ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ അന്വേഷണത്തിന്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കാൽനൂറ്റാണ്ടിനു ശേഷം അതിന്റെ യഥാർത്ഥമുഖം വെളിപ്പെടുത്തുകയാണ്. കേസിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ കേരളാ പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയോ എന്ന വിഷയം സിബിഐ അന്വേഷണത്തിനായി സുപ്രീം കോടതി വിട്ടതോടെ കാൽനൂറ്റാണ്ട് മുമ്പ് നടന്ന ഹീനമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പിന്നിലെ വസ്തുതകൾ മറനീക്കി പുറത്തു വരും എന്നാണ് പ്രതീക്ഷിക്കേണ്ടത്.
കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപീംകോടതി നിർദേശപ്രകാരം പരിശോധനാ വിധേയമാക്കിയ ജസ്റ്റിസ് ഡി കെ ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ സിബിഐ അന്വേഷണതിനു വിടുന്നത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച ആവശ്യം ”അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ദേശീയ വിഷയം” എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ജെയിൻ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്നും അത് സീൽവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് ഖാൻവിൽകരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
1994ലാണ് ചാരക്കേസ് രജിസ്റ്റർ ചെയ്യുന്നത്. മാലിദ്വീപ് സ്വദേശി മറിയം റഷീദ വിസാ കാലാവധി കഴിഞ്ഞും രാജ്യത്തു തങ്ങി എന്ന വിഷയത്തിൽ ആരംഭിച്ച കേസിൽ പിന്നീട് ഐഎആര്ഒ റോക്കറ്റ് ഡിവിഷനിലെ നമ്പി നാരായണൻ അടക്കമുള്ള ഏതാനും പേരെയും പ്രതി ചേർക്കുകയായിരുന്നു. അവർ ക്രയോജനിക് സാങ്കേതികവിദ്യ വിദേശരാജ്യങ്ങൾക്കു ചോർത്തി എന്ന ഗുരുതരമായ ആരോപണമാണ് സിബി മാത്യൂസ് നയിച്ച പോലീസ് അന്വേഷണ സംഘം ഉന്നയിച്ചത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്‌തു കസ്റ്റഡിയിൽ പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ സിബിഐ അന്വേഷണത്തിൽ ഈ പോലീസ് ആരോപണം കെട്ടുകഥയാണെന്നു തെളിയുകയും നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
നമ്പി നാരായണൻ നടത്തിയ ദീർഘമായ കോടതി നടപടികളുടെ അന്ത്യത്തിലാണ് കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരായ മുൻ ഡിജിപി സിബി മാത്യൂസ്, കെ ജെ ജോഷ്വ, വി എസ് വിജയൻ എന്നിവർക്കെതിരെ അന്വേഷണം വരുന്നത്. അവർ കേസിൽ ഐഎആര്ഒ ക്രയോജനിക് വിഭാഗത്തിലെ പ്രമുഖരെ അകത്താക്കാൻ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. വിഷയം അന്വേഷിച്ച ജെയിൻ കമ്മിഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ “ദേശീയ വിഷയം “എന്നാണ് സുപ്രീം കോടതിയിൽ ഏപ്രിൽ അഞ്ചിനു സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാർ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇനിയും സിബിഐ കണ്ടെത്താനിരിക്കുകയാണ്. പക്ഷേ ഈ ഗൂഢാലോചന രാജ്യത്തിൻറെ ക്രയോജനിക് സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ തടയാൻ ചില ശക്തികൾ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് എന്ന് നമ്പി നാരായണൻ ആരോപിച്ചിട്ടുണ്ട്. ക്രയോജനിക് സാങ്കേതികവിദ്യ വമ്പിച്ച വാണിജ്യ സാധ്യതയുള്ള മേഖലയാണ്. ഇന്ത്യ ആ രംഗത്തു മേൽകൈ നേടുന്നത് തടയാൻ പല വിദേശ രാജ്യങ്ങളും ശ്രമിച്ചിരുന്നു എന്നതും അറിയപ്പെടുന്ന വസ്തുതയാണ്. ഫ്രാൻസ്, ഇസ്റായേൽ തുടങ്ങിയ രാജ്യങ്ങളുമായി ഈ മേഖലയിൽ ഇന്ത്യ മത്സരിക്കുന്നുണ്ടായിരുന്നു. ഐഎസ്ആർഒയിൽ അതിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ച ശാസ്ത്രജ്ഞരെ തെരഞ്ഞുപിടിച്ചു കേസിൽ പെടുത്തിയത് എന്തു ലക്ഷ്യങ്ങളോടെയെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ച നിഗൂഡശക്തികളാരൊക്കെയെന്നും ഇനി അന്വേഷണത്തിലൂടെ പുറത്തു വരേണ്ട വിഷയങ്ങളാണ്.