എന്തിനാണ് രമേശ് ചെന്നിത്തലയെ ഭയക്കുന്നത്?
കേരളം കണ്ടിട്ടുള്ള ഏറ്റവും അപകടകാരിയായ മനുഷ്യന്‍ ആരെന്ന് ചോദിച്ചാല്‍ കമ്മ്യുണിസ്റ്റ്കാര്‍ക്ക് ഇപ്പോള്‍ ഒറ്റ ഉത്തരമേയുണ്ടാവൂ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കുറിയ മനുഷ്യന്‍റെ ശരീരഭാഷയും നില്‍പ്പും നടപ്പും നോട്ടവും എല്ലാം കമ്മ്യുണിസ്റ്റ്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ഥിയാണ്. താന്‍ പത്രപ്രസ്താവനയോ പത്രസമ്മേളനമോ നടത്തിയാല്‍ അതിന്‍റെ ചൂടാറും മുമ്പേ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നിരന്തര തെറി അഭിഷേകം തുടങ്ങും എന്ന് പരിതപിക്കുന്നത് പ്രതിപക്ഷ നേതാവ് തന്നെയാണ്. ആയിരക്കണക്കിനു സൈബര്‍ പോരാളികള്‍ അവരുടെ തട്ടകങ്ങളില്‍ അതിന് കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കുകയാണ്. ‘കോഴി ഇതാ മുട്ടയിട്ടു ഉടന്‍ ഇറങ്ങിക്കോ’ എന്നാണ് സബൈര്‍ സഖാക്കള്‍ ഇതിന് കൈമാറുന്ന സന്ദേശം. കേട്ട പാതി കേള്‍ക്കാത്ത പാതി സൈബര്‍ കൂലിപ്പട കാപ്സ്യുളുകള്‍ തുടര്‍ന്ന് വര്‍ഷിച്ചു കൊണ്ടിരിക്കുമത്രേ. തെരുവില്‍ കാണുന്ന കാളികൂളി സംഘം മാത്രമല്ല, കോളജ് പ്രൊഫസര്‍മാര്‍, പാര്‍ട്ടി പത്രത്തിലും അതിന് പുറത്തുമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഈ വേട്ടയ്ക്ക് ഉണ്ട്. അതില്‍ ചിലര്‍ക്ക് നല്ല പ്രതിഫലവും കിട്ടുന്നുണ്ട്.
എന്തു കാരണത്താലാണ് മുഖ്യമന്ത്രി മുതല്‍ സൈബര്‍ പോരാളി വരെയുള്ളവര്‍ ചെന്നിത്തലയെ ഭയപ്പെടുന്നത്? ഒറ്റതിരിച്ച് ഇങ്ങിനെ വേട്ടയാടുന്നത്? പ്രതിപക്ഷ നേതാവിനെ എങ്ങിനെ വേണമെങ്കിലും തേജോവധം ചെയ്യാം എന്നൊരു അവകാശം ഇതിനകം ഭരണപക്ഷം തീറെഴുതി എടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് വ്യാജവോട്ടുകള്‍ പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ അദ്ദേഹത്തിന്‍റെ അമ്മ കള്ളവോട്ട് ചേര്‍ത്തു എന്ന് ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിക്ക് അടക്കം ഒരു കൂസലുമുണ്ടായില്ല. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃത മാര്‍ക്ക് നല്‍കിയ വിവാദം കത്തി നിന്നപ്പോള്‍ വിദ്യാഭ്യാസമന്ത്രി ജലീല്‍ തിരിച്ചടിച്ചത്, പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്‍റെ മകന്‍റെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്‍റര്‍വ്യൂ നടന്നപ്പോള്‍ രഹസ്യമായി ദില്ലിയിലെത്തി മാര്‍ക്ക് കൂട്ടിയിടീക്കാന്‍ ശ്രമിച്ചു എന്നായിരുന്നു. മുഖ്യമന്ത്രിയെ പോലും അത് വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്രയ്ക്ക് പ്രതിപക്ഷ നേതാവിനെ ഭയപ്പെടുന്നത്?
