Pinarayi Vijayan

വർഗ രാഷ്ട്രീയത്തിനു വിട; കുടുംബഭരണത്തിന് സ്വാഗതം

എൻ പി ചെക്കുട്ടി 

കേരളത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റെടുക്കാൻ പോകുന്ന പിണറായി വിജയൻ നയിക്കുന്ന രണ്ടാം മന്ത്രിസഭ പല കാരണങ്ങളാൽ കേരള ചരിത്രത്തിലെ ഒരു യുഗസംക്രമണമാണ് സൂചിപ്പിക്കുന്നത്.  നേരത്തെ ഇടതുപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ, ബോധപൂർവം അകറ്റിനിർത്തിയിരുന്ന പല സാമൂഹിക പ്രതിഭാസങ്ങളെയും ചാഞ്ചല്യമില്ലാതെ വാരിപുൽകാൻ ഈ പുതിയ സർക്കാർ തയ്യാറായിരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത് നേരത്തെ മുഖ്യ ഊന്നൽ നൽകപ്പെട്ടിരുന്ന വർഗ-ബഹുജന സംഘടനാ പ്രതിനിധ്യം ഇന്ന്  താരതമ്യേന അപ്രത്യക്ഷമായിരിക്കുന്നു. പകരം  വന്നിരിക്കുന്നത് കുടുംബ ബന്ധങ്ങളും താല്പര്യങ്ങളും മുൻനിർത്തിയുള്ള പുതിയൊരു സമൂഹ സങ്കല്പമാണ്. 

മുഖ്യമന്ത്രിയുടെയും സിപിഎം സെക്രട്ടറിയുടെ  ചുമതല വഹിക്കുന്ന വ്യക്തിയുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ 21 അംഗ മന്ത്രിസഭയിൽ അംഗത്വം നേടി എന്നത് വെറുമൊരു യാദൃച്ഛികതയായി തള്ളിക്കളയാൻ ചരിത്രബോധമുള്ള ആർക്കും സാധ്യമാവില്ല. കാരണം നേരത്തെയും നേതാക്കൾക്ക് കുടുംബങ്ങളും ബന്ധുക്കളുമുണ്ടായിരുന്നു. അവരിൽ പലരും സ്വന്തം നിലയിൽ പൊതുപ്രവർത്തനം നടത്തിയവരുമായിരുന്നു. എന്നാൽ  ഇത്തരം കാര്യങ്ങളിൽ കർശനമായ ചില വ്യവസ്ഥകൾ നേരത്തെ നടപ്പിലുണ്ടായിരുന്നു. അത്തരം  കാര്യങ്ങളിൽ എന്തുകൊണ്ട് നേരത്തെ സിപിഎം പോലുള്ള ഇടതുപക്ഷ കക്ഷികൾ നിഷ്‌കർഷ പുലർത്തി എന്നതാണ് പ്രധാന വിഷയം. അത്തരം മുൻകരുതലുകൾ ഇത്തവണ  തങ്ങൾക്കു ബാധകമല്ല എന്ന് പോളിറ്റ്ബ്യുറോ മുതൽ സംസ്ഥാന കമ്മിറ്റി വരെയുള്ള നേതൃനിര അണികളോടു വിളിച്ചു പറയുകയാണ്. 

