വ്യാപകമായ കാറ്റും മഴയും;ഗുരുതരമായ കെടുതി
കോഴിക്കോട്: കനത്ത മഴയും ചുഴലിക്കാറ്റും വടക്കൻ മേഖലയിലേക്കു പ്രവേശിച്ചതോടെ മലബാർ പ്രദേശത്ത് വ്യാപകമായ കെടുതികൾ. വെള്ളിയാഴ്ച മുതൽ ആരംഭിച്ച മഴയും കാറ്റും ശനിയും ഞായറും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചരിക്കുന്നത്. കടൽ ക്ഷോഭവും കൃഷിനാശവും വ്യാപകമാണ്. എറണാകുളത്തു ചെല്ലാനത്തും കോഴിക്കോട്ടു മുക്കത്തുമായി രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ച മലബാർ ജില്ലകളിൽ ഇന്നലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. പലേടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മരം കടപുഴകി വീണും വെള്ളക്കെട്ട് കാരണവും പാതകളിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ദേശീയ ദുരന്ത നിവാരണസേനയും ജില്ലകളിലെ സർക്കാർ അധികൃതരും ദുരിതാശ്വാസ പ്രവർത്തനത്തിനു രംഗത്തുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും സജീവമായി രംഗത്തുണ്ട്. വടകരയിൽ കടലാക്രമണം സംഭവിച്ച പ്രദേശങ്ങളിൽ നിയുക്ത എംഎൽഎ കെ കെ രമ ഇന്നലെ സന്ദർശിച്ചു.
കോഴിക്കോട്ട് തോപ്പയിൽ പ്രദേശത്തു കടലാക്രമണം കാരണം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇന്നലെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ മഴയുടെ ആധിക്യം കാരണം വീടുകൾ മുങ്ങുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുണ്ട് . കോവിഡ് രോഗവ്യാപനം അതിനിടയിൽ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ഇന്നലെ തോപ്പയിൽ ഭാഗത്തു കോവിഡ് പരിശോധനയിൽ നാല്പതോളം പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. അവരെ പ്രത്യേക കേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ രോഗബാധ തടയാനുള്ള കരുതൽ നടപടികൾ എടുത്തതായി ജില്ലാ അധികൃതർ അറിയിച്ചു.
കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. അധികൃതർ അത് കർശനമായി വിലക്കിയിട്ടുണ്ട്. വ്യാഴാഴ്‌ച പെരുന്നാൾ സമയത്തു മൽസ്യബന്ധനം നിർത്തിയശേഷം മിക്ക കുടുംബങ്ങൾക്കും വരുമാനം ഇല്ലാത്ത അവസ്ഥയാണെന്ന് കടലോര പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കൃഷിനാശം കാരണമുള്ള നാശനഷ്ടങ്ങളുടെ കണക്ക് പൂർണമായി ലഭ്യമായിട്ടില്ല. വേനൽകൃഷിയായി സാധാരണ പതിവുള്ള വാഴയും മറ്റുമാണ് പ്രധാനമായി നശിച്ചിട്ടുളളത്. മിക്ക വടക്കൻ ജില്ലകളിലും കൃഷിനാശം വ്യാപകമാണെന്ന് ദൃശ്യമാധ്യമങ്ങൾ പറയുന്നു.