ഓർക്കുക: സിദ്ദീഖ് കാപ്പന്‍ ഒരു മാധ്യമ പ്രവർത്തകനാണ്
കെ പി ഒ റഹ്മത്തുല്ല, മൃദുല ഭവാനി, മുബാറക് റാവുത്തര്‍
(ജനശക്തിയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം )
ഉത്തര്‍പ്രദേശിലെ ഹത്രസിൽ ഒരു ദളിത് പെൺകുട്ടിയെ ജാതിക്കോമരങ്ങൾ ബലാൽസംഗം ചെയ്‌തു കൊന്ന് മൃതദേഹം പോലും കുടുംബത്തിനു നൽകാതെ ചുട്ടെരിച്ച ശേഷമുള്ള സ്ഥിതിഗതികൾ റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിനു അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ കുറിച്ച് ഏറ്റവുമൊടുവില്‍ കുടുംബത്തിന് ലഭ്യമായ വിവരം കോവിഡ് ബാധിതനായ കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു എന്നതാണ്. മൂന്നു ദിവസമായി ടോയ്‌ലറ്റില്‍ പോകാന്‍ കഴിയുന്നില്ല എന്നാണ് ഏപ്രിൽ 24ാം തീയ്യതി സിദ്ദീഖ് കുടുംബത്തെ അറിയിച്ചത്. കോവിഡ് പടര്‍ന്നുപിടിക്കുന്ന മഥുര ജയിലിനേക്കാള്‍ ഭീകരമാണ് മഥുര കെഎം മെഡിക്കല്‍ കൊളേജിലെ കോവിഡ് വാര്‍ഡ് എന്നാണ് “എങ്ങനെയെങ്കിലും ഡിസ്ചാര്‍ജ് ചെയ്തു ജയിലിലേക്ക് തന്നെ മാറ്റിയാല്‍ മതി” എന്ന സിദ്ദീഖ് കാപ്പന്റെ സന്ദേശം വ്യക്തമാക്കുന്നത്. ഏതാനും ദിവസം മുമ്പ് ജയില്‍ ടോയ്‌ലറ്റില്‍ ബോധരഹിതനായി വീണ സിദ്ദീഖിന് താടിയെല്ലിൽ പരിക്കേറ്റിട്ടുണ്ടാവാം എന്ന ആശങ്കയും ഭാര്യ റെയ്ഹാനത് പങ്കുവെച്ചിരുന്നു.ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് വലിയ പ്രയാസമുണ്ട്. ഇരുപത്തിയഞ്ച് വയസ്സ് മുതല്‍ പ്രമേഹബാധിതനായ നാല്‍പത്തിരണ്ടുകാരനായ സിദ്ദീഖ് കാപ്പന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ട്. തുടര്‍ച്ചയായ ഭക്ഷണമില്ലായ്മയും സിദ്ദീഖ് കാപ്പനെ തളര്‍ത്തിയിട്ടുണ്ട് എന്നും റെയ്ഹാനത് പറയുന്നു. ഈ രോഗാവസ്ഥയില്‍ വൈറസ് ബാധ എങ്ങനെയൊക്കെയാണ് സിദ്ദീഖ് കാപ്പന്റെ ആരോഗ്യ നിലയെ ബാധിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
കെഎം മെഡിക്കല്‍ കൊളേജ് ഹോസ്പിറ്റലിൽ കോവിഡ് വാര്‍ഡിന്റെ ചുമതലയുള്ള അനില്‍കുമാര്‍ പറയുന്നത്, വാര്‍ഡ് സന്ദര്‍ശിക്കാത്തതിനാല്‍ സിദ്ദീഖ് കാപ്പന്‍ ചങ്ങലകൊണ്ട് കട്ടിലുമായി ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് എന്നതിനെപ്പറ്റി അറിയില്ല എന്നാണ്. ഡോക്ടര്‍ തരുന്ന റിപ്പോര്‍ട്ട് വിശ്വസിക്കുകയാണ് ചെയ്യുന്നത്. അതനുസരിച്ച് സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും അനില്‍ കുമാര്‍ പറഞ്ഞു. മഥുര ജില്ലാ ജയില്‍ സൂപ്രണ്ട് പി ഡി സലോനിയ പറയുന്നത് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സിദ്ദീഖ് കാപ്പന്‍ എന്ന തടവുകാരന് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി അറിവില്ല എന്നാണ്. എങ്ങനെയാണ് ജയിലില്‍ നിന്ന് കോവിഡ് വാര്‍ഡിലേക്ക് മാറ്റിയ ഒരു തടവുകാരന് എന്തുസംഭവിച്ചു എന്ന് ഒരു ജയില്‍ സൂപ്രണ്ട് അറിയാതിരിക്കുന്നത്? 554 പേരുടെ കപ്പാസിറ്റിയുള്ള മഥുര ജയിലില്‍ ഇപ്പോള്‍ 1700 തടവുകാരാണ് കഴിയുന്നത് എന്നാണ് സലോനിയ നല്‍കിയ വിവരം. മഥുര ജയിലിലെ അറുപതോളം തടവുകാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിതര്‍ അടിയന്തിര പരിചരണത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് ഓക്‌സിജന്‍ ഇല്ല എന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ‘ബ്ലാക് മാര്‍ക്കറ്റ്’ ഇടപാടുകാരാണ് എന്നും ആദിത്യനാഥ് ആരോപിക്കുന്നു.
മരണാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ നിഷേധിച്ച ചരിത്രമുള്ള, ഓക്‌സിജന്‍ ദുരന്തത്തിൽ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ജാപ്പനീസ് എന്‍സിഫലൈറ്റിസ് വാര്‍ഡിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ജൂനിയര്‍ ഡോക്ടര്‍ കഫീല്‍ ഖാനെ ഒന്നര വര്‍ഷത്തോളം ജയിലിലടച്ച ഉത്തര്‍പ്രദേശില്‍ ഇന്നും സ്ഥിതി ഇത്തരത്തില്‍ തുടരുകയാണ്.
സിദ്ദിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തകയൂണിയൻ (കെയുഡബ്‌ള്യുജെ) സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കോടതി ഇന്ന് ശക്തമായ നിലപാട് സ്വീകരിച്ചു . സിദ്ദിഖ് കാപ്പനെ ന്യൂഡല്‍ഹിയിലെ ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ദ ചികിത്സ നല്കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെതിരെ അതിശക്തമായ നിലപടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. അത്രയും ആശ്വാസം . ദിവസങ്ങള്‍ക്കകം വിധി പറയേണ്ട ഹര്‍ജിയില്‍ ഏഴുമാസത്തോളമായി വിചാരണ നീട്ടിവെക്കപ്പെട്ടു കൊണ്ട് പോകുകയായിരുന്നു.. ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ അനിശ്ചിതമായ വിചാരണ കാലതാമസം ചോദ്യം ചെയ്യപ്പെടേണ്ട സാഹചര്യം കൂടിയാണ് നിലവിലുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് നിലവിലെ അവസ്ഥ.

ഹത്രസ് പീഡനകേസില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടുന്ന ഠാക്കൂര്‍ ജാതിയെ ലക്ഷ്യമിട്ട്, ജാതീയ സംഘര്‍ഷങ്ങള്‍ക്ക് പദ്ധതിയിട്ട അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് എന്നാരോപിച്ചാണ് സിദ്ദീഖ് കാപ്പനെയും ക്യാംപസ് ഫ്രണ്ട് നേതാക്കളായ ആതിഖുര്‍ റഹ്മാനെയും ജാമിഅ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ മസൂദ് ഖാനെയും ഇവരുടെ ക്യാബ് ഡ്രൈവര്‍ ആയ ആലമിനെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്.
‘പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു’ എന്ന രീതിയില്‍ ഹിന്ദി, ഇംഗ്ലീഷ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ഇവരുടെ പേര് ചേര്‍ക്കപ്പെട്ട എഫ്‌ഐആറില്‍ അങ്ങനെയൊരു കുറ്റാരോപണം നിലവിലില്ല. മാത്രവുമല്ല യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധങ്ങള്‍ എന്ന് ആരോപിച്ചുകൊണ്ട്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒക്ടോബര്‍ ആദ്യആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്ത 19 എഫ്‌ഐആറുകളില്‍ ഒന്നാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്ന എഫ്‌ഐആര്‍.