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വെടിമരുന്നു പോലെ ജ്വലിക്കുന്ന പടക്കമാകരുതെന്നും ക്ലിഫ് ഹൗസിലെ ഫ്രിഡ്ജിലെ സാധനം പോലെ ഇരുന്നുകൊള്ളണമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസിലാകുക. എപ്പോഴും സുഖശീതളമായ അന്തരീക്ഷത്തില്‍ കഴിയുന്ന പ്രതിപക്ഷ നേതാവിനെയാണ് അവര്‍ക്ക് പ്രിയം. നിയമസഭയില്‍ മൗനവ്രതത്തില്‍ കഴിയുകയും ശീതികരിച്ച വിമാനത്തിലും ആഡംബര കാറിലും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനങ്ങളുടെ മുന്നില്‍ സന്തോഷപൂര്‍വ്വം കൈകൂപ്പി നില്‍ക്കുകയും ആര്‍ക്കെതിരെയും വിരല്‍ചൂണ്ടാതിരിക്കുകയും കമാ എന്ന് ശ്ബദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവാണ് നമുക്ക് വേണ്ടതെന്ന് കരുതുന്നവരാണവര്‍. അഴിമതിയുടെ കരിമ്പാറക്കെട്ടുകള്‍ ബര്‍മ്മ വെച്ച് തുരന്നു വെടിമരുന്ന് കയറ്റി നിരന്തരം സ്ഫോടനം നടത്തുന്ന പ്രതിപക്ഷ നേതാവ് നമുക്ക് എന്തിന് എന്നാണവരുടെ ചോദ്യം?
ഒരു കല്ലെടുത്ത് മറ്റൊരു കല്ലില്‍ പ്രതിഷ്ഠച്ചിട്ടാണ് ശ്രീനാരായണ ഗുരു സ്വന്തം ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞതുപോലെ ഒരു വോട്ടറെ തന്നെ അടുത്തവീട്ടിലെയും അതിന്‍റെ അടുത്ത വീട്ടിലെയും പിന്നെയും കാണുന്ന വീട്ടിലെയും വോട്ടറായി വെച്ചു കൊണ്ടാണല്ലോ പിണറായി വിജയന്‍ തുടര്‍ഭരണ സ്വപ്നം നെയ്തെടുക്കുന്നത്. എന്നാല്‍ അവിടെയും കയറി കുഴപ്പമുണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ്! വോട്ടര്‍പട്ടികയില്‍ ഇനി ശുദ്ധികലശം നടത്തുന്നത് ഒന്ന് കാണട്ടെ എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി വീമ്പടിക്കുന്നത്.
ഗാന്ധിജിയെ കൊന്നത് ഗോദ്സെയാണോ എന്ന് എപ്പോഴും സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയസംഹിതയുടെ മേധാവിത്വത്തിന്‍ കീഴിലാണ് നാം ജീവിക്കുന്നത്. പ്രതിപക്ഷ നേതാവാണോ ശരിയെന്ന മറ്റൊരു സംശയം കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കണമെങ്കില്‍ അത് വളരെ എളുപ്പമാണ്. അതാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ആരാധക വൃന്ദവും ചെയ്തുകൊണ്ടിരിക്കുന്നത്. എം ശിവശങ്കറിലൂടെയും സ്വപ്നാ സുരേഷിലൂടെയും പുതിയ ആശയങ്ങളും കര്‍മ്മ പദ്ധതികളും മാധ്യമങ്ങളുടെ ഒത്താശയോടെ നമ്മളെ പഠിപ്പിക്കുകയായിരുന്നു പിണറായി വിജയന്‍. അതാണ് നമ്മെ ഇവിടെ കൊണ്ടെത്തിച്ചത്. അവരെ അതില്‍ ചിലരെ പുറംതള്ളേണ്ടിവന്നപ്പോള്‍ ആ ദൗത്യം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. അങ്ങിനെയാണ് ആഴക്കടലില്‍ ചെന്ന് പതിച്ചത്.മാര്‍ക്സിസത്തിന് മലിനീകരണം സംഭവിച്ചു കഴിഞ്ഞാല്‍ പതനം കടലിലോ ആകാശത്തോ എന്ന ഭേദമില്ല.
