കടത്തനാട്ടിൽ എഴുതപ്പെടുന്നത് പുതിയൊരു ചരിത്രം

  എൻ പി ചെക്കുട്ടി

കോഴിക്കോട്: വേനൽ കനക്കുമ്പോൾ കടത്തനാട്ടിലും പരിസരങ്ങളിലും ചെണ്ടയുടെ താളം മുറുകും. കോമരങ്ങൾ  മുഖത്തെഴുത്തും വേഷപ്പകർച്ചയും പള്ളിവാളുമായി രംഗപ്രവേശം ചെയ്യും. വീരന്മാരുടെ നാടാണല്ലോ കടത്തനാട്. അവിടെ ജനജീവിതം പഴയൊരു ഗോത്രസ്‌മൃതിയുടെ നൈരന്തര്യത്തെ എന്നും  ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

അതിനാൽ കടത്തനാട്ടിലെയും പരിസരദേശങ്ങളിലെയും രാഷ്ട്രീയം  കേരളത്തിൽ പരിചയമുള്ള രാഷ്ട്രീയത്തിന്റെ രീതികളിൽ നിന്ന്  വേറിട്ടുനിൽക്കുന്നു. ഇവിടെ വീരസ്മരണകൾ സമകാല ജീവിതാനുഭവങ്ങളുമായി ഇടകലർന്നാണ് നിലകൊള്ളുന്നത്. അതിനാൽ വടകരയുടെ രാഷ്ട്രീയത്തിന് ഭ്രമാത്മകതയുടെ ഒരുതലമുണ്ട്. ഗതകാല അനുഭവങ്ങൾ, സ്‌മൃതികൾ, അനീതിയുടെ തേരോട്ടം, നീതിക്കു വേണ്ടിയുള്ള ദാഹം–ഇതെല്ലാം ഇവിടെ നിത്യാനുഭവങ്ങളുടെ ഭാഗമാകുന്നു. ഓരോ പോരാട്ടവും പഴയ പോരാട്ടങ്ങളുടെ തുടർച്ചയാകുന്നു.

അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഈ നാടുകളുടെ ഹൃദയത്തിലൂടെ അലക്ഷ്യമായി യാത്ര ചെയ്തത്. കിട്ടിയ ബസ്സിലേറി തോന്നിയ നാട്ടിലേക്കു ടിക്കറ്റെടുത്തു. അങ്ങാടിയിൽ കറങ്ങിനടക്കുമ്പോൾ  പരിചിതരും അപരിചിതരും കയറിവന്നു. കഥകളും അനുഭവങ്ങളും പങ്കുവെച്ചു.  പ്രതീക്ഷകളും ആശങ്കകളും കൈമാറി. 

കോഴിക്കോട്ടു നിന്ന് തൊട്ടിൽപ്പാലത്തേക്കു പോകുന്ന ബസ്സിലാണ് കേറിപ്പറ്റിയത്. ബാലുശ്ശേരിയും പേരാമ്പ്രയും കുറ്റ്യാടിയും തരണം ചെയ്‌താണ്‌ കിഴക്കു മലയോരദേശങ്ങളിലേക്കു പോകുന്നത്. ഇതൊരു ചരിത്രാതീതകാലം മുതലുള്ള ജനപഥമാണ്. കിഴക്കു മലനാട്ടിൽ നിന്നു തീരത്തെ പട്ടണങ്ങളിലേക്കു നെല്ലും തേങ്ങയും കുരുമുളകും കടത്തിക്കൊണ്ടുപോന്ന പഴയൊരു ജീവിതത്തിന്റെ ഓർമ്മകൾ. കുറ്റ്യാടി-നാദാപുരം വഴി പഴയൊരു പാത. പിന്നെ കോരപ്പുഴയിലും കുറ്റിയാടിപ്പുഴയിലും ചരക്കുകൾ പേറി ഒഴുകിവന്ന തെരപ്പങ്ങൾ. വെള്ളപ്പട്ടാളം പഴശ്ശി രാജാവിനെ വേട്ടയാടാനായി തോക്കും പീരങ്കിയുമായി പടയോട്ടം നടത്തിയ വഴികൾ. അവിടെയാണ് തലശ്ശേരി നിന്നുള്ള വെള്ളപ്പട്ടാളത്തെ പഴശ്ശിപ്പട അരിഞ്ഞു വീഴ്ത്തിയത്. അന്നു  പേരിയ ചുരത്തിൽ കുറിച്യരുടെ അമ്പു കൊണ്ടു വീണവരിൽ ഒരാൾ ഹെലൻ സോമെർവിൽ എന്ന യുവതിയുടെ ഭർത്താവ് ഫിയറോൺ. പതിനെട്ടാം   വയസ്സിൽ തലശ്ശേരിയിൽ മദാമ്മപ്പെണ്ണിന്റെ വൈധവ്യം. രണ്ടാം ഭർത്താവായി 

