കിഫ്‌ബി: ചോദ്യോത്തരങ്ങൾ (20)
കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട് പദ്ധതി സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ് ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.
കിഫ്ബിയുടെ കടബാധ്യത എത്രയാണ്? അത് നിറവേറ്റാനാവുമോ?
2017 മുതൽ നാലുവർഷം കൊണ്ട് 50,000 കോടി രൂപയുടെ വിഭവസമാഹരണമാണ് കിഫ്‌ബി ലക്‌ഷ്യം വെച്ചത്. ഇതിന്റെ ഭാഗമായി 2018 സപ്റ്റംബറിൽ 5000 കോടി രൂപയുടെ കടപ്പത്രപദ്ധതി പ്രഖ്യാപിച്ചു. ആദ്യപടിയായി 2019 മാർച്ചിൽ 2150 കോടി രൂപയുടെ മസാലബോണ്ടുകൾ ഇറക്കുകയും ചെയ്‌തു. അഞ്ചുവർഷത്തേയ്ക്കുള്ള ഈ ബോണ്ടുകൾക്ക് 9.723 ശതമാനം നിരക്കിൽ അർദ്ധവർഷം തോറും പലിശ നൽകണം. നിക്ഷേപത്തുകയും പലിശയും ചേർത്ത് 3195 കോടി രൂപയുടെ ബാധ്യത. പലിശ മാത്രം 1045 കോടി രൂപ.
ഇന്ത്യക്കകത്തുള്ള ആറു ബാങ്കുകളിൽനിന്ന് കിഫ്‌ബി 3015 കോടി രൂപയുടെ ദീർഘകാലവായ്പകൾ എടുത്തിട്ടുണ്ട്. ഇവ 10 മുതൽ 12 വർഷം വരെയുള്ള കാലയളവിലേക്കാണ്. പലിശ 8.35 മുതൽ 9 ശതമാനം വരെ. തിരിച്ചടവ് ചിലത് മാസംതോറും; മറ്റുള്ളവ മുമ്മൂന്ന് മാസത്തിൽ. അനുവദിച്ച കടം പൂർണമായും എടുത്താൽ സ്ഥിരപലിശ ഗണനപ്രകാരം ഇവയ്ക്ക് ഏകദേശം 2800 കോടി രൂപ പലിശ നൽകണം. വായ്പത്തുക ചേർത്ത് ആകെ ബാധ്യത 5800 കോടിയിലേറെ രൂപയാകും. ബാങ്കുകളിൽ നിന്ന് ഹ്രസ്വകാലവായ്‌പ 507 കോടി രൂപ വേറെയുമെടുത്തിട്ടുണ്ട് (കിഫ്‌ബി വാർഷികറിപ്പോർട്ട്, 2019-20).
ഈ പറഞ്ഞ മൂന്നിനം വായ്പകളുടെ ബാധ്യത ആകെ 5672 കോടി രൂപ. ഹ്രസ്വകാലവായ്പയുടേത് പരിഗണിക്കാതെയുള്ള പലിശബാധ്യത 3845 കോടി രൂപ. ഇത് മാർച്ച് 31,2020 വരെയുള്ള കണക്കാണ്. കഴിഞ്ഞ വർഷത്തിൽ പുതുതായെടുത്ത കടങ്ങൾ ഇതിൽ പെടില്ല.
ഇവയ്‌ക്കെല്ലാം പുറമെയാണ് പ്രവാസിമലയാളികളോടുള്ള ബാധ്യത. ഇത് രണ്ടു തരമുണ്ട്. ആദ്യത്തേത് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ (കെഎസ്എഫ്ഇ) പ്രവാസി ചിട്ടിപ്പണം കിഫ്‌ബി കൈപ്പറ്റുന്നത്. നിക്ഷേപകൻ ഓരോ മാസവും 2500 രൂപ മുതൽ 40,000 രൂപവരെ, 25 മുതൽ 40 മാസം വരെ നീളുന്ന, ഒരു ലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപ വരെ സലയുള്ള ചിട്ടികളിൽ നിക്ഷേപിക്കുന്നു. നിക്ഷേപം വരവ് വെക്കുന്നത് കിഫ്‌ബി-കെഎസ്എഫ്ഇ ബോണ്ടുകളായാണ്. കിഫ്‌ബി പദ്ധതിചെലവിനായി ഈ പണം ഉപയോഗിക്കുന്നു. 2021 ഫെബ്രുവരി 15 വരെ നിക്ഷേപബോണ്ടിനത്തിൽ 269 കോടി രൂപയുടെയും സെക്യൂരിറ്റി ബോണ്ടിനത്തിൽ 55 കോടി രൂപയുടെയും ബാധ്യത കിഫ്ബിക്കുണ്ട് (കിഫ്‌ബി ന്യൂസ്‌ലെറ്റർ, വോള്യം 4, ലക്കം 2.2).