പിണറായി വിജയനെപ്പോലെ ഇത്ര നല്ല നേതാവ് വേറെയില്ലെന്നും അദ്ദേഹം ചെയ്യുന്നത് മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്നവരുണ്ട്. പിണറായി വിജയന്‍ പറയുന്നതാണ് വികസനം. താന്‍ നടക്കുന്ന പാതയെല്ലാം വികസനപാതയായി സങ്കല്‍പ്പിച്ചു തന്‍റെ മെതിയടി പിന്തുടരണമെന്ന് അദ്ദേഹം ശഠിച്ചാല്‍ അത് നടന്നെന്ന് വരില്ല. ഞാന്‍ പപ്പടം പൊട്ടിച്ചവനാണെന്ന് ഒരാള്‍ വീമ്പ് പറയുമ്പോള്‍ അതിന്‍റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഒരു ചെറു പുഞ്ചിരി മാത്രം കാഴ്ച്ചവെക്കുന്ന പ്രകൃതമാണല്ലോ രമേശ് ചെന്നിത്തലയുടേത്.
മാധ്യമങ്ങള്‍ക്ക് ക്രൂശിക്കാന്‍ എപ്പോഴും ഒരാളെങ്കിലും വേണം. ഒന്നുകില്‍ സരിത അല്ലെങ്കില്‍ സ്വപ്ന അതുമല്ലെങ്കില്‍ എം ശിവശങ്കര്‍ അങ്ങിനെ അങ്ങിനെ. മാധ്യമങ്ങള്‍ക്ക് ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നവരെ ചിലപ്പോള്‍ നിര്‍ദയം വക്രീകരിക്കേണ്ടിവരും. അതാണ് കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ കയ്യില്‍ ഒരു പിണറായി വിജയന്‍ ഉണ്ടെങ്കില്‍ രണ്ടോ അതിലേറെയോ രമേശ് ചെന്നിത്തലമാരുടെ കഥകഴിക്കാം. ഇത് മറ്റൊരു തരത്തില്‍ വിജയന്‍ മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്.നിങ്ങളുടെ കയ്യില്‍ രണ്ട് പേജ് നുണയുണ്ടെങ്കില്‍ ആറു പേജുള്ള പത്രം ഇറക്കാം. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
മാധ്യമങ്ങളുടെ കൗതുകകരമായ ‘അവയവദാനമാണ്’ ചാനല്‍ സര്‍വേകളുടെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത്. സര്‍വേഫലത്തില്‍ സമ്പൂര്‍ണ്ണ വിജയം ആണ് വേണ്ടതെങ്കില്‍ കോടികള്‍, കോടികള്‍ കൈമാറണം. വൃക്കയോ കരളോ പോലെ ഏതെങ്കിലും ഒന്ന് മതിയെങ്കില്‍ അതിനനുസരിച്ച് തുക കുറയും. അതിന് ചേരുന്ന ചോദ്യാവലികള്‍ മുന്നോട്ടുവെക്കും.മുഖ്യമന്ത്രി പദത്തില്‍ എത്തണമെന്ന് എത്രശതമാനം പേരാണ് ആഗ്രഹിക്കുന്നതെന്ന് മാത്രം വോട്ടെടുപ്പ് നടത്തി പ്രഖ്യാപിച്ചാല്‍ മതിയെങ്കില്‍ അതിനനുസരിച്ച പ്രതിഫലം കൊടുത്താല്‍ മതിയാകും. കെ എം മാണി ബാര്‍ കോഴ സമയത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നത് നോട്ടെണ്ണല്‍ യന്ത്രമായിരുന്നുവെങ്കില്‍ ഇവിടെ നോട്ട് എണ്ണലും വോട്ട് ഇരട്ടിപ്പിക്കലും ചേര്‍ന്ന പുതിയ യന്ത്രമാണ് ചാനലുകളില്‍ ഉപയോഗത്തിലുള്ളത്. ഈ യന്ത്രങ്ങള്‍ വഴിയാണ് സര്‍വേ ഫലം പുറത്തുവരുന്നത്. ഒന്നില്‍ക്കൂടി നോട്ടും മറ്റൊന്നില്‍ കൂടി വോട്ടും.
