കോവിഡ് കാലത്തു 34 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടതായി സിഎംഐഇ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ  ഏപ്രിൽ മുതൽ ഈ ഏപ്രിൽ അവസാനം വരെയുള്ള ഒരു വർഷത്തിൽ സംഘടിത മേഖലയിൽ മാത്രം 34 ലക്ഷം തൊഴിലുകൾ രാജ്യത്തു നഷ്ടമായതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി എന്ന പ്രധാന ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടി.  ഇത് മാസശമ്പളം കിട്ടുന്ന തൊഴിലുകളിൽ വന്ന നഷ്ടത്തിന്റെ കണക്കാണ്. അസംഘടിത മേഖലയിൽ ദിവസക്കൂലി വാങ്ങുന്നവരുടെ തൊഴിൽ  നഷ്ടം ഈ കണക്കിൽ ഉൾപ്പെടുന്നില്ല.

പൊതുവിൽ മധ്യവർഗ്ഗത്തിൽ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ തൊഴിൽനഷ്ടവും അരക്ഷിതാവസ്ഥയും ഇന്ത്യയിലെ സാമ്പത്തിക വികസനത്തിന് വലിയ വിലങ്ങുതടിയായാണ് അനുഭവപ്പെടുന്നതെന്നു സെന്റർ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഉത്പാദനം വർധിക്കുകയുണ്ടായി. എന്നാൽ അതിനു അനുസരിച്ചു  ഉപഭോഗം വർധിച്ചിട്ടില്ല. ഇത് സാമ്പത്തിക പ്രവർത്തനത്തിൽ മാന്ദ്യം ഉണ്ടാക്കുന്നുണ്ട്. ഏപ്രിൽ മുതൽ മെയ് മധ്യം വരെയുള്ള കണക്കുകൾ  വിപണിയിൽ ചരക്കുകളുടെ കൈമാറ്റം കുറയുന്നതായാണ് കാണുന്നത്. റിസർവ് ബാങ്കിലെ സീനിയർ ഉദ്യോഗസ്ഥർ ഇന്നലെ പുറത്തിറക്കിയ ഒരു അവലോകനത്തിലും വിപണിയിലെ ചോദനത്തിന്റെ അഭാവം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യൻ സാമ്പത്തിക രംഗത്ത്  ആശങ്കാജനകമായ നിരവധി പ്രവണതകൾ കഴിഞ്ഞ ആഴ്ചകളിൽ പ്രത്യക്ഷമായിട്ടുണ്ട് .കോവിഡ് രണ്ടാം തരംഗം തൊഴിൽ മേഖലയെ ബാധിച്ചു. മാർച്ചിൽ 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലിൽ എട്ടു ശതമാനത്തിലധികമായി. ഏപ്രിലിലെ തൊഴിൽ ഇടപെടൽ നിരക്കിൽ നിന്നും  മെയ് മധ്യം ആയപ്പോഴേക്കും രണ്ടു ശതമാനം ഇടിവ് കാണുന്നുണ്ട്.  ഇന്ത്യയിലെ വമ്പിച്ച ജനസംഖ്യ കണക്കിലെടുക്കുമ്പോൾ അതിഗുരുതരമായ തൊഴിൽ നഷ്ടമാണ് ഇത് കാണിക്കുന്നത്.

അതേസമയം ഏപ്രിൽ മാസത്തിലെ   മൊത്തവിലസൂചിക 10.5 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. മാർച്ചിൽ 7.4 ശതമാനമായിരുന്നു മൊത്തവിലസൂചികയിലെ വർധന. ഫെബ്രുവരിയിൽ അത് 4.8  ശതമാനവും. രണ്ടുമാസത്തിനിടയിൽ മൊത്തവില സൂചികയിൽ ഇരട്ടിയോളം വർധനയാണ് കാണുന്നത്. ചില്ലറ വിലയിൽ അതിന്റെ ആഘാതം കൂടുതൽ  ഗുരുതരമായിരിക്കും. അടിയന്തിരമായി ജനങ്ങൾക്കിടയിൽ കൂടുതൽ പണലഭ്യത ഉറപ്പ് വരുത്തുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്ക് നേരിട്ടു തൊഴിൽ എടുക്കാൻ സാധ്യമല്ലാത്ത  സാഹചര്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ  നഷ്ടം കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കുകൾ വഴി നേരിട്ടു സഹായം എത്തിക്കുക മാത്രമാണ്  നിലവിലെ പ്രതിസന്ധിക്കു പരിഹാരമെന്നു ദി ഹിന്ദു പത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഡോ.പ്രഭാത്  പട് നായിക് ,ജയതി ഘോഷ്, ഹർഷ് മന്ദർ എന്നിവർ അഭിപ്രായപ്പെട്ടു.