നിലേക്ക് ഓടിക്കാൻ തങ്ങൾക്കു   കഴിഞ്ഞു എന്നാണ് ഇസ്രായേൽ അധികൃതരുടെ അവകാശവാദം. ഗസയിലെ  ആക്രമണങ്ങളിൽ നൂറിലേറെ സിവിലിയന്മാരാണ് ഇതിനകം മരിച്ചത്. ഇതിൽ ഒരു വലിയ  പങ്ക് കുട്ടികളാണ്.
കഴിഞ്ഞ ദിവസം ഇസ്രായേൽ  പ്രധാനമന്ത്രിയുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സംസാരിക്കുകയുണ്ടായി. ഉടൻ വെടിനിർത്തൽ വേണം എന്നാണ് ബൈഡൻ ആവശ്യപ്പെട്ടത്. എന്നാൽ തങ്ങൾ ഒരു  ക്ളോക്കും നോക്കിയല്ല യുദ്ധം നടത്തുന്നതെന്നും സൈനികലക്ഷ്യം പൂർത്തിയാക്കലാണ് പ്രധാനമെന്നും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം  അമേരിക്കൻ- യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരും  ഐക്യരാഷ്ട്ര അധികൃതരും ഉടൻ വെടിനിർത്തലിനായി ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തി വരികയാണ്. വെള്ളിയാഴ്ചയോടെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നു അമേരിക്കൻ നയതന്ത്ര വിദഗ്ദ്ധരെ ഉദ്ധരിച്ചു കൊണ്ടാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഇന്ന് പുറത്തു വന്നത്.