കേരളത്തിൽ പ്രതിപക്ഷം ഇനി എന്ത് നിലപാടെടുക്കണം?

എന്‍ പി ചെക്കുട്ടി

കോഴിക്കോട്: മെയ് രണ്ടിന് വോട്ടെണ്ണിയപ്പോൾ സംസ്ഥാനത്തു പ്രതിപക്ഷത്തെ കോൺഗ്രസ്സും ലീഗും ബിജെപിയും  ഒരേപോലെ പ്രതിസന്ധിയിലേക്കു വീഴുന്ന ജനവിധിയാണ് പുറത്തുവന്നത്. ഈ മൂന്നു കക്ഷികളുടെയും സീറ്റുകളിൽ മാത്രമല്ല ഇടിവുണ്ടായത്; ജനപിന്തുണയിലും മിക്ക  പ്രതിപക്ഷകക്ഷികൾക്കും പരിക്കേറ്റതായാണ് കാണാൻ കഴിയുന്നത്.

കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള ജനപിന്തുണയിൽ വളരെ ചെറിയ മാർജിൻ മാത്രമേയുള്ളു എന്നത് പാർട്ടിക്കു ആശ്വാസം നൽകുന്ന കാര്യമല്ല.  വോട്ടു ശതമാനത്തിൽ എൽഡിഎഫ് മുഖ്യപ്രതിപക്ഷ സഖ്യത്തെക്കാൾ നാലു ശതമാനതിലധികം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ നേടിയ ജനപിന്തുണയേക്കാൾ ഇത്തവണ എൽഡിഎഫ് രണ്ടു ശതമാനം  അധികം നേടിയിട്ടുണ്ട്. സാമൂഹിക വിഭാഗങ്ങളിൽ ഹിന്ദു മേൽജാതി വിഭാഗങ്ങൾ ഒഴിച്ച് ന്യൂനപക്ഷങ്ങൾ അടക്കം വിവിധ വിഭാഗങ്ങളിലേക്ക് എൽഡിഎഫ് പിന്തുണ വ്യാപകമാക്കിയിട്ടുണ്ട്. യുവജനങ്ങളും സ്ത്രീകളും  സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ ഇത്തവണ എൽഡിഎഫിന് ശക്തമായ പിൻതുണ നൽകിയതായി സിഎസ് ഡി എസ്-ലോക് നീതി സർവേ ചൂണ്ടിക്കാട്ടുന്നു. അതായതു ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിന്റെ ദീർഘകാല രാഷ്ട്രീയ-നയസമീപനങ്ങളുടെ വിജയമായി കാണുകയാണ് യാഥാർഥ്യബോധമുള്ളവർ ചെയ്യേണ്ടത്. 

എൽഡിഎഫ് നേടിയെടുത്ത മേൽകൈ താത്കാലികമല്ല. അത് സമീപകാലങ്ങളിൽ സിപിഎം നേതൃത്വത്തിൽ അവർ അനുവർത്തിച്ചു വരുന്ന മധ്യവർഗ കേന്ദ്രീകൃത സമീപനങ്ങളുടെ വിജയമാണ്. കേരളത്തിൽ ഇന്ന് മുഖ്യ ശക്തി മധ്യവർഗ്ഗമാണ് എന്നും അവരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ചുള്ള സാമ്പത്തിക-സാമൂഹിക നയങ്ങളാണ് വിജയത്തിനു അനിവാര്യമെന്നും പ്രമുഖ സിപിഎം ചിന്തകൻ ഡോ. ടി എം തോമസ് ഐസക് നേരത്തെ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. അത്തരം ഒരു ലോകവീക്ഷണത്തിനു അനുസൃതമായ നയങ്ങളും അജണ്ടയുമാണ് എൽഡിഎഫ് മുന്നോട്ടുവെച്ചത്. അത് കൃത്യമായി പറഞ്ഞാൽ ഒരു നിയോ ലിബറൽ അജണ്ടയാണ്. അതിൻ്റെ ഗുണവും ദോഷവും ലോകത്ത് മറ്റു രാജ്യങ്ങളിൽ കണ്ടപോലെ ഇവിടെയും പ്രത്യക്ഷമായി വരും. അനിയന്ത്രിതമായ വികസനത്വര സമൂഹത്തെ കടക്കെണിയിൽ എത്തിക്കും എന്നുറപ്പ്.

