ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് നേട്ടമായി എന്ന് സിഎസ് ഡിഎസ് സർവേ

കോഴിക്കോട്: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും നായർ ഒഴികെയുള്ള പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളുടെ ഏകീകരണവും എൽഡിഎഫിന് വമ്പിച്ച നേട്ടമുണ്ടാക്കി എന്ന് ഡൽഹിയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ് ഡിഎ സ്) എന്ന പ്രമുഖ ചിന്താസ്ഥാപനവും ലോക് നീതി എന്ന സന്നദ്ധ സംഘടനയും ചേർന്ന് നടത്തിയ ദേശീയസർവേയിൽ വിലയിരുത്തുന്നു. ഇന്ത്യയിലെ  പാർലമെൻറ്, നിയമസഭാ തെരഞ്ഞെടുപ്പികൾ കൃത്യമായി നിരീക്ഷിക്കുന്ന സംവിധാനമാണിത്. ദി ഹിന്ദുവാണ് സർവേയുടെ   വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിൽ 2016ൽ മുസ്ലിംകളിൽ 58 ശതമാനം യൂഡിഎഫിനാണ് വോട്ടു ചെയ്തത്. ഇത്തവണയും മുസ്ലിം സമൂഹത്തിൽ അതേ വോട്ടുനില യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. അതേസമയം എൽഡിഎഫിന് 2016ൽ കിട്ടിയ 35 ശതമാനം മുസ്ലിം വോട്ടു ഇത്തവണ 39 ശതമാനമായി വർധിച്ചു. മലബാറിന് പുറത്തു മുസ്ലിം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു എന്നതാണ് അതിനു കാരണം. കഴിഞ്ഞ തവണ മുസ്ലിം വോട്ടർമാരിൽ മൂന്നു ശതമാനം  എൻഡിഎയക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു. എന്നാൽ അതിൽ ഭൂരിപക്ഷവും ഇത്തവണ നിലപാട് മാറ്റി. എൻഡിഎ സഖ്യത്തിന് ഇത്തവണ കിട്ടിയ മുസ്ലിം വോട്ടുകൾ ഒരു ശതമാനം മാത്രമാണ്.

ക്രിസ്ത്യൻ വോട്ടർമാർക്കിടയിലും സമാനമായ മാറ്റങ്ങൾ കാണാനുണ്ട്. കഴിഞ്ഞ തവണ അവരിൽ 51 ശതമാനം യുഡിഎഫിനെ അനുകൂലിച്ചു. ഇത്തവണ അതിൽ വർധനയുണ്ടായി-യൂഡിഎഫിനുള്ള ക്രിസ്ത്യൻ പിന്തുണ 57 ശതമാനമാണ്. എന്നാൽ സമാനമായി എൽഡിഎഫിനുള്ള പിന്തുണയും വർധിച്ചു– 35 ശതമാനത്തിൽ നിന്ന് 39 ശതമാനത്തിലേക്ക്. ബിജെപി  സഖ്യത്തിന് കഴിഞ്ഞ തവണ 10 ശതമാനം ക്രിസ്ത്യൻ വോട്ടു കിട്ടിയത് ഇത്തവണ രണ്ടു ശതമാനമായി കുറഞ്ഞു. 

അതേപോലെ ഈഴവ വോട്ടുകളിൽ എൽഡിഎഫിന് അനുകൂലമായി കേന്ദ്രീകരണം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 27 ശതമാനം ഈഴവർ യുഡിഎഫിന് പിന്തുണ നൽകി. അത് ഇത്തവണ 21 ശതമാനമായി കുറഞ്ഞു. മറുഭാഗത്തു 2016ൽ എൽഡിഎഫിന് 49 ശതമാനം ഈഴവ വോട്ടു കിട്ടിയത് ഇത്തവണ 53 ശതമാനമായി വർധിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണ ഈ വിഭാഗത്തിൽ നിന്ന് കിട്ടിയ 18 ശതമാനം പിന്തുണ ഇത്തവണ 23 ശതമാനം ആയി വർധിച്ചിട്ടുണ്ട്. മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളിലും സമാനമായ മാറ്റങ്ങളുണ്ട്.

നായർ സമുദായ വോട്ടുകൾ  വ്യത്യസ്തമായ ചിത്രമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ തവണ അവരിൽ 20 ശതമാനം യുഡിഎഫിനെ പിന്തുണച്ചത് ഇത്തവണ 38 ശതമാനമായി കുതിച്ചുയർന്നു. എൽഡിഎഫിന്  നൽകിയ പിന്തുണ 45 ശതമാനത്തിൽ നിന്ന് 32 ശതമാനമായി കുറയുകയും ചെയ്തു. ബിജെപി സഖ്യത്തിന് 2016ൽ 33 ശതമാനം നായർ സമുദായ പിന്തുണ ലഭിച്ചത് ഇത്തവണ ആറു  ശതമാനം ഇടിഞ്ഞു 27 ശതമാനമായി മാറി എന്നാണ് സർവേ പറയുന്നത്.  പ്രബല സമുദായങ്ങളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും  സംഭവിച്ച പിന്തുണയുടെ ഇടിവാണ് ഇത്തവണ അവരുടെ വോട്ടുനിലയിൽ കാണുന്ന ഇടിവിനു കാരണമായത് .എൻഡിഎ സഖ്യം 2016ൽ 14.62 ശതമാനം വോട്ടു നേടിയത് ഈ വർഷം 12.40 ശതമാനമായി കുറഞ്ഞു.