കോവിഡ് രോഗികളെ ബാധിക്കുന്ന ഫംഗസ് മാരകം; ഇന്ത്യയിൽ കേസുകൾ വർധിക്കുന്നു
മുംബൈ: കോവിഡ് രോഗികളെയും രോഗമുക്തരായവയേയും ബാധിക്കുന്ന മ്യുകോർമൈക്കോസിസ് എന്ന ഫംഗസ് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉയർത്തുന്നത് . മൂക്കിലും കണ്ണിലും ബാധിക്കുന്ന ഈ ഫംഗസ് രോഗികളെ അന്ധരാക്കാൻ ശേഷിയുള്ളതാണ്. അത് തലച്ചോറിലേക്ക് ബാധിച്ചാൽ മരണം സുനിശ്ചിതവുമാണ്.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഫംഗസ് ബാധയുടെ വ്യാപനം പല നഗരങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതായി വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. പ്രമേഹ ബാധയുള്ളവരിൽ കോവിഡ് വരുന്ന കേസുകളിലാണ് ഈ ഫംഗസിന്റെ ഉപദ്രവവും കാണുന്നത്. അതിനു ഒരു കാരണം ഇത്തരം രോഗികളിൽ ചികിത്സയുടെ ഭാഗമായി പ്രയോഗിക്കുന്ന സ്റ്റീറോയിഡുകളുടെ പാർശ്വഫലമാണെന്നു പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. മുംബൈ, ബംഗളുരു തുടങ്ങിയ നഗരങ്ങളിലെ പല പ്രധാന ആശുപത്രികളിലെയും ഡോക്ടർമാർ ഈ ഫംഗസ് ബാധ സംബന്ധിച്ചു റിപ്പോർട്ട് നൽകിയതായി ഇന്നലെ ബിബിസി വാർത്തയിൽ പറഞ്ഞു.
സാധാരണനിലയിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഒരു ഫംഗസ് ബാധയാണ് മ്യുകോർമൈകോസിസ് എന്നറിയപ്പെടുന്നത്. മണ്ണിലും ചെടികളിലും ചീഞ്ഞ പഴങ്ങളിലും മറ്റുമാണ് ഈ ഫംഗസ് കാണുന്നത്. അത് മനുഷ്യരെ ബാധിച്ചാൽ കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെടുന്നതായാണ് അനുഭവം. രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന സാഹചര്യത്തിലാണ് ഈ ഫംഗസ് ബാധ ഉണ്ടാവുന്നത്. അതിനാൽ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കൽ രോഗത്തെ ചെറുക്കാൻ നിർബന്ധമാണ്. പക്ഷേ കോവിഡ് വൈറസിനെ ചെറുക്കാൻ സ്റ്റിറോയിഡ് ഉപയോഗിക്കുമ്പോൾ ബ്ലഡ് ഷുഗർ കുതിച്ചുയരുന്നു. അത് രോഗപ്രതിരോധ ശേഷിയെ തകർക്കുന്നു. ഇതാണ് ഗുരുതരമായ ഫംഗസ് ഭീഷണിക്കു കാരണമെന്നു ഡോക്ടർമാർ പറയുന്നു. കണ്ണിനെ ബാധിച്ചാൽ കണ്ണ് നീക്കം ചെയ്യുക മാത്രമാണ് മാർഗമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.