വന്നത് പിന്നാലെ ലണ്ടനിൽ നിന്ന് കപ്പലേറി വന്ന തോമസ് ബേബർ എന്ന യുവാവ്. കുറ്റ്യാടിചുരം താണ്ടിയ ബേബർ മാനന്തവാടിയ്ക്കടുത്തു വച്ചു പഴശ്ശിയെ വധിച്ചു. പഴശ്ശിയുടെ വിധവയെ ബാബർ  മാനന്തവാടിയിലേക്കു കൊണ്ടുപോയത് സ്വന്തം പല്ലക്കിലെന്നത് ജനങ്ങൾക്കിടയിൽ ഇന്നും ഓർമിക്കപ്പെടുന്ന പുരാവൃത്തം. 

ഇപ്പോൾ കുറ്റ്യാടിയിൽ കടുത്ത മത്സരമാണ്. ഖത്തറിലെ വ്യവസായി പാറക്കൽ അബ്ദുല്ല നാട്ടിലെത്തി രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ കളം നിറഞ്ഞുനിന്ന സഖാക്കൾ കുഴപ്പത്തിലായി. ഭൂപരിഷ്കരണകാലം മുതലേ ഇവിടെ ഗ്രാമങ്ങളിൽ വർഗസംഘർഷത്തിന്റെ കനലുകൾ എരിയുന്നു. പഴയ കുടിയാന്മാരായ മാപ്പിളമാർ ഭൂവുടമകളായി. നെല്ലും തെങ്ങും കുരുമുളകും  അടക്കയും ഗൾഫിലെ തൊഴിലും കച്ചവടവും അവരെ സമ്പന്നരാക്കി. അവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നിന്ന് ലീഗായി. കുറ്റിയാടിയിലും നാദാപുരത്തും വാണിമേലും കർഷകത്തൊഴിലാളികളായ തിയ്യരും പുത്തൻ ഭൂവുടമകളായ മാപ്പിളമാരും തമ്മിൽ സംഘർഷം  പെരുത്തു. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച എ കണാരനും ഇ വി കുമാരനും നാദാപുരം രണഭൂമിയിൽ ചെങ്കൊടിയുടെ നാഥന്മാരായി. വർഗസംഘർഷം പിന്നെപ്പിന്നെ വർഗീയ സംഘർഷമായി. അന്നൊരിക്കൽ സി എച്ച് മുഹമ്മദ്കോയ പറഞ്ഞപോലെ നാട്ടിൽ  തെങ്ങിന്റെ കുലയ്ക്കും മനുഷ്യന്റെ തലയ്ക്കും രക്ഷയില്ലാത്ത അവസ്ഥയായി. 

കുറ്റ്യാടിയും നാദാപുരവും പഴയ  കുന്നുമ്മലും ഒക്കെ എക്കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എതിരില്ലാ ഭൂമികളായിരിന്നു. ഇപ്പോഴും ഒരു പരിധി വരെ അങ്ങനെതന്നെ. അവിടെയാണ് ചെങ്കൊടിക്കീഴിൽ പ്രത്യക്ഷമായ ഒരു പഴുതിലൂടെ പാറക്കൽ അബ്ദുള്ളയും ലീഗും കഴിഞ്ഞ തവണ കേറിവന്നത്. ഇപ്പോൾ കുറ്റ്യാടിക്കാർക്ക് അബ്ദുള്ള നാട്ടുകാരനും വീട്ടുകാരനുമായി.  അഞ്ചുവർഷത്തിൽ  700 കോടിയുടെ വികസനമാണ് താൻ കൊണ്ടുവന്നതെന്ന് അബ്ദുള്ള പറയുന്നു. ഇത് സർക്കാർ വികസനം മാത്രമല്ല, ഗൾഫിൽ നിന്നുള്ള സന്നദ്ധസംഘങ്ങളും  മനുഷ്യസ്നേഹികളും കയ്യയച്ച് സഹായിച്ചതായാണ് എംഎൽഎയുടെ അവകാശവാദം. 

