വിൽപത്രം തിരുത്തിയതായി ആരോപണം; ഗണേഷ് മന്ത്രിസഭയ്ക്ക് പുറത്ത്

തിരുവനന്തപുരം: അന്തരിച്ച കേരളാ കോൺഗ്രസ്സ് നേതാവ് ആർ ബാലകൃഷ്ണപിളളയുടെ  ഒസ്യത്ത് സംബന്ധിച്ച രേഖകൾ തിരുത്തിയതായി ആരോപണം.,മെയ് മൂന്നിനാണ് ബാലകൃഷ്ണപിള്ള അന്തരിച്ചത്. അദ്ദേഹത്തിന്റെ വിൽപത്രത്തിൽ മകൻ കെബി ഗണേഷ് കുമാർ തിരുത്തൽ വരുത്തിയതായി സഹോദരി  ഉഷാ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പോളിറ്റ്ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവരെ കണ്ടു കഴിഞ്ഞ ദിവസം പരാതി പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ഇന്ന് റിപോർട്ട് ചെയ്തു. ആരോപണം ഉയർന്നതോടെയാണ് ഗണേഷ് കുമാറിനെ തത്കാലം മാറ്റിനിർത്താൻ തീരുമാനിച്ചതെന്നു അറിയുന്നു. 

ബാലകൃഷ്ണ പിള്ളയ്ക്ക് കൊട്ടാരക്കരയിലും മറ്റു സ്ഥലങ്ങളിലുമായി വമ്പിച്ച സ്വത്തുക്കളുണ്ട്. അവയുടെ വിഭജനം സംബന്ധിച്ച്   അദ്ദേഹം തയാറാക്കിയ രേഖകളിലാണ് തിരുത്തൽ വരുത്തിയത് എന്നാണ് ആരോപണം. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്തു സരിതാ നായരുമായി ഗണേഷ് കുമാറിന്റെ ബന്ധം സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു.  ഈ സാഹചര്യത്തിൽ കുടുംബത്തിൽ നിന്നുതന്നെ പുതിയ ആരോപണം വന്നതോടെ തൽകാലം ഗണേഷ് കുമാറിനെ മാറ്റി നിർത്താൻ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയിൽ പറയുന്നത് .