അതേസമയം, ഇതിൻ്റെ ഫലമായി വരുന്ന ഒരു സാമൂഹികമാറ്റം, നേരത്തെ കോൺഗ്രസ്സ് പ്രാമുഖ്യം  നല്കിയ സാമൂഹിക വിഭാഗങ്ങളുടെ ഐക്യം ഇന്ന് സിപിഎം അജണ്ടയായി മാറിയിരിക്കുന്നു എന്നതാണ്. മറുഭാഗത്ത്, സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ വർഗപരമായ പ്രാതിനിധ്യം വഹിക്കുന്ന പാർട്ടി എന്ന നിലയിൽ നിന്നും സിപിഎം രൂപാന്തരം പ്രാപിക്കുകയുമാണ്. വർഗ്ഗരാഷ്‌ടീയത്തിൽ നിന്ന്  ബൂർഷ്വാ രാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുമാറ്റം എന്ന് വേണമെങ്കിൽ പറയാം. പക്ഷേ അതു തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തൽകാലം അജയ്യമായ ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നുമുണ്ട്. മദ്രസാങ്കണങ്ങളിലും അരമനമുറ്റത്തും  കറങ്ങിത്തിരിഞ്ഞ യുഡിഎഫ് നേതാക്കളെ പണ്ട് കളിയാക്കിയ സിപിഎം നേതാക്കൾ ഇത്തവണ അതേ അങ്കം തന്നെയാണ് പയറ്റിയത്. മലബാറിൽ ഇസ്ലാമിക നേതാക്കളെയും മധ്യകേരളത്തിൽ  ക്രൈസ്തവ നേതാക്കളെയും കണ്ട്‌ കൂടിക്കാഴ്ച നടത്താൻ പിണറായിയും യുഡിഎഫ് നേതാക്കളും തമ്മിൽ മത്സരമായിരുന്നു. ആലപ്പുഴയിൽ പിന്തുണ തേടി തോമസ് ഐസക്ക് ഹിന്ദുത്വ നേതാവിന്റെ അടുക്കളയിൽ വരെ കേറിയിറങ്ങി.

സിപിഎമ്മിന്റെ ഈ ചുവടുമാറ്റം ഒരു  വെല്ലുവിളിയാണ് കോൺഗ്രസ്സിന്; അതേസമയം അതൊരു വലിയ സാധ്യതയും ഉയർത്തുന്നുണ്ട്‌. കേരളത്തിൽ സിപിഎം ചെങ്കൊടി യുടെ  രാഷ്ട്രീയം ഉപേക്ഷിക്കു കയാണ്. പിണറായി വിജയൻ രണ്ടാം ഭരണം പൂർത്തിയാക്കുമ്പോൾ ഈ വർഗപരമായ രൂപാന്തരം സിപിഎമ്മിൽ പൂർത്തിയാകും. പഴയ കോൺഗ്രസ്സും പുതിയ സിപിഎമ്മും ഒരേ വർഗ-സാമ്പത്തിക-സാമൂഹിക താത്പര്യങ്ങളുടെ പ്രാതിനിധ്യം വഹിക്കും.   

എഴുപതുകളിൽ യൂറോ കമ്മ്യൂണിസം എന്നപേരിൽ പശ്ചിമ യൂറോപ്പിൽ അരങ്ങേറിയ പ്രതിഭാസം ഓർമിക്കുക. അന്ന് ഫ്രാൻസ്, ഇറ്റലി  തുടങ്ങിയ മിക്ക രാജ്യങ്ങളിലും ശക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. തങ്ങളുടെ വർഗ്ഗപരവും രാഷ്‌ടീയവുമായ നിലപാടുകളിൽ വരുത്തിയ മാറ്റം അവയെ മാറുന്ന കാലത്തിനനുസരിച്ചു മാറാനും സമൂഹമധ്യത്തിൽ സജീവമായി നിലനിൽക്കാനും സഹായിച്ചില്ല. അവ യൂറോപ്യൻ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായി. 1840കൾ മുതൽ നിലനിന്ന, അതായതു മാർക്‌സും എംഗൽസുമടക്കം നേതൃത്വം നൽകിയ, മഹാപ്രസ്ഥാനങ്ങളാണ് അതോടെ ചരിത്രത്തിൽ നിന്നും തിരസ്‌കൃതമായത്.

 ആരാണ് അവയുടെ സ്ഥാനം ഏറ്റെടുത്തത് ? പല രാജ്യങ്ങളിലും തീവ്രവർഗീയ, തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാണ് സമൂഹത്തെ കീഴടക്കിയത്. യൂറോപ്യൻ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ  ഫ്രാൻസിലും ഇറ്റലിയിലും ഹങ്കറിയിലും  ജർമനി യിലും ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നു. തീവ്ര വലതുപക്ഷ ശക്തികളുടെ ഒരു മുന്നേറ്റമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പശ്ചിമയൂറോപ്പിന്റെയും അമേരിക്കയുടെയും ചരിത്രം നൽകുന്ന പാഠം. ഇത് നമുക്കൊരു മുന്നറിയിപ്പ് ആകേണ്ടതാണ്.