കുറ്റ്യാടിയിൽ പച്ചക്കൊടിയെ വിജയരഥത്തിലേക്ക് ആനയിച്ചത് ചെങ്കൊടിക്കീഴിൽ ഉണ്ടായ വിടവാണെന്നു പറഞ്ഞല്ലോ. ഇത്തവണയും സീറ്റു വിഭജനം വന്നപ്പോൾ ഇവിടെ പാർട്ടിക്കാർ നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. എന്നാൽ ഈ വിടവ് ഇവിടെയുണ്ടായതല്ല. ഒഞ്ചിയമാണ് അതിന്റെ പ്രഭവകേന്ദ്രം. അതു ഇന്നും കടത്തനാടിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന ഒരു രക്തസാക്ഷിത്വത്തിന്റെ ഓർമകളെ ഉണർത്തുന്ന അനുഭവമാണ്. കടത്തനാടിന്റെ ചരിത്രകാരൻ എം സി വടകര അതിന്റെ ചില പിന്നാമ്പുറക്കഥകൾ അനുസ്മരിച്ചു.  

ഈ പുരാവൃത്തം തുടങ്ങുന്നത് കടത്തനാടിന്റെ അഭിമാനമായ ഒഞ്ചിയം എന്ന ഗ്രാമത്തിലാണ്. കർഷകസമരങ്ങളുടെ, രക്തസാക്ഷികളുടെ നാട്. അവിടെ പണ്ട് റോഡോ പാലമോ സർക്കാർ കെട്ടിടങ്ങളോ ഒന്നുമില്ല. ലക്ഷണമൊത്ത പാർട്ടിഗ്രാമങ്ങളിൽ അതൊന്നും പാടില്ലെന്ന് അലിഖിത നിയമമുണ്ട്. കമ്യൂണിസ്റ്റ് അല്ലാത്ത കാക്ക പോലും അത്തരം പ്രദേശത്തു പറക്കാൻ ധൈര്യപ്പെടുകയില്ല. അങ്ങനെ കാലം കഴിയവേ നാട്ടിലെങ്ങും വികസനം വന്നു. നല്ല റോഡുകളും കമ്പിക്കാലിൽ വൈദ്യുതിയും ഗ്രാമങ്ങളിലെത്തി. ഒഞ്ചിയത്തിനു തൊട്ടുള്ള ദേശീയപാതയിലൂടെ നേതാക്കൾ കൊടിവച്ച കാറിൽ തെക്കും വടക്കും കുതിക്കുന്നത്‌ കണ്ട ഗ്രാമത്തിലെ യുവാക്കൾക്കും ഒരു മോഹം. നമുക്കും വേണം നല്ലൊരു റോഡ്. ആർക്കെങ്കിലും അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ കസേരയിൽ ഇരുത്തി ചുമലിലേറ്റി അങ്ങാടിയിൽ എത്തിക്കേണ്ട അവസ്ഥ ഇനി പാടില്ല. 

ഗ്രാമത്തിന്റെ എല്ലാ തുടിപ്പുകളും നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കും സമ്മതം. അങ്ങനെ റോഡിനു വേണ്ടി ശ്രമദാനമായി. നാട്ടുകാരൊക്കെ ഒന്നിച്ചിറങ്ങി. പാതയോരത്തെ വീട്ടുകാരൊക്കെ രണ്ടും മൂന്നും സെന്റ് ഭൂമിയാണ് റോഡിനായി വിട്ടുകൊടുത്തത്; ഒരാളൊഴികെ. പാതയോരത്തെ  വീട്ടിൽ അമർന്നിരുന്ന് ആണ്ടിയേട്ടൻ പറഞ്ഞത്രേ: “ഭൂമി വിട്ടുകൊടുത്തുള്ള  ഒരു പരിപാടിയുമില്ല.” നല്ല കായ്ക്കുന്ന തെങ്ങു കുലച്ചു നിൽക്കുന്നു. അതു കളയാൻ അദ്ദേഹം തയ്യാറില്ല.   