 രണ്ടാമത്തെ പ്രധാന കാര്യം, ഈ പുതിയ മന്ത്രിസഭയുടെ വർഗഘടനയുടെ പ്രശ്നമാണ്. സാധാരണനിലയിൽ സിപിഎം  സമ്മേളനങ്ങളിൽ എല്ലാ പ്രതിനിധികളും പൂരിപ്പിച്ചു നൽകുന്ന ക്രഡൻഷ്യൽ റിപ്പോർട്ടിൽ തങ്ങളുടെ വർഗപരമായ പശ്ചാത്തലം വിശദീകരിക്കാറുണ്ട്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിർബന്ധമായും നിലനിന്നു വരുന്ന ഒരു  സംവിധാനമാണ്. പാർട്ടിയുടെ ആഭ്യന്തരഘടനയിൽ അന്യവർഗ ചിന്താഗതികൾക്കും അവയുടെ പ്രതിനിധികൾക്കും അമിതമായ പ്രാധാന്യം ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യവും അതിൽ അന്തർലീനമാണ്. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികളെ തൊഴിലാളി-കർഷക വിഭാഗങ്ങളടക്കമുള്ള അധ്വാനിക്കുന്ന വർഗങ്ങളുടെ മുന്നണിപോരാളി എന്നാണ്  നിർവചിച്ചിട്ടുള്ളത്. അത്തരം ഒരു  നിർവചനം നിയോലിബറൽ സാമ്പത്തിക-ആശയ  സ്വാധീനം വർധിച്ചുവരുന്ന കാലത്തു വളരെ പ്രധാനവുമാണ്.

എന്നാൽ അതിൽ നിന്നുള്ള വളരെ പ്രകടമായ വ്യതിയാനം പുതിയ മന്ത്രിസഭയുടെ ആഭ്യന്തരഘടനയിൽ വ്യക്തമാണ്. വളരെ ചുരുക്കം വ്യക്തികൾ മാത്രമാണ് ഏതെങ്കിലും നിലയിൽ  അടിസ്ഥാനവർഗ പശ്ചാത്തലം ഉളളവരായി ഈ മന്ത്രിസഭയിൽ ഉള്ളത്. ഒറ്റ നോട്ടത്തിൽ തന്നെ ഇതൊരു  മധ്യവർഗ- ഉപരി മധ്യവർഗ പശ്ചാത്തലമുള്ള വ്യക്തികൾക്ക് ആധിപത്യമുള്ള ഒരു സർക്കാരായി കാണാവുന്നതാണ്. കഴിഞ്ഞ  മന്ത്രിസഭയിൽ പോലും തൊഴിലാളിവർഗ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒന്നിലേറെ അംഗങ്ങൾ സിപിഎമ്മിൽ നിന്നുതന്നെ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തരെയും പടിയിറക്കിയപ്പോൾ അതേ പശ്ചാത്തലമുള്ള മറ്റു നേതാക്കളെ ഉൾകൊള്ളിക്കുന്നതിന്  പകരം ഉപരിമധ്യ വിഭാഗങ്ങളിൽ നിന്നുള്ള പുതു തലമുറ നേതാക്കളെയാണ് പകരക്കാരായി കണ്ടെത്തിയത്. ഇത് ഭാവിയിൽ സിപിഎമ്മിന്റെ തന്നെ  അടിസ്ഥാന രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാൻ പര്യാപ്‌തമായ ഒരു വ്യതിയാനമാണ്. ഇതിൽ തന്നെ പ്രസക്തമായ മറ്റൊരു വിഷയം സ്വത്വവാദികൾ ഉയർത്തുന്ന ഇന്ത്യൻ വർഗഘടനയുടെ സവിശേഷസ്വഭാവമാണ്. ഇവിടെ  ഉന്നതജാതിയും ചൂഷക വർഗ്ഗവും ഒന്നുതന്നെയായിരുന്നു എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടികളിൽ പോലും വലിയ ആശയസമരത്തിനു  കാരണമായ വിഷയമാണ്. എന്നാൽ സ്പീക്കർ അടക്കം പുതിയ ഭരണകൂടത്തിലെ  22  പേരിൽ എട്ടുപേരും എന്തുകൊണ്ട് കേരളത്തിലെ ഒരൊറ്റ വരേണ്യ സമുദായത്തിൽ നിന്ന് മാത്രം എന്ന ചോദ്യം സ്വാഭാവികമായും ഉദിക്കും. മധ്യവർഗ-വരേണ്യ ആശയങ്ങളുടെ  ആധിപത്യം തന്നെയാണ് അത് കാണിക്കുന്നത്.  

