തെരഞ്ഞെടുപ്പ് പരാജയം; ലീഗിനേറ്റ തിരിച്ചടി ഗുരുതരം

പ്രത്യേക ലേഖകന്‍

കോഴിക്കോട് : 2016ൽ എൽഡിഎഫ് വമ്പിച്ച വിജയം കരസ്ഥമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും യുഡിഎഫിൽ സ്വന്തം പാളയം സുശക്തമായി കാത്തുസൂക്ഷിച്ച മുസ്ലിംലീഗ് ഇത്തവണ നേരിട്ട തിരിച്ചടി അതീവ ഗുരുതരം. കേരളത്തിൽ തെക്കൻ ജില്ലകളിൽ ലീഗ് പൂർണമായും നാമാവശേഷമായി. മലബാറിൽത്തന്നെ പാർട്ടിയുടെ ഏറ്റവും സുശക്തമായ കോട്ടകളിൽ പോലും വിള്ളൽ വീണുകഴിഞ്ഞു. മുസ്ലിം ജനസാമാന്യം കൂടുതലായി സിപിഎം പക്ഷത്തേക്ക് ആകര്ഷിക്കപ്പെടുകയാണ് എന്ന് 2021 നിയമസഭാഫലങ്ങൾ വ്യക്തമാക്കുന്നു.

അഞ്ചുവർഷം മുമ്പ് 24 സീറ്റിൽ മത്സരിച്ചു 18 സീറ്റിൽ വിജയിച്ച പാർട്ടിയാണ് ലീഗ്. മലബാറിന് പുറത്തു കളമശ്ശേരിയിലടക്കം പാർട്ടി വിജയം നേടി. ഇത്തവണ  27 സീറ്റിൽ മത്സരിച്ചു 15 സീറ്റ് മാത്രമാണ് ലീഗ് നേടിയത്. സീനിയർ നേതാവ് എം കെ എം,മുനീർ മത്സരിച്ച കൊടുവള്ളിയിൽ പോലും വളരെ കഷ്ടിച്ചു കടന്നുകൂടുകയാണ് ചെയ്‍തത്. മലപ്പുറം ജില്ലയിൽ താനൂർ അടക്കമുള്ള സീറ്റുകളിലെ പരാജയവും ഗുരുതരമായ ചോദ്യങ്ങൾ  ഉയർത്തുന്നു. സിറ്റിംഗ് സീറ്റുകളിൽ കോഴിക്കോട് സൗത്ത്,  കുറ്റിയാടി, കണ്ണൂരിലെ അഴിക്കോട്  തുടങ്ങിയ മണ്ഡലങ്ങളിലെ പരാജയം കനത്തതാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ രണ്ടുലക്ഷം വോട്ടിന്റെ ലീഡ് കുഞ്ഞാലിക്കുട്ടി നേടിയതാണ്. അദ്ദേഹം രാജിവെച്ചു വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനിക്കു കിട്ടിയത് ഒരുലക്ഷം. അതായത് ഒരുലക്ഷത്തോളം വോട്ടർമാർ ലീഗിനെ അതിന്റെ ഹൃദയഭൂമിയിൽ കൈവിട്ടു. നേട്ടം കൈവരിച്ചത് സിപിഎം, എസ്‌ഡിപിഐ എന്നീ കക്ഷികളാണ്. എസ് ഡിപിഐയുടെ  ഫാഹിം റഹ്‌മാനി 43,000 വോട്ടുകൾ ഇവിടെ നേടിയിട്ടുണ്ട്. സിപിഎമ്മിന്റെ വി പി സാനുവും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുനേടി.  

എന്തുകൊണ്ട് ലീഗിനെ മുസ്ലിം അണികൾ പോലും ഇത്തവണ  കൈവിട്ടു എന്ന ചോദ്യം പാർട്ടി അണികളിലും പൊതുമൂഹത്തിലും ഉയരുന്നുണ്ട്. മുസ്ലിം സമുദായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ലീഗ് പരാജയമാണ് എന്ന വിലയിരുത്തലാണ്  സമുദായത്തിൽ ഉയർന്നത്.  വിഷയങ്ങളിൽ ലീഗ് നിരന്തരം അവലംബിച്ചു വന്ന ഉദാസീനശൈലി എസ്‌ഡിപിഐ അടക്കമുള്ള കക്ഷികൾക്ക് അവസരം നൽകുകയും ചെയ്‌തു. 