അതോടെ നാട്ടിൽ കോലാഹലമായി. യുവജനങ്ങൾ പ്രതിഷേധമായി.  ആണ്ടിയേട്ടൻ പഴയ സമരപാരമ്പര്യമുള്ള  കുടുംബത്തിന്റെ നാഥനാണ്. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് പാർട്ടിയുടെ സമുന്നത നേതാവാണ്. ആണ്ടിയേട്ടൻ ഒരു നിലപാടെടുത്താൽ അണുവിട മാറുന്ന പ്രശ്നമില്ല. അതിനാൽ ഗ്രാമത്തിലെ ഹറാംപിറന്ന ചില ചെക്കന്മാർ എളുപ്പത്തിൽ പ്രശ്‍നം പരിഹരിച്ചു. നട്ടപ്പാതിരയ്ക്കു പോയി അവർ ആണ്ടിയേട്ടന്റെ പറമ്പിലെ തെങ്ങു വെട്ടി. സ്തംഭിച്ചു നിന്ന ചെമ്മൺപാത അതോടെ പടിഞ്ഞാറ് ദേശിയപാതയിലേക്ക് കുതിച്ചൊഴുകി. 

പിന്നീടുണ്ടായ സംഭവങ്ങൾ കടത്തനാടിന്റെ മാത്രമല്ല, കേരളത്തിന്റെ  ചരിത്രവും മാറ്റിയെഴുതി. ആണ്ടിയേട്ടൻ നാട്ടിലെ ജനങ്ങളുടെ പ്രിയ സഖാവ് കുമാരേട്ടനെതിരെ കേസ് കൊടുത്തതോടെ ജനം പ്രക്ഷുബ്ധരായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ടായി അനുരണനങ്ങൾ. അന്നാണ് ടി പി ചന്ദ്രശേഖരൻ എന്നൊരു യുവനേതാവിന്റെ നേതൃത്വത്തിൽ ഒഞ്ചിയത്തെ ജനങ്ങൾ സിപിഎമ്മിനെതിരെ സംഘടിച്ചത്. ആണ്ടിയേട്ടന്റെ ജാമാതാവു കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ വിളിച്ചത് “കുലംകുത്തി” എന്നായിരുന്നു. പിന്നീട്  ടിപി കൊല്ലപ്പെട്ടു. അപ്പോഴേക്കും ഇരട്ടച്ചങ്കൻ എന്നറിയപ്പെടാൻ തുടുങ്ങിയ നേതാവ് വീണ്ടും ഉവാച:” കുലംകുത്തി എന്നും കുലംകുത്തി തന്നെ.“  

ഒഞ്ചിയത്തു സിപിഎമ്മിൽ നിന്നും ഇറങ്ങിപ്പോയവർ ആർഎംപിയെന്ന  പാർട്ടിയുണ്ടാക്കി. വടകര ലോകസഭാ മണ്ഡലവും കുറ്റ്യാടിയടക്കം പല നിയമസഭാ മണ്ഡലങ്ങളും സിപിഎമ്മിനെ കൈവിട്ടു. ഇപ്പോൾ ആർഎംപി  പുതിയൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്നു. വടകരയിൽ കെ കെ രമ അതിന്റെ സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. വടകരയിൽ മാത്രമല്ല, മീപസ്ഥമായ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലും ആർഎംപിക്ക് ശക്തിയുണ്ട്; സംഘടനയുണ്ട്. ആർഎംപി അണികൾ എല്ലായിടത്തും ഇത്തവണ സജീവമായി  യുഡിഎഫിനു വേണ്ടി രംഗത്തുണ്ടെന്നു വടകരയിൽ രമയുടെ കേന്ദ്ര ഓഫീസിൽ കണ്ടപ്പോൾ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി എൻ  വേണു പറഞ്ഞു. മത്സരം കടുത്തതാണെന്നു വേണു അംഗീകരിക്കുന്നു. പക്ഷേ ഇത്തവണ ആർഎംപിയുടെ പ്രതിനിധിയായി ടിപിയുടെ വിധവ നിയമസഭയിൽ ഉണ്ടാകും എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. 

