കിഫ്‌ബി: ചോദ്യോത്തരങ്ങൾ (19)
കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട് പദ്ധതി സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ് ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.
അമേരിക്കയെപ്പോലുള്ള വികസിതരാജ്യങ്ങൾക്കും വലിയ പൊതുക്കടമുണ്ടെന്നും അതിനാൽ കേരളത്തിൻറെ ഉയർന്ന കടബാധ്യതയെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. കൂടാതെ, ഇന്ത്യയിലെതന്നെ പല സംസ്ഥാനങ്ങളുടെയും കടബാധ്യത കേരളത്തിൻറെതിനേക്കാൾ കൂടുതലാണെന്നും. ഇതേക്കുറിച്ചു എന്തു പറയുന്നു ?
വികസിതരാജ്യങ്ങളെ മുൻനിർത്തി കേരളത്തിൻറെ കടബാധ്യതയെ ന്യായീകരിക്കുന്നത് നിരുത്തരവാദപരമാണ്. സമ്പദ്‌വ്യവസ്ഥയുടെ ചരിത്രപരമായ പരിണാമം, ഘടനാപരമായ സവിശേഷതകൾ, ഉല്പാദനാടിത്തറയുടെ വലിപ്പം, സാമ്പത്തികവളർച്ചാനിരക്ക്, പൊതുധനകാര്യ നിർവഹണ കാര്യക്ഷമത, ലോകസമ്പദ്‌ക്രമത്തിലെ സ്ഥാനം എന്നിവയിലെ വ്യത്യാസങ്ങൾ പരിഗണിക്കാതെയുള്ള രാഷ്ട്രങ്ങളുടെ കടബാധ്യതാ താരതമ്യങ്ങൾക്ക് യാതൊരു സാംഗത്യവുമില്ല. താരതമ്യം പ്രവിശ്യ അല്ലെങ്കിൽ സംസ്ഥാനവും, സ്വന്തമായി നാണയമിറക്കാനും വിദേശവ്യാപാരനയങ്ങൾ ആവിഷ്ക്കരിക്കാനും ആഗോള ധനകാര്യസ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ നിർണയിക്കാനും സാമ്പത്തികവഴക്കമുള്ള പരമാധികാര രാഷ്ട്രങ്ങളുമായിട്ടാവുമ്പോൾ അത് തീർത്തും അസംബന്ധമാകുന്നു. കേരളത്തിൻറെ അത്രതന്നെയോ അതിൽ കൂടുതലോ കടബാധ്യതയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാൽ അതിലെങ്ങനെ ആശ്വാസം കൊള്ളും? ഇന്ത്യയേക്കാൾ ദരിദ്രമായ രാജ്യങ്ങളുണ്ട്, അതിനാൽ ഇവിടത്തെ ദാരിദ്ര്യം സാരമുള്ളതല്ല എന്നു പറയുന്നതുപോലെ നിരർത്ഥകമാണത്.
മാത്രമല്ല, ആദ്യംപറഞ്ഞ ഘടകങ്ങൾ കുറഞ്ഞ അളവിലെങ്കിലും സംസ്ഥാന ങ്ങളുടെ കടബാധ്യതകൾ തമ്മിലുള്ള താരതമ്യത്തേയും ദുർബലമാക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തിൻറെയും സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകളുമായി ചേർത്ത് വച്ചുമാത്രമേ അതിൻറെ കടഭാരത്തെ വിലയിരുത്താനാവൂ. ഉറച്ച ഉല്പാദനാടിത്തറയും അഖിലേന്ത്യാ വിപണിയാദാനവുമുള്ള സംസ്ഥാനത്തിൻറെയും അനിശ്ചിതമായ കയറ്റുമതി-പ്രവാസ വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനത്തിൻറെയും കടബാധ്യതകളെ ഒരേനിലയിൽ കാണാനാവില്ല. കൂടാതെ, നിലവിലുള്ള കടഭാരത്തിൻറെ ഒപ്പം ശ്രദ്ധിക്കേണ്ടതാണ് അതിൻറെ കഴിഞ്ഞകാല ഗതിവിഗതികൾ, വിനിയോഗം, സമ്പദ്‌ഫലങ്ങൾ, കടം നടത്തിപ്പിലെ കാര്യക്ഷമത എന്നിവ.
ഒരു താരതമ്യ ഉദാഹരണത്തിലൂടെ ഈ സങ്കീർണതകൾ വ്യക്തമാക്കാം. റിസർവ് ബാങ്ക് 2019ൽ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാൻസസ് റിപ്പോർട്ടാണ് ഇതിന് ആധാരം. കേരളത്തിന്റെ അത്രതന്നെ കടബാധ്യതയുള്ള ഒരു സംസ്ഥാനമാണ് ബീഹാർ. 2018-19ൽ സംസ്ഥാന വരുമാനത്തിന്റെ 31 ശതമാനമായിരുന്നു ബീഹാറിൻറെ കടബാധ്യത. കേരളത്തിന്റേത് ഒരല്പം കുറവ്, 30.6 ശതമാനം. സംസ്ഥാന വരുമാനത്തിൻറെ പകുതിക്കു തുല്യമായിരുന്നു 2001ൽ ബീഹാറിൻറെ കടബാധ്യത. ഇത് 2019 ആയപ്പോഴേക്കും 20 ശതമാനം കണ്ട് കുറയ്ക്കാനായി. ഇതേ കാലയളവിൽ കേരളത്തിന് മൂന്ന് ശതമാനത്തിൽ താഴെയേ കുറക്കാനായുള്ളു –33.4ൽ നിന്ന് 30.6 ലേക്ക്. ബീഹാർ റവന്യൂചെലവിൻറെ ഏഴുശതമാനം പലിശയ്ക്കായി വിനിയോഗിക്കുമ്പോൾ കേരളത്തിന് അതിൻറെ ഇരട്ടി ചെലവിടേണ്ടി വരുന്നു. കടംവീട്ടാനായി ബീഹാർ കരുതൽനിധിയിലേക്ക് മാറ്റിയ തുകയുടെ നാലിലൊന്നുപോലും കേരളം വകയിരുത്തിയിട്ടില്ല. ഇത്തരം സങ്കീർണതകൾ കണക്കിലെടുക്കാതെ കടബാധ്യതകൾ കേവലമായി തുലനം ചെയ്യുന്നത് സമ്പദ്ശാസ്ത്രയുക്തിക്കു നിരക്കുന്നതല്ല.