വോട്ടെണ്ണൽ ഞായറാഴ്ച; ചാനലുകളിൽ വ്യത്യസ്തമായ വിലയിരുത്തലുകൾ
കോഴിക്കോട്: ഏപ്രിൽ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചു വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പ്രക്രിയ ഇന്നലെ പൂർത്തിയായി. എട്ടു ഘട്ടമായി നടന്ന ബംഗാളിലെ വോട്ടെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്. തുടർന്ന് വിവിധ ദേശീയ ചാനലുകളും കേരളത്തിലെ പ്രധാന ചാനലുകളും തങ്ങളുടെ എക്സിറ്റ് പോൾ വിവരങ്ങൾ പുറത്തു വിട്ടു. എൻഡിടിവി, റിപ്പബ്ലിക് ടിവി, ടൈംസ് നൗ, എബിപി തുടങ്ങിയ ദേശീയമാധ്യമങ്ങൾ കേരളത്തിൽ എൽഡിഎഫിനും തമിഴ് നാട്ടിൽ ഡിഎംകെക്കും അനുകൂലമായി വിധിയെഴുതി. ആസ്സാമിൽ ബിജെപിയ്ക്ക് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിൽ തൃണമൂൽ ഭരണത്തുടർച്ച നേടുമെന്നും മറിച്ചു ബിജെപി സംസ്ഥാനം പിടിക്കുമെന്നും ഭിന്നമായ ഫലങ്ങളാണ് ചാനലുകൾ നൽകിയത്.
കേരളത്തിൽ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി എന്നീ മാധ്യമസ്ഥാപനങ്ങൾ നടത്തിയ സർവേയുടെ ഫലങ്ങൾ ഭാഗികമായി ഇന്നലെ പുറത്തുവിട്ടു. വടക്കൻ ജില്ലകളിലെ എക്സിറ്റ് ഫലങ്ങളാണ് ഇന്നലെ വന്നത്. അതിൽ കാസർഗോഡ് മുതൽ ത്രിശൂർ വരെയുള്ള ജില്ലകളിൽ എൽഡിഎഫ് 34 സീറ്റും യുഡിഎഫ് 38 സീറ്റും നേടുമെന്നാണ് മനോരമ ചാനൽ സർവേ കണ്ടെത്തിയത്. എന്നാൽ ഏഷ്യാനെറ്റും മാതൃഭൂമിയും എൽഡിഎഫ് വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. മധ്യ കേരളവും തെക്കൻ കേരളവും എങ്ങനെ വോട്ടു ചെയ്‌തുവെന്ന കാര്യം ഇന്ന് വൈകിട്ട് സംപ്രേക്ഷണം ചെയ്യും.