പെസഹാവ്യാഴത്തിന് ഉച്ചയ്ക്ക് വടകരയെത്തിയപ്പോൾ സ്ഥാനാർഥി രമയും സംഘവും തീരദേശത്തു വീടുകൾ കയറിയിറങ്ങുകയാണ്. വലിയ ആവേശമാണ്  കടപ്പുറത്തെങ്ങും. അവിടെ ലീഗുകാരാണ് അധികവും. അവർക്കു രമ സ്വന്തം സ്ഥാനാർഥി തന്നെ. കഴിഞ്ഞദിവസം നഗരത്തിലെ താഴെ അങ്ങാടിയിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പൊതുയോഗം ശരിക്കും ഇരമ്പി. ഓർക്കാട്ടേരിയിൽ രക്തസാക്ഷി കുടുംബങ്ങളിൽ നിന്നുള്ളവരുടെ സംഗമം മറ്റൊരു മഹത്തായ സന്ദർഭമായിരുന്നു. അക്രമത്തിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാൻ സമയമായി എന്നാണ് ആ വേദിയിൽ സംസാരിച്ച ഉമ്മൻചാണ്ടി സിപിഎം സഖാക്കളെ ഓർമിപ്പിച്ചത്.  

രമയുടെ പ്രചാരണം എല്ലായിടത്തും ജനകീയമായ വൻസ്വീകാര്യത നേടിയതായി കൂടെയുള്ള ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരൻ ഉറപ്പിച്ചു പറയുന്നു. സ്ത്രീകളും യുവജനങ്ങളും അവരുടെ വാക്കുകൾക്കായി കാതോർക്കുന്നു. പുതിയൊരു ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു അവർ പ്രതീക്ഷ പുലർത്തുന്നു. 

അതു സിപിഎമ്മിലും പരിഭ്രാന്തി ഉയർത്തിയതായി വടകരയിലെ പൗരസമൂഹവും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നാട്ടിലെങ്ങും പലരെയും നേരിട്ടു വിളിക്കുന്നു. പിന്തുണ അഭ്യർത്ഥിക്കുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ പൊതുസമ്മേളനം നടത്തിയ മുഖ്യമന്ത്രി വീണ്ടും ദുഃഖവെള്ളിയാഴ്ച വടകരയിൽ രണ്ടാമതും പ്രസംഗിക്കാനെത്തുന്നു. രമയുടെ പ്രചാരണം ആരുടെയൊക്കെയോ ചങ്കിൽ കൊള്ളുന്നതാണ് എന്നു അതെല്ലാം തീർത്തുപറയുന്നു.

വടകര നിന്ന് അല്പം കിഴക്കോട്ടു യാത്രചെയ്‌താൽ നാദാപുരം അങ്ങാടിയായി. വടക്കൻ പാട്ടിൽ പുകൾപെറ്റ ദേശം. പോകുന്ന വഴിയിലാണ് തച്ചോളി മാണിക്കോത്തു കുടുംബക്ഷേത്രം. തച്ചോളി ഒതേനന്റെ പോരാട്ടവും പ്രേമവും വടക്കൻപാട്ടിലെ ഇതിഹാസം. തൊട്ടു അപ്പുറം പണിക്കോട്ടി എന്ന ഗ്രാമം. വടക്കൻപാട്ടിന്റെ ഏറ്റവും വലിയ ആരാധകനും ഒരുകാലത്തു സിപിഎം എന്ന പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്ന എം കെ പണിക്കോട്ടി എന്ന എം കേളപ്പേട്ടന്റെ സ്വന്തം നാട്. മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി ഒരുകാലത്തു അറിയപ്പെട്ട എം കെ കേളു എന്ന  കേളുഏട്ടന്റെ നാടും ഇവിടെത്തന്നെ.

