Narendra modi live about covid19 corona virus

കോവിഡ് പ്രതിസന്ധിക്കു കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് മാധ്യമങ്ങൾ

ന്യൂദൽഹി: ഇന്ത്യയിൽ കുതിച്ചുയരുന്ന കോവിഡ് രോഗവ്യാപനവും മരണവും നരേന്ദ്രമോദി സർക്കാരിനെ മുൾമുനയിൽ നിർത്തുന്നു. കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ കോവിഡിനെതിരെ രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ച മോദി സർക്കാർ രാജ്യം നേരിടുന്ന ദുരന്തത്തെ പ്രതിരോധക്കുന്നതിനു ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

ബിബിസി, സിഎൻഎൻ, അൽജസീറ തുടങ്ങിയ അന്താരാഷ്ട്ര ചാനലുകളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയിലെ ഗുരുതരമായ കോവിഡ് പ്രതിസന്ധി മുഖ്യ വാർത്തകളിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് ടൈംസ് മുതൽ ഗാർഡിയൻ വരെ വിവിധ പാശ്ചാത്യ മാധ്യമങ്ങളും പ്രശ്നത്തെ നേരിടുന്നതിൽ ഇന്ത്യൻ സർക്കാരിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി. ബ്രിട്ടനിൽ നിന്നുള്ള അന്താരാഷ്ട്രവാരിക ദി ഇക്കണോമിസ്റ്റ് പത്രത്തിൽ ഈയാഴ്ച ഏഷ്യൻ എഡിഷനിൽ മുഖ്യ മുഖപ്രസംഗവും പ്രധാനലേഖനവും ഇന്ത്യയിലെ കോവിഡ് അവസ്ഥയെക്കുറിച്ചാണ്. മോദിമന്ത്രിസഭ കോവിഡിനെ ഗൗരവമായി കണ്ടില്ല എന്നും കുംഭമേള അടക്കമുള്ള വമ്പിച്ച കൂടിച്ചേരലുകൾ അനുവദിച്ചത് അതിന്റെ ലക്ഷണമാണെന്നും പത്രം പറയുന്നു. ഫെബ്രുവരി മുതൽ രാജ്യത്തു കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ങ്ങളിലാണ് ആദ്യമായി പ്രശ്‍നം വീണ്ടും പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിനെ വൈറസിന്റെ രണ്ടാം വരവിന്റെ സൂചനയായി കണ്ടു നടപടികൾ ശക്തിപ്പെടുത്തുന്നതിന് പകരം ബന്ധപ്പെട്ട സർക്കാരുകളുടെ പിടിപ്പുകേട് എന്ന മട്ടിലാണ് അധികാരികൾ കണ്ടത്. തുടർന്ന്  വിവിധ സംസ്ഥാനങ്ങളിൽ വമ്പിച്ച തെരഞ്ഞെടുപ്പ്‌ റാലികൾ അരങ്ങേറി. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ തന്നെയാണ് അതിൽ പങ്കെടുത്തത്.

