സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കാം :രമേശ്
തിരുവനന്തപുരം: സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കാം എന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം ഉണ്ടെങ്കില്‍ നമുക്ക് കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാനാവുന്നതേയുള്ളു.എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.യു.ഡഎഫ് ഘടക കക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, എ.എ.അസീസ്, സി.പി.ജോണ്‍, അനൂപ് ജേക്കബ്ബ്, ദേവരാജന്‍, ജോണ്‍ ജോണ്‍ തുടങ്ങിയവരോട് ഫോണില്‍ ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികളുമായും യോജിച്ചു പ്രവര്‍ത്തിക്കാമെന്നാണ് എല്ലാ നേതാക്കളും അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകള്‍ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാല്‍ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ നമുക്കുണ്ട്. അതിനാല്‍ ജാഗ്രതയോടെ എന്നാല്‍, പരിഭ്രാന്തിതെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നും, ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവര്‍ത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളായി.
രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണ്. കെ.പി.സി.സി. ഓഫീസില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഉള്ളൂ. അതിന്റെ ഫലം പുറത്തുവന്നിട്ടുമില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ വീറും വാശിയും കെട്ടുപോയിട്ടുമില്ല. എങ്കിലും എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവച്ച് കോവിഡിന്റെ ഈ ഘട്ടത്തില്‍ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ യു.ഡി.എഫ്. പ്രവര്‍ത്തകരെ ഞാന്‍ ആഹ്വാനം ചെയ്യുന്നു. സര്‍ക്കാരിന്റെ എല്ലാ നല്ല ഉദ്യമങ്ങളോടും സഹകരിക്കുകയും പിന്തുണ നല്‍കുകയും വേണം.
സര്‍ക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സഹകരിക്കുംമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പരിഭ്രാന്തി പരത്താതിരിക്കുക
കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുമ്പോള്‍, നമുക്ക് ഏറ്റവും അവശ്യമായ കാര്യം, ജനങ്ങളുടെ സഹകരണം ആണ്. അതിനായി ജനങ്ങളുടെ വിശ്വാസം നേടുക എന്നത് പരമ പ്രധാനമാണ്.
അതുകൊണ്ട്, ജനങ്ങള്‍ക്ക് പരിഭ്രാന്തി ഉണ്ടാകുന്ന ഒരു പ്രവൃത്തിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, മാധ്യമങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുത്.നമുക്ക് അറിയാം, അസുഖം ബാധിക്കുന്നവരില്‍, ചെറിയ ഒരു ശതമാനത്തിന് മാത്രമേ, രോഗ മൂര്‍ച്ഛ ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഇതിന് ആശുപത്രികളില്‍ തിരക്ക് നിയന്ത്രണ വിധേയമായിരിക്കണം, അഡ്മിഷന്‍ പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കണം, ഓക്‌സിജന്‍ ഉള്‍പ്പെടെ ഉള്ള ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകണം.കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും, ഓക്‌സിജന്‍ ഉള്‍പ്പെടെ ഉള്ള അവശ്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യ പടി.
അനാവശ്യമായ ഭീതി പരത്താതിരുന്നാല്‍,രോഗ മൂര്‍ച്ഛ ഉള്ളവര്‍ എപ്പോള്‍ എത്തിയാലും, അവര്‍ക്ക് ബെഡ്, വെന്റിലേറ്റര്‍ സംവിധാനം, ഓക്‌സിജന്‍ എന്നിവ എപ്പോഴും ലഭ്യമാണെന്ന് നമുക്ക് ഉറപ്പ് വരുത്താന്‍ കഴിയും.
മുഖ്യമന്ത്രിക്ക് ഞാന്‍ നേരത്തെ നല്‍കിയ 14 ഇന നിര്‍ദ്ദേശങ്ങളില്‍, സ്വകാര്യആശുപത്രികളേ കൂടി ഉള്‍പ്പെടുത്തി ഐ സി യു – വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ ഒരു കോമണ്‍ പൂള്‍ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഉടനടി നടപ്പിലാക്കണം. ഐ സി യു അല്ലോട്ട്മന്റ് ഡിസ്റ്റ്രിക്റ്റ് മെഡിക്കല്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണം. ഇതിനായി ഒരു കോമണ്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉടന്‍ ആരംഭിക്കണം.ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം.
വാക്‌സീന്‍ വിതരണം
വാക്‌സീന്‍ വിതരണം ആണ് മറ്റൊരു പ്രശ്‌നം..അവശ്യമായ വാക്‌സിന്‍ നമുക്ക് ലഭിക്കുന്നില്ല. വാക്‌സിന്‍ പണം നല്‍കി വാങ്ങണ്ട സ്ഥിതിയുമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഇത് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കേന്ദ്രം നമുക്ക് ആവശ്യമായ വാക്‌സീന്‍ സൗജന്യമായി നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തിന്റെ വാക്‌സീന്‍ പോളിസി ശരിയല്ല.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബഡ്ജറ്റില്‍ സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (page 130, para 231). അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകുമല്ലോ?
അതേ സമയം ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുന്നത് ഏത് ഘട്ടത്തിലും സ്വാഗതാര്‍ഹമാണ്.
ബഡ്ജറ്റില്‍ വലിയ അക്ഷരങ്ങളിലാണ് വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് എഴുതി വച്ചിരിക്കുന്നത്. അന്ന് വലിയ കയ്യടിയും കിട്ടി. ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ വെറുതെ പ്രഖ്യാപിക്കുകയില്ലല്ലോ? അതിന്റെ പണവും നീക്കി വച്ചിട്ടുണ്ടാവും. ആ നിലയക്ക് സ.പി.എം പ്രഖ്യാപിച്ച വാക്‌സീന്‍ ചലഞ്ചിന്റെ ആവശ്യമില്ല. ഏതായാലും ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. വാക്‌സീന് വേണ്ടി പണം ചിലവാക്കിയാല്‍ മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് തോമസ് ഐസക്ക് പറഞ്ഞതു കൊണ്ടു മാത്രം ഇക്കാര്യം ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ. ഇതൊക്കെയാണെങ്കിലും കേന്ദ്രം സൗജന്യമായി വാക്‌സീന്‍ നല്‍കുക തന്നെ വേണം.