പതിറ്റാണ്ടുകളായി മലബാറിൽ തെരഞ്ഞെടുപ്പുകൾ റിപ്പോർട്ട് ചെയ്‌ത തലമുറയിലെ മാധ്യമപ്രവർത്തകർക്കു അത്ഭുതം തോന്നുന്ന ചില കാര്യങ്ങൾ ഇതിനിടയിൽ മനസ്സിലേക്കു തേട്ടിവരുന്നു. എന്നും പ്രസ്ഥാനത്തിന്റെ വ്യത്യസ്ത നേതാക്കളെ ജനങ്ങൾക്കിടയിൽ അണിനിരത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രദ്ധിച്ചിരുന്നു. സിപിഎം പാരമ്പര്യവും അതുതന്നെയായിരുന്നു. രാഷ്ട്രീയമായിരുന്നു എന്നും മുഖ്യ ചർച്ചാവിഷയം. അന്നു നേതാക്കൾ ഒറ്റയായല്ല, സംഘമായാണ് ജനങ്ങൾക്ക് മുന്നിൽ വന്നത്. ഇഎംഎസും എകെജിയും,  ബിടിആറും സുന്ദരയ്യയും ഒരേചരടിൽ ഒരേ മുദ്രാവാക്യത്തിൽ ജനമനസ്സിൽ നിറഞ്ഞുനിന്നു. എന്നാൽ ഇവിടെ കേട്ടത് “ഉറപ്പാണ് പിണറായി, ഉറപ്പാണ് തുടർഭരണം“ എന്നൊക്കെയാണ്. എന്തുറപ്പ്, ഏതുറപ്പ്, ആരുടെ ഉറപ്പ്? ഇൻക്വിലാബ് സിന്ദാബാദ് എന്ന തലമുറകളെ ത്രസിപ്പിച്ച മുദ്രാവാക്യം, കൊലമരത്തിൽ കേറാൻപോകുമ്പോൾ പോലും വിപ്ലവകാരികൾ മുഴക്കിയ മുദ്രാവാക്യം ഇന്നു കടത്തനാട്ടിൽ അന്യംനിന്നു പോയിരിക്കുന്നു. 

നാദാപുരത്തു ചെല്ലുമ്പോൾ കണ്ണിൽ തറയ്ക്കുന്നതു ഇടതുപക്ഷത്തിനു കൈമോശം വന്നുപോയ ഈ വിപ്ലവപാരമ്പര്യമാണ്. സിപിഐയുടെ സാമാജികൻ ഇ കെ വിജയൻ മണ്ഡലത്തിൽ ഒരു നിഴൽപോലെ കാണപ്പെടുന്നു. അദ്ദേഹം പാർട്ടിയിൽ പോലും വിമർശനം നേരിടുന്നു എന്ന് ചില സഖാക്കൾ. കാരണം ഒരുകാലത്തു സിപിഐയുടെ ജില്ലയിലെ പ്രധാനകേന്ദ്രമായിരുന്ന മണ്ഡലത്തിൽ ഇപ്പോൾ പാർട്ടി വട്ടപ്പൂജ്യം. എവിടെയും ആധിപത്യം  പുലർത്തുന്നത് സിപിഎം. ഇനി എത്രനാൾ മണ്ഡലം സിപിഐയ്‌ക്ക്‌ മത്സരിക്കാൻ കിട്ടും എന്നറിയാത്ത പരുവത്തിലാണ് സഖാക്കൾ. അതിനാൽ   ഉണങ്ങിയ മട്ടിലാണ് പ്രചാരവേല. ഇരട്ടച്ചങ്കിന്റെ വേലിയേറ്റത്തിൽ അമ്മായിയും കുടിച്ചു പാൽക്കഞ്ഞി എന്ന മട്ടിലൊരു സിപിഐ ക്യാമ്പയിൻ.