യോഗി ആദിത്യനാഥ് ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായാണ് ഹത്രസ് കേസിനെതിരെ നടന്ന പ്രതിഷേധങ്ങളെ യുപി മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഒക്ടോബര്‍ നാലിന് ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ “തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ക്കെതിരെ” ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് നടന്ന ദിവസം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. ഗൂഢാലോചന കുറ്റം (120ബി) രാജ്യദ്രോഹം (124എ), സാമുദായികഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സെക്ഷന്‍ 153 (എ), ഈ നിയമത്തിലെ ഉപവകുപ്പുകള്‍, ഐടി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവയാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ ചുമത്തിയത് എന്നും ഒക്ടോബര്‍ 5ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇങ്ങനെ 19 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഹത്രസ് കേസ് മറച്ചുപിടിക്കുവാന്‍ വേണ്ടിയാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത് എന്ന് വ്യക്തമാണ്. മുസ്ലിം നാമമുള്ള ജേണലിസ്റ്റ് എന്ന സിദ്ദീഖിന്റെ സ്വത്വം അതിന് ഏറ്റവും യോജിച്ചതായി അവര്‍ക്ക് തോന്നിയിട്ടുണ്ടാകാം എന്ന് ജനുവരി 9ന് നല്‍കിയ അഭിമുഖത്തില്‍ റെയ്ഹാനത് പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ശാരീരികമായി പീഡിപ്പിച്ചുകൊണ്ട് സിദ്ദീഖ് കാപ്പനോട് പൊലീസ് ആവശ്യപ്പെട്ടത് “നിന്നെ ഇങ്ങോട്ടയച്ച രണ്ട് സിപിഎം എംപിമാരുടെ പേര് പറഞ്ഞാല്‍ വെറുതെ വിടാം” എന്നായിരുന്നു. ദലിതരുടെ കാര്യത്തിൽ എന്തുകൊണ്ടാണ് ഒരു മുസ്ലിം മാധ്യമപ്രവര്‍ത്തകന് ഇത്രയധികം താല്പര്യം എന്നും പൊലീസ് സിദ്ദീഖ് കാപ്പനോട് ചോദിച്ചു. ഈ വസ്തുതകളെല്ലാം തുറന്നുകാട്ടിക്കൊണ്ട് സിദ്ദീഖ് കാപ്പന്റെ കുടുംബവും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയും കേരളത്തിലുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടുണ്ട്. തേജസ് ദിനപത്രത്തില്‍ സിദ്ദീഖ് കാപ്പന്റെ സഹപ്രവർത്തകനും എഡിറ്ററുമായിരുന്ന മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ചെക്കുട്ടിയാണ് സമിതിയുടെ അധ്യക്ഷൻ.

സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെയും ജാമ്യ അപേക്ഷയുടെയും ലിസ്റ്റിങ് ഏഴ് തവണയിലേറെ മാറ്റിവെക്കപ്പെട്ടു. അതേത്തുടര്‍ന്ന്,
കേരളത്തിന്റെ മാധ്യമപ്രവര്‍ത്തക ചരിത്രത്തില്‍ ആദ്യമായി, യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ഒരു മാധ്യമപ്രവര്‍ത്തകന് കോവിഡ് വാര്‍ഡിലും ക്രൂരമായ കസ്‌റ്റോഡിയല്‍ പീഡനം അനുഭവിച്ചുകൊണ്ടിരിക്കെ ‘ജയിലിലേക്ക് തന്നെ തിരിച്ചുപോകണം’ എന്ന് പറയേണ്ടിവരികയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന് വേണ്ടി സംസാരിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹം കോവിഡ് ബാധിതനാകുന്നതു വരെയുള്ള ഏഴുമാസത്തെ സമയമെടുത്തു.
ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ വൈകിയാണെങ്കിലും സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനെ കുറിച്ച് വാര്‍ത്ത നല്‍കിയെങ്കിലും പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭൂരിഭാഗം മലയാള മാധ്യമങ്ങളും കാപ്പനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാതെ കുറ്റകരമായ മൗനം പാലിച്ചു.
സിദ്ദീഖ് കാപ്പന്‍റെ ഹര്‍ജികളില്‍ വിചാരണ പല തവണ മാറ്റിവെക്കപ്പെടുന്നതിന് സമാന്തരമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയ്ഡുകള്‍ നടന്നു. ഡിസംബറില്‍ ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ റൗഫ് ഷരീഫിനെ പ്രതിഷേധങ്ങള്‍ക്ക് ഫണ്ട് നൽകി എന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റൗഫ് ഷെരീഫിന്റെ അറസ്റ്റ് നടന്നപ്പോള്‍ അത് ഹത്രസ് ഗൂഢാലോചന ആരോപണ കേസിലേക്ക് കണ്ണി ചേര്‍ക്കാനുള്ള നീക്കമാണ് എന്ന് റെയ്ഹാനത് പറഞ്ഞു. ബിഹാറില്‍ നിന്നും ബോംബെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ട്രെയ്‌നില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തട്ടിക്കൊണ്ടുപോയി. അറസ്റ്റ് ചെയ്യപ്പെട്ട് ആറ് മാസം പൂര്‍ത്തിയായപ്പോള്‍ യുപി പൊലീസ് സമര്‍പ്പിച്ച അയ്യായിരം പേജുകളുള്ള കുറ്റപത്രത്തില്‍ ഇവരുടെയെല്ലാം പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
”മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ശ്വാസം. കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന് ശ്വാസം നല്‍കാനുള്ള ശ്രമമാണിത്. ഹേബിയസ് കോര്‍പസ് ഹര്‍ജിയും 2020 ഒക്ടോബര്‍ 6 മുതല്‍ കോടതിയില്‍ മുടങ്ങിക്കിടക്കുകയാണ്.” സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയ്ഹാന സിദ്ദീഖ് ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് അയച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കോവിഡിന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍, ഭരണകൂടമാധ്യമങ്ങള്‍ മേല്‍ക്കൈ നിലനിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തന ലോകത്ത്, സമാനതകളില്ലാത്ത പീഡനമാണ് സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
നരേന്ദമോദിയുടെ ഇന്ത്യയില്‍ വിവിധ തലങ്ങളുള്ള ഒരു പ്രതീകമാണ് സിദ്ദീഖ് കാപ്പന്‍. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ നാള്‍ മുതലിങ്ങോട്ട് മാധ്യമപ്രവര്‍ത്തനത്തോട് ഈ രാജ്യത്തെ ഭരണകൂടവും കോടതിയും നീതിപൂര്‍വകമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തനം നിർഭയം രാജ്യത്ത് നടത്താനുള്ള സ്വാതന്ത്ര്യവും വകവെച്ച് നല്‍കിയിരുന്നു.
ഏകാധിപത്യ രാജ്യങ്ങളിലും പശ്ചിമേഷ്യ പോലുള്ള രാജഭരണ രാജ്യങ്ങളിലും മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നത് നമുക്ക് വെറുമൊരു വാര്‍ത്ത മാത്രമായിരുന്നെങ്കില്‍ ഇപ്പോൾ മോദിയുടെ ഭരണത്തിൽ അത് നേരിട്ട് അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സിദ്ദീഖ് കാപ്പന്‍.