നമ്മുടെ ജനാധിപത്യ സങ്കല്പങ്ങളും പാശ്ചാത്യ ആശയങ്ങളിൽ നിന്നും മാതൃകകളിൽ നിന്നും വന്നതാണ്. നമ്മുടെ മാർക്സിസവും വന്നത് അതേ വഴിയിലൂടെയാണ്. ഇപ്പോൾ ഇന്ത്യയിൽ ഇടത് പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ സിപിഎം ഇല്ല എന്നതാണ് യാഥാർത്ഥ്യം. ബിഹാറിലെ സി പി എം എൽ (ലിബറേഷൻ) പോലുള്ള പ്രസ്ഥനങ്ങളാണ് കൂടുതൽ പ്രസക്തമായ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെക്കുന്നത്. 

ചുരുക്കം ഇതാണ്. സിപിഎം ചെങ്കൊടിയെ ഉപേക്ഷിച്ചാലും അതിൻ്റെ പ്രസക്തി നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായി മാറുമോ? സാമൂഹികമായ പീഡനങ്ങൾ, സാമ്പത്തികമായ ചൂഷണം അതെല്ലാം മായികമായി ഇരുട്ടിൽ മറയുമോ? കണ്ണടച്ചാൽ നാട്ടിൽ എങ്ങും ഇരുട്ട് പരക്കുമോ? 

അതിനാൽ കോൺഗ്രസ്സ് അടക്കമുള്ള ജനാധിപത്യശക്തികൾ ദേശീയ സമരകാലത്ത് തങ്ങൾ മുന്നോട്ടുവെച്ച  രാഷ്ട്രീയം തിരിച്ചറിയുകയും അതിനെ ചെത്തി കൂർപ്പിക്കുകയുമാണ് ഇന്നു അനിവാര്യമായ കാര്യം. കോൺഗ്രസ്സ് തങ്ങളുടെ ചരിത്രപരമായ പ്രസക്തി തിരിച്ചറിയണം. സ്വന്തം പാരമ്പര്യങ്ങളെ പാർട്ടി തിരിച്ചു പിടിക്കണം. വികസനത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ തകർന്നു പോകുന്ന സാധാരണ ജനങ്ങളെ അവർ തങ്ങളുടെ അജണ്ടയുടെ മുഖ്യ ഭാഗമാക്കണം. അതിനായി യുഡിഎഫ് കാര്യമായ ഒരു അഴിച്ചുപണിക്ക് തയ്യാറാവണം. ബിജെപി മുതൽ തീവ്രവർഗീയ പ്രസ്ഥാനങ്ങൾ വരെ കേരളത്തിലെ പുതിയ അന്തരീക്ഷത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കും. അതിനെ തടയിടാൻ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ബദൽ കെട്ടിപ്പടുക്കൽ മാത്രമാണ് ഒരേയൊരു പോംവഴി. നവലിബറൽ നയങ്ങളുടെ പിന്നാലെയുള്ള പരക്കംപാച്ചിൽ ബിജെപിയെ എത്തിച്ച പ്രതിസന്ധി  കർഷക പ്രക്ഷോഭങ്ങളുടെ രൂപത്തിലാണ് പുറത്തുവന്നത്.കേരളത്തിൽ  ഇന്നത് പാറമട മാഫിയക്കെതിരെയുള്ള ജനകീയസമരങ്ങളുടെ രൂപത്തിലാണ്. കോർപ്പറേറ്റ്  കൃഷി അംബാനിയുടെ അജണ്ടയെങ്കിൽ ഭൂമിയെ ആകെ മാന്തിക്കീറുന്ന ക്വാറികൾ അദാനിയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമാണ്.അതിന്റെ പങ്കു പറ്റുന്നത് ആരെന്നു നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അറിയുകയും ചെയ്യാം. ഇത്തവണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പുഴപോലെ ഒഴികിയതും ഇതേപണം തന്നെയാണ് എന്നും ഓർമിക്കുക.പക്ഷേ അത്തരം പളപളപ്പിനും പണക്കൊഴുപ്പിനും ഒരു അന്ത്യമുണ്ട് ;ജനങ്ങൾ അതിനപ്പുറമുള്ള കാലത്തും അതിജീവിക്കാൻ പ്രതിജ്ഞാബദ്ധരുമാണ്. ജനങ്ങളുടെ   രാഷ്ട്രീയപാർട്ടികൾ ആ സത്യം നിരന്തരം ഓർമിച്ചു കൊണ്ടിരിക്കണം.