മറ്റൊരു ബാധ്യത കേരളീയ പ്രവാസിവകുപ്പുമായി (നോർക്ക) ചേർന്നുള്ള പ്രവാസി ഡിവിഡൻറ് പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. പ്രവാസി, ലക്ഷം രൂപയുടെ ഗുണിതമായി 3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ ഒറ്റത്തവണ നിക്ഷേപിച്ചാൽ നാലാമത്തെ വർഷം മുതൽ 10 ശതമാനം നിരക്കിൽ പ്രതിമാസ ഡിവിഡൻറ് ലഭിക്കും. ഡിവിഡന്റിന്റെ ഒരു ശതമാനം സർക്കാരും ബാക്കി ഒമ്പത് ശതമാനം കിഫ്ബിയുമാണ് നൽകുക. ഈ പദ്ധതിയിൽ 2021 ഫെബ്രുവരി 15 വരെ കിഫ്ബിക്ക് 162 കോടി രൂപയുടെ ബാധ്യതയുണ്ട് (കിഫ്‌ബി ന്യൂസ്‌ലെറ്റർ, വോള്യം 4, ലക്കം 2.2).
കിഫ്ബിയുടെ പദ്ധതിച്ചെലവിനായും കടം തിരിച്ചടവിനായും സർക്കാർ വാഹനനികുതിയുടെ ഒരു ഭാഗവും പെട്രോൾസെസ്സും നീക്കിവെച്ചിട്ടുണ്ട്. വാഹനനികുതിയുടെ വിഹിതം 10 ശതമാനത്തിൽ തുടങ്ങി, ഓരോ വർഷവും 10 ശതമാനം വീതം വർധിച്ച്, അഞ്ചാംവർഷത്തിൽ 50 ശതമാനമാകും. പെട്രോൾ സെസ്സ് ലിറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ്. കൂടാതെ, സർക്കാർ വായ്‌പയും സഹായധനവും അനുവദിക്കും. 2016ലെ കിഫ്‌ബി ഭേദഗതി നിയമപ്രകാരമാണ് ഈ ആനുകൂല്യങ്ങൾ.
ഈ വ്യവസ്ഥകൾ പ്രകാരം കിഫ്ബിയുടെ പുനസ്സംഘാടനത്തിന്റെ ആദ്യവർഷങ്ങളിൽ സർക്കാർ 3300 കോടി രൂപ നൽകി. കൂടാതെ, 2016-20 കാലയളവിൽ വാഹനനികുതി 1921 കോടി രൂപയും പെട്രോൾ സെസ്സ് 3652 കോടി രൂപയും ചേർത്ത് 5573 കോടി രൂപ കൈമാറി (സിഎജി, കേരളാ സ്റ്റേറ്റ് ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് മാർച്ച് 2019, റിപ്പോർട്ട് നം. 2; കേരള സർക്കാർ, ഇക്കണോമിക് റിവ്യൂ , 2020,വോള്യം 1; കിഫ്‌ബി വാർഷിക റിപ്പോർട്ട്, വിവിധ വർഷങ്ങൾ).
വാഹനവില്പനയിലും പെട്രോൾ ഉപഭോഗത്തിലും ഇടിവ് വരാതിരിക്കുകയും അവയിൽ നിന്നുള്ള നികുതിയിൽ കേന്ദ്രസർക്കാർ പുതുതായി അവകാശം ഉന്നയിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കിഫ്ബിക്കു തുടർന്നും വരുമാനമുണ്ടാകും. വാഹനവില്പനയും പെട്രോൾ ഉപഭോഗവും വർധിക്കുന്നതിനനുസരിച്ച് വരുമാനം ഉയരുകയും ചെയ്യും. കിഫ്ബിയുടെ ചില പദ്ധതികൾ തനതായി വരുമാനം നേടുന്നവയായിരിക്കുമെന്ന് സർക്കാർ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അതെത്രത്തോളമുണ്ടാകുമെന്നു വ്യക്തമല്ല. എന്തുതന്നെയായാലും കിഫ്ബിയുടെ വരുമാനത്തിലെ കുറവ് നികത്തുന്നത് സർക്കാർ സ്വന്തം ബാധ്യതയായി ഏറ്റെടുത്തിട്ടുണ്ട്.
