മലപ്പുറത്തെ രണ്ടു സിപിഎം തൂണുകൾ വീഴുന്നു;ലീഗിന് തിരിച്ചുവരവിന്റെ കാലം

പ്രത്യേക ലേഖകന്‍

കോഴിക്കോട്: കേരളരാഷ്‌ട്രീയത്തിൽ മലപ്പുറം ചുവപ്പിക്കും എന്ന് പ്രഖ്യാപിച്ചു രണ്ടു പതിറ്റാണ്ടായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിന്റെ ആണിക്കല്ലുകളാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് കടപുഴകിയത്. സ്പീക്കർ  ശിവരാമകൃഷ്ണനും പിണറായി മന്ത്രിസഭയിലെ പ്രമുഖൻ കെ ടി ജലീലും ഇന്നലെയാണ് തങ്ങളുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ഇനി അവർക്കു ഇരുവർക്കും എളുപ്പത്തിൽ ഒരു തിരിച്ചുവരവും സാധ്യമല്ല.

ന്യൂനപക്ഷ സമുദായ ക്ഷേമ കോർപറേഷനിൽ ബന്ധുനിയമനം സംബന്ധിച്ച കേസിൽ ലോകായുക്ത കെ ടി ജലീലിനെതിരെ രാജിആവശ്യപ്പെട്ടത് വളരെ അപ്രതീക്ഷിതമായ സംഭവമായിരുന്നു. നേരത്തെ  ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച കേസ് വന്നെങ്കിലും മന്ത്രിക്കെതിരെ നടപടി ഉണ്ടായില്ല. എന്നാൽ ബന്ധു നിയമനത്തിൽ മന്ത്രി  നിയമങ്ങൾ കാറ്റിൽ പറത്തി എന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുമുണ്ട്. സിപിഎം തത്കാലം  മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് എടുത്തതെങ്കിലും നിലവിലെ സാഹചര്യത്തിൽ ജലീലിനെ തുണക്കാൻ ശ്രമിച്ചാൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

1996ൽ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ തോൽപിച്ചു കൊണ്ടാണ് ജലീൽ കേരളരാഷ്ട്രീയത്തിൽ താരമാകുന്നത്. കോഴിക്കോട്ടെ ഐസ്ക്രീം പാർലർ സ്ത്രീപീഡനകേസിൽ ഉൾപ്പെട്ട കുഞ്ഞാലിക്കുട്ടി കടുത്ത ജനകീയശിക്ഷക്കാണ് വിധേയനായത്.  അന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ രാഷ്ട്രീയ ധാർമികതയുടെ പ്രശ്‍നം ഉയർത്തി വൻനേട്ടം കൈവരിച്ച ജലീൽ ഇന്ന് അതേ ജനതയുടെ മുമ്പിൽ ശിരസ്സു കുനിച്ചു നിൽക്കേണ്ടി വരികയാണ്.  

മുസ്ലിംലീഗ് ഈ സാഹചര്യത്തെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ലീഗിനെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും  മൂർത്തരൂപമായാണ് സിപിഎം എന്നും ചിത്രീകരിച്ചിരുന്നത്.  ലീഗ് നേതാക്കളുടെ മുൻകാല ചെയ്തികൾ പലതും അവർക്കു വലിയ വിനയായി വരികയും ചെയ്തു. പക്ഷേ പിന്നീട് രാഷ്ട്രീയമായും സംഘടനാപരമായും ലീഗ് ഇത്തരം തെറ്റുകൾക്കെതിരെ കർശനമായ നിലപാടെടുത്തു. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ടു കെ എം ഷാജിക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ പാർട്ടി കർശനമായ സമീപനമാണ് എടുത്തത്. ഷാജിയെ  പിന്തുണക്കാൻ ലീഗ് തയ്യാറായില്ല. അതേസമയം, മഞ്ചേശ്വരം എംഎൽഎ ഖമറുദീനെതിരെ സാമ്പത്തിക ആരോപണം വന്നപ്പോൾ ലീഗ് ഇടപെട്ടു.  അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നതിൽ നിന്ന് ലീഗ് പിന്മാറി. 

ഈ  അവസരത്തിലാണ് രാഷ്ട്രീയ ധാർമികതയുടെ പ്രതിച്ഛായയും പേറിനിന്ന ജലീൽ കുഴപ്പത്തിൽ ചെന്നു ചാടുന്നത്. സ്വർണക്കടത്തു സംഭവങ്ങളിൽ പല തവണ കേന്ദ്ര ഏജൻസികൾ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ തക്കവണ്ണം തെളിവുകൾ കിട്ടിയില്ല. പക്ഷേ ലോകായുക്ത വിധിയോടെ ജലീലിന്റെ അഴിമതിരഹിത പ്രതിച്ഛായ തകർന്നു വീണു. കേസിൽ നിയമനടപടി തുടരും എന്ന ജലീലിന്റെ നിലപാടിനു പാർട്ടിയിൽപോലും സ്വീകാര്യത കിട്ടാൻ പ്രയാസമാണ്.

 അതേസമയം തന്നെയാണ് മലപ്പുറത്തെ ഏറ്റവും പ്രമുഖനായ സിപിഎം നേതാവായി ഉയർന്നുവന്ന ശ്രീരാമകൃഷ്ണന്റെ ദയനീയ പതനം സംഭവിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‍ന സുരേഷുമായി സ്പീക്കറുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ തുടക്കം മുതലേ ഉയർന്നുവന്നിരുന്നു.  ഇടപാടുകളിൽ സ്പീക്കർക്ക് നേരിട്ടു പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ സമൻസ് നേരത്തെ രണ്ടുതവണ വന്നപ്പോൾ അതിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു. സ്പീക്കറുടെ സ്ഥിതി കൃത്യമായി മനസ്സിലാക്കിയ സിപിഎം നേതുത്വവും അദ്ദേഹത്തെ അധികം പിന്തുണക്കുന്നില്ല. ഇനി പൊതുജീവിതത്തിൽ ശ്രീരാമകൃഷ്ണനു അധികം മുന്നോട്ടു പോകാൻ വഴിയില്ല എന്നു തീർച്ചയാണ്. അദ്ദേഹം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്ത പോലും ഇന്നലെ വ്യാപിച്ചു. സ്വപ്‍നയുമായുള്ള ബന്ധത്തിന്റെ പേരിൽ കുടുംബത്തിലും പ്രശ്നങ്ങൾ ഗുരുതരമാണ് എന്നു വാർത്തയുണ്ട്. ശിവരാമകൃഷ്ണൻ രംഗത്തുനിന്ന് തിരോധാനം ചെയ്യുന്നതോടെ മലപ്പുറത്തു സിപിഎം നിരകളിൽ വലിയൊരു വിടവാണ് ഉയർന്നുവരുന്നത്. അത് ലീഗിന് വലിയ ആശ്വാസവും ഒരുപാട് പുതിയ സാധ്യതകളും നൽകുന്നുണ്ട്.