എന്നാൽ  അഞ്ചുവർഷമായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ് പ്രതിപക്ഷത്തു കോൺഗ്രസ്സിന്റെ അഡ്വക്കറ്റ് പ്രവീൺകുമാർ. നാദാപുരത്തു അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നപ്പോൾ സ്ഥാനാർഥി പര്യടനത്തിലാണ്. ഫോണിൽ വിളിച്ചുതന്നതു ഓഫീസിലെ ചുമതലയുള്ള അഡ്വക്കറ്റ് രഘുനാഥ്. ബക്കളം മുഹമ്മദ് പോലെ ലീഗിന്റെ പ്രമുഖ നേതാക്കളും ഓഫീസിൽ എന്നെയും എം സി വടകരയേയും കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞത് വളയം പോലുള്ള പ്രദേശങ്ങളിൽ കള്ളവോട്ടും ബൂത്ത് പിടിക്കലും മാത്രമാണ് ഇത്തവണ ഒരേയൊരു ഭീഷണി എന്നാണ്. ഇതൊക്കെ വളരെ ഉൾനാടൻ പ്രദേശങ്ങളാണ്. കുന്നും മലകളും കുത്തനെയുള്ള താഴ്വരകളും നിറഞ്ഞ നാട്. അവിടെ ലീഗിനും കോൺഗ്രസ്സിനും രാഷ്ട്രീയപ്രവർത്തനം വിഷമകരമാണ്. ഇപ്പോൾ ആർഎംപിയും കൂടെവന്നത് അവർക്കു ഇത്തരം  ദുർഗമദേശങ്ങളിൽ പുതിയൊരു പ്രതീക്ഷ നൽകുന്നുണ്ട്.

പേരാമ്പ്രയിൽ നഗരം മുഴുക്കെ ചെഞ്ചായമണിഞ്ഞു നിൽക്കുകയാണ്. ബസ്സിൽ  വന്നിറങ്ങുമ്പോൾ ചുറ്റിലും കാണുന്ന മുഖങ്ങൾ രണ്ടാണ്: പേരാമ്പ്രക്കാരുടെ സ്വന്തം നേതാവ് ടി പി രാമകൃഷ്‌ണൻ. പിന്നെ അദ്ദേഹത്തിന്റെ തലയ്ക്കുമേൽ വടവൃക്ഷം പോലെ പിണറായി വിജയൻ. എതിരാളി ഇബാഹിംകുട്ടി പഴയ ലീഗ് അനുകൂലിയാണ്. വിദേശത്തൊക്കെ നല്ല ബിസിനസ്സുണ്ട്. സൈക്കിൾ ചിഹ്നം. അങ്ങാടിയിൽ തോറ്റാലും ഇബ്രാഹിംകുട്ടിക്ക് ആളുണ്ടെന്ന് അല്പം അങ്ങോട്ടോ ഇങ്ങോട്ടൊ മാറിസഞ്ചരിച്ചാൽ ബോധ്യമാകും. “എന്തായാലും ടി പി ഞങ്ങളുടെ നേതാവാണ്, അഞ്ചുവർഷം മന്ത്രി. എന്നാൽ ഒരാരോപണവും അദ്ദേഹം  കേൾപ്പിച്ചില്ല” എന്നു  നാട്ടുകാരിൽ ഒരാളുടെ സർട്ടിഫിക്കറ്റ്. കാര്യം ശരിയാണ്. പഴയൊരു താത്തയുടെ ഡയറിയിൽ പേരുള്ള സഖാവുമൊത്തു  മന്ത്രിസഭയിൽ ഇരുന്നയാളാണ്  ടിപി രാമകൃഷ്ണൻ. എന്നിരുന്നാലും ഇന്നും അബ്‌കാരി  പണത്തിന്റെ ചൂര് നമ്മുടെ മദ്യമന്ത്രി പ്രസരിപ്പിക്കുന്നില്ല. ഇന്നത്തെക്കാലത്തു മുല്ലപ്പൂമ്പൊടി ഏറ്റിട്ടായാലും മദ്യത്തിന്റെ സാന്നിധ്യം കൊണ്ടായാലും നേതാക്കളുടെ സാന്നിധ്യം ജനമറിയുന്നത് ഇത്തരം ചില ഗന്ധങ്ങൾ വഴിയാണ്. അതൊഴിവാക്കുകയെന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ലെന്നത് പേരാമ്പ്രയുടെ മന്ത്രിയെ വ്യത്യസ്തനാക്കുന്നുണ്ട്.