മൂന്നാമത്തെ കാര്യം പാർട്ടിയുടെ നിയന്ത്രണം അപ്രത്യക്ഷമാകുകയും അത് ഒരു വ്യക്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന അത്യന്തം  അപകടകരമായ പ്രവണതയാണ്. സ്റ്റാലിനെ സംബന്ധിച്ചു ലെനിൻ തന്റെ അവസാനകാലത്തു തയ്യാറാക്കി കേന്ദ്രകമ്മിറ്റിക്ക് അയച്ച കത്തുകളിൽ വളരെ ഉത്കണ്ഠയോടെ രേഖപ്പെടുത്തിയ ഒരു പ്രതിഭാസമാണ് ഇത്. പക്ഷേ അതിനെ തടയാൻ അന്ന് ലെനിനു പോലും കഴിഞ്ഞില്ല. സോവിയറ്റ് കമ്യൂണിസ്റ്റ്  പാർട്ടിയുടെയും സോവിയറ്റ്  യൂണിയന്റെയും തകർച്ചയിൽ ഇത് നിർണായകമായ  ഒരു പ്രശ്നമായിരുന്നു. പാർട്ടിയുടെ അധീശത്വം അപ്രസക്തമായി; വ്യക്തി  അമിതാധികാരം കൈവരിച്ചു. കേരളത്തിൽ ഇത് ഇപ്പോൾ വളരെ പ്രകടമായി കാണുന്ന ഒരു പ്രവണതയാണ്.അതിനെ ചെറുക്കാൻ ലെനിനു സാധിച്ചില്ല. സീതാറാം  യെച്ചുരിയാകട്ടെ അതിനു ശ്രമിക്കുക പോലും ചെയ്‌തില്ല. ഞാനൊന്നുമറിഞ്ഞില്ലേ  രാമനാരായണാ എന്നാണ് അദ്ദേഹത്തിന്റെ രീതി.

ഈ പ്രവണതകൾ  ഇന്നലെ തുടങ്ങിയതല്ല. പാർട്ടിയുടെ  നേതൃനിരയിലും ആഭ്യന്തരഘടനയിലും അതിന്റെ വർഗഘടനയിലും വന്നുചേർന്ന മാറ്റങ്ങൾ രണ്ടുപതിറ്റാണ്ടിലേറെയായി സാമൂഹിക നിരീക്ഷകരും  രാഷ്ട്രീയ നിരീക്ഷകരും ചുണ്ടിക്കാണിച്ചു വന്നതാണ്. ഒരു  പരിധിവരെ വിഎസ് അച്യുതാനന്ദനും പഴയകാല സിഐടിയു ഗ്രൂപ്പ് എന്നറിയപ്പെടുന്ന നേതൃത്വവും ചൂണ്ടിക്കാണിച്ചതും തിരുത്താൻ ശ്രമിച്ചതും ഇതേ പ്രവണതകൾ തന്നെയായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഒരു  മധ്യവർഗ പാർട്ടിയായി സിപിഎം സ്വയം ബോധപൂർവം പരിവർത്തനം ആർജ്ജിച്ചെടുക്കുകയായിരുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിയാണ് ഇപ്പോൾ കേരളത്തിനു ലഭിച്ചിട്ടുള്ള പുതിയ മന്ത്രിസഭ. എന്നാൽ കേരളത്തിൽ മധ്യവർഗം മാത്രമല്ല ജീവിച്ചിരിക്കുന്നത്. അരികുകളിൽ ആരോരുമില്ലാതെ കഴിയുന്ന ജനങ്ങൾക്കും രാഷ്ട്രീയബോധവും വർഗബോധവുമുണ്ട്. അത് ഒരുപക്ഷേ കൂടുതൽ  വ്യക്തതയോടെ തെളിഞ്ഞുവരാൻ നിലവിലെ ഭരണമാറ്റം സഹായിക്കും എന്നും പ്രതീക്ഷിക്കാവുന്നതാണ്. പിണറായിയും സംഘവും കൈവിട്ട ചെങ്കൊടി ഈ നാട്ടിൽ അനാഥമായിപ്പോകും എന്ന് ആരും ചിന്തിക്കേണ്ടതില്ല.