കേരളത്തില്‍ കഴിഞ്ഞ രണ്ടോമൂന്നോ വര്‍ഷത്തെപ്പോലെ ഇത്രയേറെ കൊടിയ അഴിമതികള്‍ താണ്ഡവനൃത്തം ആടിയ കാലമുണ്ടായിട്ടുണ്ടോ? അഴിമതി എന്ന വിഷയത്തില്‍ നിന്ന് കേരളത്തിലെ വന്‍കിട മാധ്യമങ്ങള്‍ സൗകര്യപൂര്‍വ്വം ഒഴിഞ്ഞപ്പോള്‍ ആണ് പ്രതിപക്ഷ നേതാവ് ആ
വിഷയം ഏറ്റെടുക്കുന്നത്. അത് ഒറ്റപ്പെട്ട ഒരു സംഭവമായി കെട്ടടങ്ങും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പൂരപ്പറമ്പിലെ അമിട്ട് പോലെ ഒന്നിന് പുറകെ മറ്റൊന്നായി ബോംബുകള്‍ പൊട്ടിത്തുടങ്ങിയത്. മാധ്യമങ്ങള്‍ ഈ കുംഭകോണങ്ങള്‍ ജനശ്രദ്ധയില്‍ നിന്ന് മറച്ചു പിടിക്കാന്‍ നിപ്പയും പേമാരിയും മഹാമാരിയും മറ്റും തരാതരം പോലെ ഉപയോഗിച്ചു സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കി.അതിനു തക്ക പ്രതിഫലവും കിട്ടി.
കഴിഞ്ഞ അഞ്ചുവര്‍ഷം പത്രപ്രവര്‍ത്തനത്തില്‍ വന്ന മാറ്റം എന്താണ് എന്ന് അറിയണമെങ്കില്‍, എളുപ്പ മാര്‍ഗ്ഗം, രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് എന്താണെന്ന് പഠിച്ചാല്‍ മതി. മാധ്യമപ്രവര്‍ത്തനത്തിലെ ആ മാറ്റം തിരിച്ചറിയാന്‍ ഒറ്റ ഉദാഹരണം പറയാം. ജനങ്ങളെ ഗൗരവതരമായി ബാധിക്കുന്ന സംഭവങ്ങളെ അതിന്‍റെ കാഠിന്യം കുറച്ചു ചെറിയ നോവലുകളോ കഥകളോ ആക്കി ആക്കി മാറ്റുന്ന റിപ്പോര്‍ട്ടിംഗ് രീതിയിലേക്ക് മാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. പെരുമ്പാവൂരില്‍ ജിഷ എന്ന കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തില്‍ നിന്നു കൂടിയാണല്ലോ പിണറായി വിജയന്‍ മന്ത്രിസഭ ജന്മം കൊണ്ടത്. അന്നത്തെ പ്രതിപക്ഷത്തിന് ആ വിഷയത്തില്‍ ഇടപെടാന്‍ ഇടം ഉണ്ടായിരുന്നു. അങ്ങിനെ ആയിരുന്നു അന്നത്തെ വാര്‍ത്തകള്‍. എന്നാല്‍ ഈ ഭരണത്തില്‍ വാളയാറിലെ രണ്ടുബാലികമാരുടെ സംശയകരമായ മരണം സംഭവിച്ചപ്പോള്‍ അതില്‍ ആരും ഇടപെട്ട് സമയം കളയണ്ട എന്ന കഥാ നിര്‍മ്മിതികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അങ്ങിനെ രക്ഷപ്പെട്ടു. പിന്നെ നിഗൂഡതകള്‍, ഗൂഡാലോചനകള്‍. ഇതാണ് വാര്‍ത്തകളിലെ മാറ്റം. ആ അമ്മയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന കണ്ണുനീര്‍ തുള്ളികള്‍ അവിടെത്തന്നെ ഘനീഭവിച്ചു നില്‍ക്കുകയും ലേഖകന്മാരുടെ ഇക്കിളി കഥകള്‍ പകരം വെക്കുകയും ചെയ്തു. അവിടെയാണ് ഒരു പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ഇടപെടല്‍ രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ വേണ്ടുവോളം ഉണ്ടായോ എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകാം.