ഇതിന് അത്യന്തം ദോഷകരമായ മറുവശമുണ്ട്. സംസ്ഥാന വരുമാനത്തിന്റെ പ്രധാനയിനങ്ങളുടെ നിശ്ചിതപങ്ക് കിഫ്ബിക്കായി സ്ഥിരമായി മാറ്റിവെക്കുന്നത് സർക്കാരിന്റെ സാമ്പത്തികവഴക്കം കുറയ്ക്കും. കിഫ്ബിക്കുള്ള വിഹിതം കഴിഞ്ഞുള്ള വരുമാനമേ മറ്റു ചെലവുകൾക്കായി ലഭ്യമാകുകയുള്ളു. പ്രകൃതി ദുരന്തം, പകർച്ചവ്യാധി എന്നിവ മൂലമുള്ള അപ്രതീക്ഷിത ചെലവുകൾക്ക് പണം കണ്ടെത്താൻ സംസ്ഥാനത്തിന് ബുദ്ധിമുട്ട് നേരിടാം.
കിഫ്ബിയുടെ കടങ്ങളുടെ തിരിച്ചടവിന് പ്രഥമപരിഗണന നൽകുന്നത് മറ്റുകടങ്ങൾ തിരിച്ചടക്കാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിന്റെ സൂചനകൾ ഇപ്പോൾത്തന്നെയുണ്ട്. ഇവ രണ്ടിന്റെയും തിരിച്ചടവിന് വ്യത്യസ്‌തരീതികളാണ് സർക്കാർ അവലംബിക്കുന്നത്. കിഫ്ബിക്കടങ്ങളുടെ തിരിച്ചടവിന്റെ ഉറവിടം നിശ്ചിതമാണ്, പ്രത്യേക അക്കൗണ്ട് സംവിധാനമുണ്ട്, രൊക്കം അടവുണ്ട്. അത് മറ്റു ചെലവുകൾക്ക് വിനിയോഗിക്കാനാവില്ല. എന്നാൽ മറ്റു കടങ്ങൾക്കെല്ലാം കൂടി ഒരു സഞ്ചിത ഋണനിമജ്ജന നിധി (കൺസോളിഡേറ്റഡ് സിങ്കിങ് ഫണ്ട്) മാത്രമേ ഉള്ളൂ.
പഴയകടം തിരിച്ചടക്കാനായി ഉയർന്ന പലിശയ്ക്ക് പുതിയ കടമെടുക്കേണ്ടി വരുന്നതാണ് പലപ്പോഴും സംസ്ഥാനങ്ങളുടെ കടക്കെണിക്കു കാരണമാവുന്നത്. ഈയൊരു സാഹചര്യം ഒഴിവാക്കാനായി പത്താം ധനകാര്യ കമ്മീഷനാണ് (1992-97) സംസ്ഥാനങ്ങൾ ഋണനിമജ്ജന നിധി രൂപവത്കരിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. റിസർവ് ബാങ്കാണ് നിധി കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സർക്കാർ വാർഷികവരുമാനത്തിന്റെ ഒരുപങ്ക് നിധിയിലേക്ക് നീക്കിവെക്കുന്നു, അത് കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു, പലിശ പൊതുകടം തിരിച്ചടവിന് വിനിയോഗിക്കുന്നു.
സംസ്ഥാനങ്ങൾ ഓരോ വർഷവും നിമജ്ജനനിധിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി റിസർവ് ബാങ്ക് മുട്ടുവായ്പയുടെ (വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ്) പരിധിയിലും പലിശയിലും ഇളവ് അനുവദിക്കും. സമ്പന്നമായ നിമജ്ജനനിധി സംസ്ഥാനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ കമ്പോളത്തിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാൻ സഹായിക്കുകയും ചെയ്യും. റവന്യുക്കമ്മി ഉള്ളപ്പോൾത്തന്നെയും സംസ്ഥാനങ്ങൾ നിമജ്ജനനിധിയിലേക്ക് അടവ് മുടക്കരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ളത് ഈ കാരണങ്ങളാലാണ്. എന്നാൽ 2016ൽ കിഫ്‌ബി പുനഃസംഘടിപ്പിച്ച ശേഷം കേരളസർക്കാർ നിമജ്ജനനിധിയിൽ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ല — ഇക്കാര്യം സിഎജി ആവർത്തിച്ചു ചൂണ്ടിക്കാണിച്ചിട്ടും.