നാരദ കേസ്:മന്ത്രിമാർ ജയിലില്‍; മമതക്ക് പ്രതിഷേധം

കൊൽക്കത്ത : നാരദ ഒളിക്യാമറ ഓപ്പറേഷനിൽ അഞ്ചുവർഷം മുമ്പ് കുടുങ്ങിയ, ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചതോപാധ്യായ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. .നാലുപേരെയും കൊല്‍ക്കത്തയിലെ വസതികളില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. 2016 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നാരദ ടേപ്പുകള്‍ പുറത്തുവന്നത് .അറസ്റ്റിനെ തുടര്‍ന്ന് സിബിഐ കോടതി ജാമ്യം നല്‍കിയെങ്കിലും രാത്രി വൈകി കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് എല്ലാവരെയും റിമാണ്ട് ചെയ്തു..
അറസ്റ്റ് വിവരമറിഞ്ഞു നിസാം പാലസിലെ സിബിഐ ഓഫീസിൽ പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനർജി ആറു മണിക്കൂര്‍ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനും പ്രോസിക്യൂഷന്‍ ആരംഭിക്കാനും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസ്സ് വിശേഷിപ്പിച്ചു. ഒരു എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിയമസഭാ സ്പീക്കറുടെ സമ്മതം വാങ്ങേണ്ടതുണ്ട്. സിബിഐക്കു ഗവര്‍ണറുടെ സമ്മതം മാത്രമേയുള്ളൂവെന്ന് അഭിഭാഷകനും ബംഗാള്‍ സ്പീക്കറുമായ ബിമന്‍ ബന്ദോപാധ്യായ പറഞ്ഞു.”ഇത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി ഇപ്പോള്‍ എംഎല്‍എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യാന്‍ സിബിഐയെ ഉപയോഗിക്കുകയാണ്,”തൃണമൂൽ എംപി സൗഗത റോയ് പറഞ്ഞു.തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളും പ്രതികളാണെങ്കിലും അവരെ ആരെയും സിബിഐ തൊട്ടില്ല.
ഇപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാെണെന്നു ടിഎംസി വക്താവ് കുനാല്‍ ഘോഷ് ചോദിച്ചു. ” മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ മിര്‍സയില്‍നിന്ന് റോയ് പണം വാങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണ്? അദ്ദേഹം പണം സ്വീകരിക്കുന്നതും ടേപ്പുകളില്‍ കണ്ടു. അവര്‍ ബിജെപിയില്‍ ചേരുകയും സംരക്ഷണം നേടുകയും ചെയ്തതിനാലാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിയുടെ പ്രതികാര തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്,” ഘോഷ് പറഞ്ഞു.