മ്യാൻമർ ആഭ്യന്തര യുദ്ധത്തിലേക്ക് ;ജനകീയ സർക്കാർ സൈനിക വിഭാഗം രൂപീകരിച്ചു
മ്യാൻമാർ സേനയുമായി നേരത്തെ തന്നെ ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ട കാരൻ, കാച്ചിൻ വിഭാഗങ്ങൾക്ക് കിഴക്കൻ ബർമ, ഉത്തര ബർമാ പ്രദേശങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. നേരത്തെ തന്നെ സൈന്യവുമായി സംഘർഷങ്ങളിൽ ഏർപ്പെടുന്ന ഈ വിഭാഗങ്ങൾക്കു സ്വന്തമായ സൈനിക സന്നാഹവുമുണ്ട്. ഫെബ്രുവരി ഒന്നിന് പട്ടാളം ജനകീയ ഭരണാധികാരികളെ തടവിലാക്കി ഭരണം പിടിച്ചശേഷം തെരുവുകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു. മുന്നൂറിൽ അധികം ആളുകളെ സൈന്യം ഇതിനകം കൊന്നിട്ടുണ്ട്. തുടർന്നാണ് വിവിധ തലങ്ങളിൽ സർക്കാരിനെതിരെ സായുധ പ്രതിരോധം രൂപപ്പെട്ടു വന്നത്.
മ്യാൻമറിലെ ജനകീയ പ്രക്ഷോഭത്തെ നയിക്കുന്ന ദേശീയ വിമോചന സർക്കാർ രഹസ്യമായാണ് പ്രവർത്തിക്കുന്നത്. നേരത്തെ അധികാരത്തിലിരുന്ന സർക്കാരിലെ അറസ്റ്റിൽ ആവാതെ രക്ഷപ്പെട്ട പല പ്രമുഖരും ജനകീയ വിമോചന സർക്കാരിൽ പ്രവർത്തിക്കുന്നു. ഈ സർക്കാർ മ്യാൻമർ സൈനിക ഭരണത്തെ ചെറുക്കാൻ ഒരു ഫെഡറൽ യൂണിയൻ ആർമിക്ക് രൂപം കൊടുത്തിട്ടുണ്ട്. കാരൻ, കാച്ചിൻ സേനാവിഭാഗങ്ങൾ അവരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.