ചെറിയ പെരുന്നാൾ വീണ്ടും;വ്യാപാരം പേരിനുപോലുമില്ലാതെ അങ്ങാടി
കോഴിക്കോട്: കഴിഞ്ഞ വർഷം അടച്ചിടൽ കാലത്താണ് പരിശുദ്ധ റംസാൻ മാസം വന്നത്. മുപ്പതുദിവസം നീണ്ട വ്രതാനുഷ്ടാനത്തിനു ശേഷം ശവ്വാൽ മാസപ്പിറവിയിൽ കേരളത്തിലെ മുസ്‌ലിംകൾ ചെറിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ ഫിത്ർ ആഘോഷിച്ചതും പ്രയാസങ്ങളുടെ നടുവിലായിരുന്നു. സാധാരണ പതിവുള്ള ബീച്ചിലെ വിശാലമായ മണൽപ്പരപ്പിലെ ഈദ് ഗാഹ് പോലും ഉപേക്ഷിക്കേണ്ടിവന്നു.
ഇത്തവണ മെയ് 13നു വീണ്ടും ഒരു പെരുന്നാൾ കൂടി വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മോശമായിരിക്കുകയാണ്. കോവിഡ് അടച്ചിടൽ വീണ്ടും വന്നു. നഗരത്തിലെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുന്നു. കോവിഡ് ബാധിതർ കഴിഞ്ഞ തവണ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രതിഭാസമായിരുന്നു. ഇത്തവണ ഗ്രാമങ്ങളിൽ രോഗം അഴിഞ്ഞാടുകയാണ്. മരണനിരക്കും വർധിച്ചിരിക്കുന്നു. ഇത്തവണയും ഈദ്ഗാഹോ പള്ളികളിൽ സംഘടിതമായ പെരുന്നാൾ നമസ്‌കാരമോ ഉണ്ടാവുകയില്ലെന്നും വിശ്വാസികൾ വീടുകളിൽ നമസ്‌കാരം നിർവഹിക്കണം എന്നും കോഴിക്കോട് ഖാസിയും വിവിധ മുസ്ലിംസമുദായ നേതാക്കളും അറിയിച്ചു.
സാധാരണ നിലയിൽ വിഷുവും പെരുന്നാളും അടുത്തടുത്തു വരുന്ന വർഷങ്ങളിൽ കോഴിക്കോട്ടെ വ്യാപാരം കുതിച്ചുയരുന്നതാണ് പതിവ്. നഗരത്തിലെ തെരുവുകൾ ജനത്തിരക്കിൽ ശ്വാസം മുട്ടും. കടകളിൽ നിന്നു തിരിയാൻ പറ്റാത്ത വിധമുള്ള തിരക്ക്. ഗ്രാമങ്ങളിൽ നിന്നും മലപ്പുറം, വയനാട് പോലുള്ള സമീപജില്ലകളിൽ നിന്നും ആളുകൾ കോഴിക്കോട് അങ്ങാടിയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ വർഷം ആ പതിവിനു മാറ്റം വന്നു. അതിനുമുമ്പത്തെ വർഷം കോഴിക്കോട് ജില്ലയെ ബാധിച്ച നിപ്പാ വൈറസ് കാരണം വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. ഇത്തവണയും മാരകരോഗത്തിന്റെ പിടിയിൽ കച്ചവടം തകർന്നടിഞ്ഞു. സാധാരണനിലയിൽ 3000-4000 കോടി രൂപയുടെ വ്യാപാരം നടക്കുന്ന സീസണാണിത്. എന്നാൽ അതിന്റെ നാലിലൊന്നു പോലും വ്യാപാരം ഇപ്പോൾ നടക്കുന്നില്ല. സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ കോഴിക്കോടിന്റെ വ്യാപാരപ്രൗഡി ഇങ്ങിനി വരാത്തവിധം മാഞ്ഞുപോകുമെന്നു വ്യാപാരികൾ ഭയക്കുന്നു. ഒരുകാലത്തു ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദമായിരുന്ന കല്ലായിയുടെ തകർച്ച ഒരു സമീപലകാല ചരിത്ര യാഥാർഥ്യമായി മുന്നിൽ നിൽക്കുകയും ചെയ്യുന്നു .