ഏപ്രിൽ പതിനാലിന് പല സംസ്ഥാനങ്ങളും പുതുവർഷാഘോഷം നടത്തി. ആ ദിവസം  തന്നെയാണ് ഹരിദ്വാറിൽ പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന കുംഭമേളയുടെ സ്‌നാനവും നടന്നത്. ദശലക്ഷക്കണക്കിനു ആളുകളാണ് കുഭമേളയിൽ പങ്കെടുക്കുന്നത്. സത്യത്തിൽ അടുത്ത വർഷം നടക്കേണ്ട കുംഭമേള ചില ജ്യോതിഷികളുടെ നിർദേശപ്രകാരമാണ് ഈ വർഷം നടത്താൻ തീരുമാനിച്ചതെന്നു ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനോ വ്യാപകമായ വാക്‌സിനേഷൻ നടപടികൾ സ്വീകരിക്കുന്നതിനോ ടെസ്റ്റിങ് പോലുള്ള പ്രവർത്തനങ്ങൾ വഴി രോഗബാധാസാധ്യത മുൻകൂട്ടി കണ്ടെത്തുന്നതിനോ കാര്യമായ ശ്രമങ്ങൾ നടക്കുകയുണ്ടായില്ല. അതേസമയം ഈ വർഷം ആദ്യം നടന്ന ദാവോസിലെ അന്താരാഷ്ട്ര സാമ്പത്തിക ഫോറം അടക്കമുള്ള സമ്മേളനങ്ങളിൽ ഇന്ത്യയിൽ കോവിഡിനെ പൂർണമായും തുരത്തിക്കഴിഞ്ഞു എന്ന അവകാശവാദമാണ്  പ്രധാനമന്ത്രി ഉന്നയിച്ചത്. യൂറോപ്പിലെ പല രാജ്യങ്ങളും കോവിഡിന്റെ വരവ് രണ്ടും മൂന്നും തവണ നേരിട്ടുകൊണ്ടിരുന്ന  അവസരത്തിലാണ് ഇന്ത്യൻ അധികൃതർ  ഇങ്ങനെയുള്ള അവകാശവാദങ്ങൾ ഉന്നയിച്ചത് എന്ന് പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോവിഡ്‌ബാധ  നീണ്ടുനിൽക്കുകയും പുതിയതരം വൈറസ് വകഭേദങ്ങൾ അതിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ ലോകസമൂഹം ഒന്നടങ്കം അതിന്റെ ഇരയായി മാറുമെന്ന് ഇക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ ഉണ്ടായ പുത്തൻ വകഭേദം ഇതിനകം തന്നെ മറ്റു പല രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. അതിനാൽ ഇന്ത്യയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകസമൂഹം കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നാണ് വിവിധ മാധ്യമങ്ങൾ പറയുന്നത്. ഇനി വരാനിരിക്കുന്ന ജി 21  അടക്കമുള്ള അന്തരാഷ്ട്രവേദികളിൽ നരേന്ദ്രമോദിയ്ക്ക് കടുത്ത  ചോദ്യങ്ങളെ നേരിടേണ്ടി വരും എന്നാണ് അന്താരാഷ്ട്ര മാധ്യമറിപ്പോർട്ടുകൾ നൽകുന്ന സൂചന. 

നരേന്ദ്രമോദിയുടെ  വിദേശസന്ദർശനം വീണ്ടും മാറ്റി.

കോവിഡ് കാലത്തു മാറ്റിവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  വിദേശസന്ദർശന പരിപാടി വീണ്ടും മാറ്റി. മെയ് എട്ടിന് പോർട്ടുഗലിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയിലാണ് പ്രത്യേക ക്ഷണിതാവായി മോദി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ  കുതിച്ചുയരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പരിപാടി ഉപേക്ഷിച്ചതായി വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. 27 രാഷ്ട്രങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടി നേരിട്ടു നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും നിലവിലെ ആഗോള സ്ഥിതിഗതികൾ കാരണം അത് ഓൺലൈനിൽ നടത്താനാണ് പുതിയ തീരുമാനം.

അതേസമയം ഇന്ത്യയിൽ ഈ മാസം ഔദ്യോഗിക സന്ദർശനത്തിനു   പദ്ധതിയിട്ടിരുന്ന ബ്രിട്ടിഷ് പ്രധാനമന്തി ബോറിസ് ജോൺസൺ യാത്ര റദ്ദാക്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇന്ത്യയിലെ ഗുരുതരമായ കോവിഡ് പ്രതിസന്ധിക്കിടയിൽ ഒരു സന്ദർശനം അപ്രായോഗികമാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിക്കാൻ നിരവധി രാജ്യങ്ങൾ പൗരന്മാർക്കു നബി നിർദേശം നൽകി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.