Navalny health issue

നവൽനിയുടെ ആരോഗ്യനില ഗുരുതരം;പ്രക്ഷോഭത്തിന്‌ ആഹ്വാനം

മോസ്‌കോ: റഷ്യൻ ജയിലിൽ മൂന്നാഴ്ചയായി നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളായതായി അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചു.

കഴിഞ്ഞ വർഷം ഒരു വിമാനയാത്രക്കിടെ  മാരകമായ അസുഖം പിടിപെട്ടു ആശുപത്രിയിലായ നവൽനിയെ ആഗോള  സമ്മർദ്ദത്തെ തുടർന്ന് ചികിത്സയ്ക്കായി ജർമനിയിലേക്ക് പോകാൻ റഷ്യൻ അധികൃതർ അനുവദിച്ചിരുന്നു. ജർമനിയിൽ മാസങ്ങൾ നീണ്ട ചികിത്സയുടെ ഫലമായാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വിമാനയാത്രക്കിടയിൽ റേഡിയോ വികിരണശേഷിയുള്ള പൊളോണിയം അടങ്ങിയ രാസവസ്തു ശരീരത്തിൽ പ്രവേശിച്ചതാണ് അസുഖബാധയ്ക്കു കാരണമെന്നു  പിന്നീട് യൂറോപ്പിലെ വിവിധ ലാബറട്ടറികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. റഷ്യൻ സായുധസേനകൾ വികസിപ്പിച്ച ഈ രാസവസ്തു സമീപകാലത്തു റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ എതിരാളികളെ വകവരുത്താനായി പല തവണ ഉപയോഗിച്ചതായി അന്താരാഷ്ട്ര അന്വേഷണഏജൻസികൾ ആരോപിക്കുന്നു. 

ചികിത്സ കഴിഞ്ഞു രണ്ടുമാസം മുമ്പ് റഷ്യയിൽ തിരിച്ചെത്തിയ 44കാരനായ നവൽനിയെ മോസ്കോ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ അദ്ദേഹത്തിനെതിരെ ചാർജ് ചെയ്‌ത കേസുകളുടെ പേരിലാണ് അ റസ്റ്റുണ്ടായത്‌.  തുടർന്ന് അദ്ദേഹം മോസ്കോയിലെ ഒരു ജയിലിലാണ് കഴിയുന്നത്.  അദ്ദേഹത്തെ തടവറയിലിട്ട് പീഡിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ മോസ്കോയിലും മറ്റു റഷ്യൻ നഗരങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു. റഷ്യൻ പോലീസ് കടുത്ത മർദ്ദനമാണ് പ്രക്ഷോഭകർക്കെതിരെ പ്രയോഗിച്ചത്.

തനിക്കു ജയിലിൽ മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ്  മൂന്നാഴ്ചയായി നവൽനി  നിരാഹാരസത്യാഗ്രഹം നടത്തുന്നത്.  കടുത്ത  പുറം വേദനയും ഒരു കാലിലെ മരവിപ്പും അദ്ദേഹത്തെ അലട്ടുന്നുണ്ട്. അദ്ദേഹത്തെ പരിശോധിക്കാൻ സർക്കാർ  ഡോക്ടറെ നിയോഗിച്ചെങ്കിലും തനിക്ക് വിശ്വാസമുള്ള വിദഗ്ദ്ധരെ പുറത്തുനിന്നു കൊണ്ടുവരാൻ അനുവദിക്കണം എന്നാണ് നവൽനിയുടെ ആവശ്യം. നവൽനിയുടെ രക്തത്തിൽ പൊട്ടാസിയം അളവ് ക്രമാതീതമായി വർധിച്ചതായും അദ്ദേഹം മരണത്തിന്റെ വക്കിലാണെന്നും ഇന്നലെ രേഖകൾ  പരിശോധിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നവൽനിയ്ക്ക് ചികിത്സ കിട്ടാൻ സമ്മർദ്ദത്തിനായി  ഉടൻ തെരുവിൽ ഇറങ്ങാൻ അദ്ദേഹത്തിന്റെ അനുയായികൾ റഷ്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.