കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം മാറിപ്പോയി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കോവിഡ് വാർഡിൽ ഇന്നലെ ബന്ധുക്കൾക്ക് സംസ്‌കാരത്തിന് നൽകിയ മൃതദേഹം മാറിപ്പോയതായി പരാതി. ഇന്നലെ മരിച്ച കുന്നമംഗലം സ്വദേശിയായ പുരുഷന്റെ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശിനിയായ സ്ത്രീയുടെ മൃതദേഹമാണ്. കുന്നമംഗലം കളരിക്കണ്ടിയിലെ ശ്മശാനത്തിൽ ചിതയൊരുക്കി സംസ്കാരം നടത്തിയ ശേഷമാണ് വിവരം ശ്രദ്ധയിൽ പെടുന്നത്.
കക്കോടി സ്വദേശിനിയായ സ്ത്രീയുടെ ബന്ധുക്കൾ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ മൃതദേഹം എത്തുന്നത് കാത്തു രാവിലെ മുതൽ എത്തിയിരുന്നു. എന്നാൽ ദേഹം എത്താൻ വൈകുമെന്നാണ് അവരെ അറിയിച്ചത്. വൈകിട്ട് വീണ്ടും ആശുപത്രിയിൽ അന്വേഷിച്ചപ്പോളാണ് മൃതദേഹം നേരത്തെ തന്നെ സംസ്കാരത്തിനായി ആംബുലൻസിൽ അയച്ചതായി വ്യക്തമായത്. അതോടെയാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. അതിനിടയിൽ സംസ്‌കാരം നടന്നു കഴിഞ്ഞിരുന്നു. അതേസമയം കുന്നമംഗലം സ്വദേശിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടുമില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി അത് ഇന്ന് ബന്ധപ്പെട്ടവർക്ക് നൽകുമെന്നാണ് അറിയുന്നത്.
വിഷയത്തിൽ പോലീസും മെഡിക്കൽ കോളജ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കോവിഡ് കേസുകളുടെ അസാമാന്യമായ വർധനയും മൃതദേഹങ്ങൾ അടയാളപ്പെടുത്തിയതിലെ അപാകതയുമാണ് പ്രശ്നത്തിനു കാരണമെന്ന് അറിയുന്നു. ഇത് ഗുരുതരമായ പിഴവാണെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ നൽകണമെന്നും കോഴിക്കോട് എംപി എം കെ രാഘവൻ ആവശ്യപ്പെട്ടു.