ഒരു ഇടതുപക്ഷ ഭരണത്തില്‍ പ്രതിപക്ഷം യുദ്ധം ചെയ്യേണ്ടത് എപ്പോള്‍ എവിടെനിന്നെന്ന് ്തിരിച്ചറിഞ്ഞ മറ്റൊരു പ്രതിപക്ഷ നേതാവിനെ എനിക്ക് ചൂണ്ടിക്കാട്ടാനില്ല. ഇന്ത്യന്‍ പാര്‍ലമന്‍റിന്‍റെ ഇരുസഭകളും കേരള നിയമസഭയും ദീര്‍ഘകാലം റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്.ഇടതുപക്ഷം അതിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ബലികഴിക്കുമ്പോഴാണ്, വില്ല് കുലയ്ക്കേണ്ടതെന്നു പഠിപ്പിച്ചത് രമേശ് ചെന്നിത്തല തന്നെയാണ്.അതാണ്ഭരണാധികാരികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. അതിന്‍റെ പല രൂപകങ്ങളാണ് നാം പോരാട്ട ഭൂമികയില്‍ കണ്ട സ്പ്രിങ്ങ്ലര്‍ മുതല്‍ ഓരോന്നും. ഇവിടെ പാര്‍ട്ടികള്‍ ഹെലികോപ്റ്ററിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടപ്പോഴും രമേശ് ചെന്നിത്തല പഴയ രമേശ് ചെന്നിത്തലയായി തുടര്‍ന്നു. പ്രതിപക്ഷ നേതാവിന് ഒരു പുതിയ നിര്‍വചനം നല്‍കുകയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചെയ്തത്.നമ്മള്‍ക്ക് അത് കാണാതിരിക്കാം. പക്ഷെ നിന്ദിച്ചുകൂടാ. രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് അദ്ദേഹത്തിന്‍റേതായ വ്യക്തിത്വം കൈവന്നു കഴിഞ്ഞു എന്നതാണ് സത്യം. അതിന് ബദലായി മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍ക്ക് കോര്‍പ്പറേറ്റ് വ്യക്തിത്വമേ ഉണ്ടാകൂ. ഇവിടെയാണ് ഇടതുപക്ഷ ആശയങ്ങള്‍ക്ക് മലിനീകരണം സംഭവിക്കുന്നത്. മാര്‍ക്സിസം ജീര്‍ണിച്ചാല്‍ പിണറായിസം ആയി മാറുമെന്നതാണ് നാം ഓര്‍ക്കേണ്ടത് ആ ഘട്ടമെത്തിയാല്‍ പിന്നെ അത് പശ്ചിമ ബംഗാളോ ത്രിപുരയോ ആയി നിലം പൊത്തും.
ജി ശക്തിധരന്‍