Myanmar Peoples Government

മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ;ജനകീയ സർക്കാർ രൂപീകരിച്ചു

യാങ്കോൺ: ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ  ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തെ ചെറുക്കാൻ മ്യാന്മറിൽ ഒളിവിൽ പ്രവർത്തിക്കുന്ന ജനകീയ സർക്കാർ രൂപീകരിച്ചതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. പുറത്താക്കപ്പെട്ട  സർക്കാരിലെ അംഗങ്ങളും പട്ടാള ഭരണത്തെ ചെറുക്കുന്ന വിവിധ വംശീയ വിഭാഗങ്ങളുടെ പ്രതിനിധികളും പുതിയ സർക്കാരിലുണ്ടെന്നു അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മൂന്നു മാസമായി ജനകീയ  പ്രതിഷേധത്തെ അടിച്ചമർത്താൻ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.  വെടിവെപ്പിൽ ഇതിനകം 726 പ്രക്ഷോഭകർ മരിച്ചിട്ടുണ്ട്. എന്നാൽ മിക്ക ദിവസങ്ങളിലും  നിരായുധരായ ജനങ്ങൾ പട്ടാള ഭരണകൂടത്തിനെതിരെ വിവിധ നഗരങ്ങളിൽ പ്രക്ഷോഭം നടത്തുന്നുണ്ട്.

അതേസമയം പട്ടാളരണത്തെ സായുധമായി ചെറുക്കാൻ വിവിധ വംശീയ -ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ് പ്രസ്ഥാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ മ്യാൻമറിലെ പല പ്രദേശങ്ങളിലും അത്തരം സംഘടിത സൈനിക വിഭാഗങ്ങൾ സർക്കാരിനെ ചെറുക്കുന്നുണ്ട്. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ മ്യാന്മറിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അത് ഒരു പതിറ്റാണ്ടു മുമ്പ് സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ  ക്ഷണിച്ചു വരുത്തുമെന്നും യുഎൻ മനുഷ്യാവകാശ സമിതി അധ്യക്ഷ മിഷേൽ ബാഷേലെറ്റ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. അമേരിക്കയും മറ്റു  പാശ്ചാത്യ രാജ്യങ്ങളും പട്ടാള ഭരണകൂടത്തെ വിമർശിക്കുമ്പോൾ റഷ്യയും ചൈനയും അതിനെ പിന്തുണക്കുകയാണ്.