സിദ്ദിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തർപ്രദേശിൽ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വിദഗ്ദ്ധചികിത്സ ഉറപ്പാക്കണമെന്നും അതിനായി അദ്ദേഹത്തെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കാപ്പന്റെ ആരോഗ്യപ്രശ്നങ്ങളിൽ മാധ്യമ പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും വലിയ ഉത്കണ്ഠ നിലനിൽകുന്നതായും കത്തിൽ പറയുന്നു.
ആറുമാസമായി യുപിയിൽ തടവിൽ കഴിയുന്ന കാപ്പനുവേണ്ടി ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നത്. മഥുര ജയിലിൽ കോവിഡ് ബാധിതനായ കാപ്പൻ ഏതാനും ദിവസങ്ങളായി കെഎം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ മനുഷ്യത്വരഹിതമായ രീതിയിലാണ് യുപി പോലീസും അധികൃതരും അദ്ദേഹത്തോട് ഇടപെടുന്നതെന്നു കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നു. അദ്ദേഹത്തിന്റെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല. അതിനായി ഒരു കുപ്പി ഉപയോഗിക്കാനാണ് പോലീസ് നിർബന്ധിക്കുന്നതെന്നു കഴിഞ്ഞ ദിവസം കാപ്പൻ മലപ്പുറത്തു ഭാര്യ റൈഹാനതിനെ ഫോണിൽ വിളിച്ചു അറിയിക്കുകയായിരുന്നു. വാർഡിലെ മറ്റൊരാളുടെ ഫോണിൽ നിന്നാണ് ദിവസങ്ങൾക്കു ശേഷം അദ്ദേഹം കുടുംബത്തെ ബന്ധപ്പെട്ടത്. കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബവും കാപ്പൻ ഐക്യദാർഢ്യ സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട്ടു മാധ്യമസമ്മേളനം നടത്തിയിരുന്നു.
ആശുപത്രിയിൽ കാപ്പന്റെ ദയനീയസ്ഥിതി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. വിഷയം ചൂണ്ടിക്കാട്ടി 11 യുഡിഎഫ് എംപിമാർ ഇന്ന് പ്രധാനമന്ത്രിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. കാന്തപുരം എ പി അബൂബക്കർ മുസലിയാർ, മുസ്ലിം യൂത്ത് ലീഗ്, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരും ഇന്ന് കാപ്പനുവേണ്ടി പ്രസ്താവനകൾ ഇറക്കി. തിങ്കളാഴ്ച്ച കരിദിനമായി ആചരിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അറിയിച്ചു. വിവിധ പ്രസ്സ് ക്ലബുകളിൽ നാളെ മാധ്യമപ്രവർത്തകർകാപ്പന് നീതി നൽകുക എന്ന് ആവശ്യപ്പെട്ടു സത്യഗ്രഹം നടത്തുമെന്നു കെയുഡബ്ളിയുജെ സംസ്ഥാന നേതാക്കളും അറിയിച്ചു.
ജീവന്‍ രക്ഷിക്കൂ
കോഴിക്കോട്: ഉത്തർപ്രദേശ് പോലീസ് ചാർജ് ചെയ്‌ത കേസിൽ യുഎപിഎ പ്രകാരം തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജയിലിൽ കോവിഡ് ബാധയുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സംസ്ഥാനസർക്കാർ മുൻകയ്യെടുക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു.
ആറുമാസത്തിലേറെയായി സിദ്ദിഖ് കാപ്പൻ ഉത്തർപ്രദേശിലെ മഥുരയിൽ ജയിലിൽ കഴിയുകയാണ്. കടുത്ത പ്രമേഹമടക്കം നിരവധി രോഗങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞയാഴ്ച ജയിലിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതായി അദ്ദേഹം കുടുംബത്തെ വിളിച്ചറിയിച്ചത്. ഏതാനും ദിവസം കഴിഞ്ഞു അദ്ദേഹത്തെ മഥുരയിലെ കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതായി ഉറപ്പാക്കാൻ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകമാണ് ഹരജി നൽകിയത്.
കാപ്പന്റെ സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹത്തിന് വിദഗ്ദ്ധ ചികിൽസ ഉറപ്പാക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് ഇന്ന് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പ്രത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യുപിയിൽ കോവിഡ് സ്ഥിതിഗതികൾ മാരകമായ നിലയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാപ്പന് നേരത്തെ തന്നെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുമാണ്. ഈ സാഹചര്യത്തിൽ കോവിഡ് ബാധ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടപ്പെടുത്തുമെന്നാണ് ഭയപ്പെടുന്നത്. അതിനാൽ മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണം. സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യസമിതി അധ്യക്ഷൻ എൻ പി ചെക്കുട്ടി, കേരള പ്രത്രപ്രവർത്തകയൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി എസ് രാഗേഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.