ക്യൂബയിൽ കാസ്ട്രോ യുഗത്തിന് അന്ത്യം; ഭാവിയെക്കുറിച്ചു ആശങ്കകൾ
ഹവാന: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃ സ്ഥാനത്തുനിന്ന് റൗൾ കാസ്ട്രോ സ്ഥാനമൊഴിയുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചതോടെ ഫിഡൽ കാസ്ട്രോ തുടക്കമിട്ട ഒരു വിപ്ലവ പാരമ്പര്യത്തിന് അന്ത്യമാവുകയാണ്. 1959ൽ ഏകാധിപതി ബാറ്റിസ്റ്റയുടെ സർക്കാരിനെ അട്ടിമറിച്ചു കൊണ്ടാണ് ഫിഡൽ കാസ്ട്രോ ക്യൂബയിൽ അധികാരമേറ്റത്. പിന്നീടുള്ള ദശകങ്ങളിൽ അമേരിക്കയുടെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ചു കൊണ്ടാണ് ക്യൂബ ആഗോള പുരോഗമന ശക്തികൾക്ക് ആവേശമായി നിലകൊണ്ടത്.
അമ്പതുകളിൽ ഫിഡൽ കാസ്‌ട്രോയും ചെഗുവേര അടക്കമുള്ള സഖാക്കളും അമേരിക്കൻ പിന്തുണയുള്ള ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ നടത്തിയ ഗറില്ലാ പോരാട്ടം ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ ചരിത്രത്തിലെ ഐതിഹാസികമായ ഒരു അദ്ധ്യായമായി അറിയപ്പെടുന്നു. ഗ്രാൻമ എന്ന ചെറുകപ്പലിൽ ക്യൂബയിൽ എത്തിയ വിപ്ലവകാരികൾ സിയേറ മെയ്‌സ്ട്ര കുന്നുകളിൽ ക്യാമ്പടിച്ചു ബാറ്റിസ്റ്റ ഭരണത്തിനെതിരെ ജനകീയ ചെറുത്തുനില്പിന് നേതൃത്വം നൽകി. ബാറ്റിസ്റ്റയുടെ പരാജയത്തിന് ശേഷം ഹവാനയിലേക്കുള്ള കാസ്‌ട്രോയുടെയും സംഘത്തിന്റയും വരവിനെ ജനസഹസ്രം ആഹ്ളാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. ക്യൂബൻ പ്രധാനമന്ത്രിയായി 1959ലാണ് ഫിഡൽ സ്ഥാനമേറ്റത്. 1976ൽ പ്രസിഡന്റായ ഫിഡൽ 2008ൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ ഇളയ സഹോദരനും വിപ്ലവ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രധാനിയുമായ റൗൾ കാസ്ട്രോയാണ് പിന്നീട് ക്യൂബയെ നയിച്ചത്. അദ്ദേഹം പ്രസിഡന്റിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുടെയും ചുമതലകൾ വഹിച്ചു.
89 കാരനായ റൗൾ കാസ്ട്രോ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നു ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസ്സ് ഉത്ഘാടനം ചെയ്‌തു നടത്തിയ പ്രസംഗത്തിലാണ് അറിയിച്ചത്. ആരാകും പിൻഗാമി എന്ന് അദ്ദേഹം സൂചിപ്പിച്ചില്ലെങ്കിലും പുതിയ നേതാവായി പാർട്ടി കോൺഗ്രസ്സ് മിഗെൽ ഡയസ് കനാലിനെ തെരഞ്ഞടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ൽ അദ്ദേഹം പ്രസിഡണ്ടായി സ്ഥാനമേറ്റിരുന്നു. ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൂടി അദ്ദേഹം ഏറ്റെടുക്കുന്നതോടെ ക്യൂബൻ ഭരണ നേതൃത്വത്തിൽ കാസ്ട്രോ യുഗത്തിനു അന്ത്യമാകും.
അറുപതുകൾ മുതൽ ക്യൂബയെ കീഴടക്കാനുള്ള നിരവധി പദ്ധതികൾ സിഐഎ ആവിഷ്ക്കരിക്കുകയുണ്ടായി. ഫിഡൽ കാസ്‌ട്രോയെ വധിക്കാനുള്ള പദ്ധതികളെ അദ്ദേഹം വിജയകരമായി നേരിട്ടു. 1962ൽ ജോൺ എഫ് കെന്നെടി അമേരിക്കൻ പ്രസിഡണ്ടായ കാലത്തു ക്യൂബയെ ആക്രമിക്കാൻ അമേരിക്കൻ നാവികപ്പടയെ അയക്കുകയുണ്ടായി. അതിനെതിരെ ആണവായുധങ്ങൾ ക്യൂബയിൽ സ്ഥാപിക്കാൻ സോവിയറ്റ് യൂണിയന് കാസ്ട്രോ അനുമതി നൽകി. അതോടെയാണ് അമേരിക്ക പിൻവാങ്ങിയത്.
കടുത്ത ഉപരോധവും അട്ടിമറിശ്രമങ്ങളും നേരിട്ട് കൊണ്ടാണ് ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം നടത്തിയത്. സാമൂഹികക്ഷേമ മേഖലകളിൽ രാജ്യത്തിൻറെ നേട്ടങ്ങൾ ആഗോളതലത്തിൽ അംഗീകാരം നേടുകയുണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ക്യൂബ ഉൾപ്പെടുന്നു. ആഫ്രിക്കയിൽ എബോള അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിച്ചപ്പോൾ ക്യൂബ ആ രാജ്യങ്ങളിലേക്കു ഡോക്ടർമാരെ അയച്ചു ആഗോള .പ്രശംസ നേടി. കോവിഡ് ബാധയിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പ്രതിസന്ധിയിലായപ്പോൾ തൊട്ടടുത്തു ക്യൂബ രോഗത്തെ ഫലപ്രദമായി പ്രതിരോധിച്ചു നിന്നു.
അതേസമയം ക്യൂബയിൽ നിന്നുള്ള അഭയാര്ഥികൾക്കു അമേരിക്ക വമ്പിച്ച പ്രോത്സാഹനം നൽകി. ഫ്ലോറിഡ അടക്കമുള്ള സംസ്ഥാനങ്ങളിൽ അവർ വലിയ സാമ്പത്തിക ശക്തിയാണ്. ക്യൂബയെ തകർക്കാനുള്ള നീക്കങ്ങൾക്കു ഈ വിഭാഗത്തിന്റെ പിന്തുണയും അമേരിക്കൻ ഭരണകൂടത്തിനു ലഭിക്കുന്നുണ്ട്. ക്യൂബയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ മുതലാക്കി ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക വീണ്ടും ശ്രമം ആരംഭിക്കുമോ എന്ന വിഷയം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.