ഉത്തര്‍ പ്രദേശിലെ ഹഥ്രാസില്‍ ഒരു ദലിത് പെണ്‍കുട്ടി നിഷ്ഠൂരമായി സവര്‍ണ വിഭാഗത്തിന്റെ കൈകളാല്‍ ബലാല്‍സംഗത്തിനിരയാക്കപ്പെട്ട ശേഷം കൊല്ലപ്പെടുന്നു. ആ പെണ്‍കുട്ടിയുടെ ശവശരീരം പോലും സ്വന്തം മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു നോക്ക് കാണാന്‍ അനുവദിക്കാതെ അധികാരികള്‍ ചുട്ടെരിക്കുന്നു. പിന്നീട് രാജ്യം കണ്ടത് വിവിധകോണുകളില്‍ നിന്നും ആ വിഷയം അതി ശക്തമായി ഉയര്‍ന്ന് വരുന്നതാണ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പോലീസ് മറ്റാരെയും ആ പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കാത്ത നിലയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇന്നും ആ പ്രദേശത്തേക്ക് അന്വേഷണത്തിനോ അല്ലാതെയോ ആര്‍ക്കും പോകാന്‍ കഴിയുന്ന അവസ്ഥയിലല്ല.
ഇടക്ക് മാധ്യമങ്ങളോട് സംസാരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ ചെറുപ്പക്കാരനെ സംബന്ധിച്ച് ഇന്നും പുറംലോകത്തിന് ഒരു അറിവുമില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രൂരമായ ദലിത് പീഡനവും സവര്‍ണ സംരക്ഷണവുമാണ് യഥാര്‍ത്ഥത്തില്‍ യുപിയില്‍ ഇന്നും യോഗി ആദിത്യനാഥ് എന്ന അജയ് ബിഷട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഹഥ്രാസിലേക്ക് മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും കുടുംബത്തിന് പിന്തുണയുമായും വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനായും ഒഴുകിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് സിദ്ദീഖ് കാപ്പനും അവിടേക്ക് പുറപ്പെട്ടത്. വഴിയില്‍ വെച്ച് പോലീസ് അദ്ദേഹത്തെയും ഒപ്പം ഉള്ള ചിലരെയും അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥത്തില്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് സിദ്ദീഖ് കാപ്പന്‍ പോലീസിനെ ബോധ്യപ്പെടുത്തിയിട്ടും അവര്‍ അദ്ദേഹത്തെ വിടാന്‍ തയ്യാറായില്ല എന്നിടത്ത് തുടങ്ങുന്നു കാപ്പനെതിരെയുള്ള നീക്കങ്ങള്‍.
ഡല്‍ഹിയിലെ പത്രപ്രവര്‍ത്തക കൂട്ടായ്മയിലെ സജീവ സാന്നിധ്യമാണ് കാപ്പന്‍. അതുകൊണ്ട് തന്നെ ഡല്‍ഹിയിലുള്ള മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ കാപ്പന്‍ അറസ്റ്റിലായെന്ന് അറിഞ്ഞ ഉടനെ തന്നെ പോലീസുമായി ബന്ധപ്പെടുമ്പോഴും പോലീസ് മുന്‍ധാരണ വെച്ചാണ് പെരുമാറിയതെന്ന് സാക്ഷ്യപ്പെടുത്തുന്നു. നിരവധി തവണ പ്രാദേശിക കോടതി മുതല്‍ സുപ്രീംകോടതി വരെ കാപ്പന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷയുമായി പോയിട്ടുംകോടതികൾ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. അര്‍ണാബ് ഗോസ്വാമിയെന്ന മോദിയുടെ മാനസപുത്രനായ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായപ്പോള്‍ അടിയന്തിര സ്വഭാവത്തോടെ കേസ് കേട്ട കോടതികളാണ് സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ മുന്നില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് നീതിവാക്യം. എന്നാല്‍ സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ മാധ്യമ സ്വാതന്ത്രത്തെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച് സംസാരിക്കാന്‍ പോലും പൊതു സമൂഹം തയ്യാറാകാത്തത് നിരാശാജനകമാണ്. ഓരോ മനുഷ്യന്റെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സിദ്ദീഖ് കാപ്പനെന്ന നിരപരാധിയായ പത്രപ്രവര്‍ത്തകന്‍ ഇനിയും പീഡനത്തിന് ഇരയാകാന്‍ അനുവദിച്ചു കൂടാ. മൗനം വെടിഞ്ഞ് ആ മനുഷ്യന് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.