coronavirus-cases-in-india

കോവിഡ് പ്രതിസന്ധി രൂക്ഷം;പ്രതിദിന രോഗവ്യാപനം റെക്കാർഡിൽ

ന്യുഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി രണ്ടുലക്ഷം കവിഞ്ഞു. മലയാളികൾ വിഷുവും മറ്റു  സംസ്ഥാനക്കാർ സമാനമായ ആഘോഷങ്ങളും നടത്തുന്നതിനിടയിലാണ് കോവിഡ് താണ്ഡവം മൂർദ്ധന്യദശയിലെത്തിയത്. ഇതോടെ ലോകത്തു ഏറ്റവും കടുത്ത കോവിഡ് വ്യാപനത്തിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അമേരിക്കയാണ് ഇപ്പോഴും മുന്നിലെങ്കിലും ഇന്ത്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുമ്പോൾ അധികം വൈകാതെ ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന്  വിദഗ്ദ്ധന്മാർ  പ്രവചിക്കുന്നു.

രാജ്യത്തെ കോവിഡ് നിയന്ത്രണനയങ്ങളിൽ തുടക്കം മുതലേയുണ്ടായ ചില പാളിച്ചകൾ സ്ഥിതിഗതികൾ രൂക്ഷമാക്കാൻ കാരണമായതാണ് വിലയിരുത്തൽ. നഗരങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ  പരിഗണിക്കാതെ കഴിഞ്ഞവർഷം അടച്ചിടൽ പ്രഖ്യാപിച്ചതോടെ സർക്കാരിലും സർക്കാർ സംവിധാനത്തിലുമുള്ള സാധാരണക്കാരുടെ വിശ്വാസം പൂർണമായി തകർന്നു. ദശലക്ഷക്കണക്കിനു ആളുകളാണ് തൊഴിലും  ഭക്ഷണവുമില്ലാതെ പലേടത്തും കുടുങ്ങിപ്പോയത്. പിന്നീട് കാൽനടയായിപ്പോലും അവരിൽ പലരും നാട്ടിലേക്കു പോകുന്ന അവസ്ഥ വന്നു. ഇപ്പോൾ കോവിഡ് കേസുകൾ വീണ്ടും ശക്തമായി പൊട്ടിപുറപ്പെട്ടതോടെ വൻനഗരങ്ങളിൽ നിന്ന് തൊഴിലാളി പലായനം ആരംഭിച്ചു കഴിഞ്ഞു. അത് രണ്ടുതരം പ്രശ്നങ്ങൾ സൃഷ്ടിക്കും. ദീർഘമായ അടച്ചിടലിനുശേഷം പുനരാരംഭിച്ച സാമ്പത്തിക പ്രവർത്തനം പ്രതിസന്ധിയിലാകും. നഗരങ്ങളിൽ നിന്ന്  തിരിച്ചുവരുന്ന തൊഴിലാളികൾ ഗ്രാമങ്ങളിലും രോഗവ്യാപനത്തിനു കാരണമാകും.  

കോവിഡിന്റെ ആദ്യഘട്ടത്തിൽ  ഉണ്ടായ കേസുകൾ കൈകാര്യം ചെയ്യുകയും കൂടുതൽ മാരകമായ പുതിയ ഇനങ്ങൾ രാജ്യത്തു എത്തുകയും ചെയ്യുന്നതിനിടയിൽ ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നതിൽ രാജ്യം വിജയിച്ചില്ല എന്നാണ് ഇപ്പോഴത്തെ രണ്ടാം വരവിന്റെ മാരകസ്വഭാവം വ്യക്തമാക്കുന്നത്.  ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കൂടുതൽ വ്യാപനശേഷിയുള്ള ഇനങ്ങളാണ് ഇപ്പോൾ രാജ്യത്തു പ്രചരിക്കുന്നതെന്നു സംശയിക്കപ്പെടുന്നു. 

കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിനുകളുടെ ഉല്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തു ആവശ്യമായത്രയും വാക്‌സിൻ നിർമിക്കാൻ  സാധിക്കുന്നില്ല.  ലോകാരോഗ്യസംഘടന അടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ മറ്റു വികസ്വരരാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാൻ ഇന്ത്യ ബാധ്യസ്ഥവുമാണ്. അതിനാൽ ആഭ്യന്തര ആവശ്യങ്ങൾക്ക് വേണ്ടത്ര മരുന്ന് എത്തിക്കാൻ കഴിഞ്ഞില്ല എന്ന ആരോപണവും നിലനിൽക്കുന്നു. പക്ഷേ കോവിഡിൽ നിന്ന് എല്ലാ രാജ്യങ്ങളും  വിമുക്തമാവുമ്പോൾ മാത്രമെ ലോകത്തിനു പൂർണ  സുരക്ഷ ഉറപ്പാക്കാനാവൂ. അതിനാൽ ഇന്ത്യയിൽ നിർമിച്ച വാക്‌സിൻ ഭാവി ഉപയോഗത്തിന് കരുതിവെക്കുന്നതിനു പകരം അത്യാവശ്യക്കാർക്കു കൂടി വിതരണം ചെയ്ത മോദി സർക്കാർ നടപടിയെ ചോദ്യം ചെയ്യാനാവില്ല. 

കോവിഡ് വാക്‌സിൻ ക്ഷാമം കാരണം പല സംസ്ഥാനങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്‌ എന്ന വാർത്തകളുണ്ട്. എന്നാൽ വാക്‌സിൻ ക്ഷാമം ഒരു വലിയ പ്രശ്നമല്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. വാക്‌സിൻ നിർമാണം കൂടുതൽ ത്വരിതമാക്കിയിട്ടുണ്ട്. നിലവിൽ  ഉപയോഗിക്കുന്ന കോവിഷീൽഡ്‌, കോവാക്‌സിൻ എന്നിവക്കു പുറമെ മറ്റു വാക്‌സിനുകൾക്കും അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.