ഇതുവരെ സ്ഥിരീകരിച്ചത് 5424 ബ്ലാക്ക് ഫംഗസ് കേസുകള്‍

ന്യൂഡൽഹി: ഇന്ത്യയിൽ കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിൽ 5,424 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം (മ്യൂക്കർമൈക്കോസിസ്) ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചു.. ഇതിൽ 4,556 പേർ കോവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും മന്ത്രി പറഞ്ഞു.
. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുളളത്. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. കോട്ടയം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ രണ്ടുപേരും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
ഈ രോഗത്തെ പകർച്ചവ്യാധിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലും പ്രമേഹ രോഗികളിലുമാണ് .:ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. പ്രധാനമായും രണ്ട് കാരണങ്ങൾ മൂലമാണ് ഈ വർധനവ് ഉണ്ടാകുന്നത്. പ്രമേഹമുള്ള കോവിഡ് രോഗികൾക്ക് ഈ ഫംഗസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്‌ഡിന്റെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.
കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത് 15 ബ്ലാക്ക് ഫംഗസ് കേസുകള്‍ ആയിരുന്നു. . ഇത് പുതിയ രോഗമല്ലെന്നും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞു. .ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. 2019ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്ന രോഗബാധയുണ്ടാകുന്നത്. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് രോഗബാധ പൊതുവില്‍ അപകടകാരിയാവുന്നത്.