 രണ്ടാമത്തെ പ്രശ്‍നം, ലീഗിലെ ഉന്നത നേതൃത്വം സിപിഎമ്മുമായി രഹസ്യമായി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന വ്യാപകമായ ആരോപണമാണ്. ലീഗ് പലേടത്തും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക്  തങ്ങളുടെ വോട്ടുകൾ നൽകിയില്ല എന്ന പരാതിയുണ്ട്.  നിലംബുരിൽ വ്യവസായി പി വി അൻവർ വീണ്ടും വിജയിക്കാനുള്ള ഒരു കാരണം ലീഗ് വോട്ടുമറിച്ചതാണെന്ന ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾ മറ്റു പല മണ്ഡലങ്ങളിലും സഖ്യകക്ഷികളിൽ നിന്ന് ഉയരുന്നുണ്ട്.

മൂന്നാമത്തെ പ്രശ്‍നം, നേതൃത്വത്തിന്റെ വിശ്വാസ്യതയുടെ വിഷയമാണ്. പൊതുവിൽ വൈകാരികതയ്ക്ക് കൂടുതൽ പ്രാമുഖ്യമുള്ള അണികളാണ് ലീഗിനുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ  രാഷ്ട്രീയമായ ചാഞ്ചാട്ടങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പയറ്റാൻപോയ കുഞ്ഞാലിക്കുട്ടി വീണ്ടും വേങ്ങരയിലെക്കു തിരിച്ചുവന്ന് മത്സരിച്ചത് അധികാരക്കൊതി ഒന്നുകൊണ്ടു മാത്രമാണെന്ന് പാർട്ടിയിൽ എല്ലാവരും തുറന്നു സമ്മതിക്കുന്നു. പാർട്ടിയിൽ ഈ വിഷയത്തിൽ ഭിന്നതകൾ നിലനിന്നിരുന്നുതാനും. ദേശീയ ട്രഷറർ പിവി അബ്ദുൽ വഹാബ് ആയിരുന്നു അതിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രധാന നേതാവ്. അദ്ദേഹത്തെ നിശ്ശബ്ദനാക്കാനായി മൂന്നാം തവണയും രാജ്യസഭയിലേക്ക് സീറ്റ് നൽകി. എതിർപ്പ് ഉയർത്താൻ സാധ്യതയുള്ള മറ്റൊരു നേതാവ് സമദാനിക്കു ലോക്‌സഭയിൽ സീറ്റ് കൊടുത്തു. രണ്ടുപേരും നേരത്തെ പാർലമെൻറിൽ നടത്തിയ പ്രകടനം ദയനീയം എന്ന നിലയിലാണ് പൊതുവിൽ വിലയിരുത്തൽ. പാർലമെന്റിൽ ലീഗിന്റെ ഇ ടി   മുഹമ്മദ് ബഷീർ മാത്രമാണ് സുശക്തമായ പ്രകടനത്തിലൂടെ സമുദായതിന്റെ ബഹുമാനം നേടിയ അംഗം. പക്ഷേ ഇന്നത്തെ ദേശീയ സാഹചര്യത്തിൽ പാർലമെന്റിൽ മുസ്ലിം നിലപാടുകൾ ഉയർത്തുന്നതിൽ ലീഗ് പിന്നാക്കം പോകുകയും അത് ഹൈദരാബാദിലെ ഒവൈസി പോലുള്ള തീവ്രവാദി നേതാക്കൾ കയ്യടക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. വ്യക്തിതാല്പര്യങ്ങളുടെ പേരിൽ സ്ഥാനമാനങ്ങൾ പതിച്ചു കൊടുക്കുന്ന രീതി ഇപ്പോൾ ലീഗിൽ അംഗീകൃതമായി കഴിഞ്ഞു. പാർട്ടിയിലെ അണികൾ അതിൽ  നിരാശരും കുപിതരുമാണ് എന്ന് ഇപ്പോഴത്തെ ഫലങ്ങൾ ചൂണ്ടികാണിക്കുന്നു.

പാർട്ടിയിൽ ഇക്കാര്യത്തിൽ വിമർശനങ്ങൾ  ഉയരുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് നേതാവുമായ മുയീൻഅലി തങ്ങൾ മുതൽ മുൻവിദ്യാഭ്യാസമന്ത്രിയും ലീഗിന്റെ ആദ്യകാല നേതാക്കളിൽ പ്രധാനി അവുക്കാദർ കുട്ടി നഹയുടെ മകനുമായ അബ്ദുറബ്ബ് വരെയുള്ള പല നേതാക്കളും തങ്ങളുടെ അതൃപ്തി പരസ്യമായി വെളിപ്പെടുത്തി. ഒരുപക്ഷേ ഇ ടി മുഹമ്മദ് ബഷീറടക്കമുള്ള നേതാക്കളും ഇക്കാര്യത്തിൽ വൈകാതെ പ്രതികരിക്കും എന്നും കേൾക്കുന്നുണ്ട്.