ഇത് ജനവിധിയോ ചൂതോ?

ഇന്ത്യയെപ്പോലെ ജനാധിപത്യവ്യവസ്ഥ സുസ്ഥിരമായി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പൊതുതെരെഞ്ഞെടുപ്പുകളില്‍ ഇടപെട്ടും ഭരണകര്‍ത്താക്കളുടെ ജനപ്രീതിയുടെ മികവിലോ മികവില്ലായ്മയിലോ മാര്‍ക്കിട്ടും ചുളുവില്‍ കോടികള്‍ കീശയിലാക്കുന്ന ആഗോള കമ്പനികള്‍ക്ക് കേരളവും ഇപ്പോള്‍ നല്ല മേച്ചില്‍പ്പുറമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യത്തിലും കേരളം ശിഷ്യപ്പെട്ടിരിക്കുകയാണ്. മുംബൈ,ദില്ലി,കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍ ഭൂമിവില നിശ്ചയിക്കുന്നത് കേരളത്തിലെ പോലെ ഓരോ സെന്‍റ് വെച്ചല്ലല്ലോ. സെന്‍റിമീറ്റര്‍ കണക്കാക്കിയാണ്. അതുപോലെയാണ് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ വേണ്ടിയുള്ള പ്രചാരണ മുദ്രാവാക്യം തയ്യാറാക്കി കിട്ടാന്‍ ഓരോ വാക്കിനും ദശലക്ഷക്കണക്കിനോ കോടിക്കണക്കിനോ പ്രതിഫലം കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നത്. ‘ഒപ്പമുണ്ട്’ എന്ന ഒറ്റ വാക്കിന് അതല്ലെങ്കില്‍ ‘ഉറപ്പാണ്’ എന്ന മറ്റൊരു ഒറ്റവാക്കിനു ഓരോ മലയാളിയും, അവന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഓരോ നിമിഷവും പ്രതിഫലം നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്തെന്നാല്‍ അവയെല്ലാം പ്രചാരണ വിഭാഗത്തിന്‍റെ നിര്‍ദ്ദേശവും കരാറും പ്രകാരമാണ് തയ്യാറാക്കുന്നത്. സര്‍ക്കാര്‍, വാളയാറിലെ കൊല്ലപ്പെട്ട നിരാലംബരായ രണ്ട് പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ‘ഒപ്പ’മായിരുന്നില്ലെങ്കിലും ആ അമ്മയും ഇതിന് പ്രതിഫലം നല്‍കണം. എന്തൊരു വിരോധാഭാസം!
ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് കേരളം സമീപകാലത്ത് അവരുടെ പറുദീസ ആയതുപോലെ, മേനിപിടിപ്പിക്കല്‍ നടത്തുന്ന ഈവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്കും സര്‍വേ തട്ടിക്കൂട്ടുകള്‍ക്കും കേരളമാണ് ഇപ്പോള്‍ ചാകര. കേരളം ഇതുവരെ അങ്ങിനെയായിരുന്നില്ല. ഇപ്പോള്‍ കേരളം സ്വന്തം മുഖ്യമന്ത്രിയെ ആദരിക്കുന്നത് ‘ക്യാപ്റ്റന്’ എന്ന ഓമന പേരിട്ടാണ്. തൊട്ടു മുന്‍പുവരെ ‘ഇരട്ടച്ചങ്കന്’ എന്ന പേരാണ് അണിയിച്ചിരുന്നത്
ദേശീയ സ്വാതന്ത്ര്യ സമരകാലത്തു സമാദരണീയരായവര്‍ക്ക് അവരുടെ ത്യാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഓമനപ്പേരുകള്‍ ഇട്ടിരുന്നു. കേരളത്തിലും. അത് ജനങ്ങളുടെ ഹൃദയത്തില്‍നിന്ന് ഊര്‍ന്നു വീണ വാക്കുകള്‍ ആയിരുന്നു. അവര്‍ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞാലും മാഞ്ഞുപോകുന്നതല്ല ആ വാക്കുകള്‍. ഉദാഹരണത്തിന,്പാവങ്ങളുടെ പടത്തലവന്‍ എന്ന പേര് കേരളത്തില്‍ ഒരു നേതാവിനേ ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളൂ. അതാണ് എ കെ ജി . ഇ എം എസ് സ്വയം വിശേഷിപ്പിച്ചിരുന്നത് ‘തൊഴിലാളിവര്‍ഗത്തിന്‍റെ ദത്ത് പുത്രന്’ എന്നായിരുന്നല്ലോ. അതില്‍ ഒരു ആശയമുണ്ട്.ഒരു സന്ദേശമുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഏതു ചുമട്ടുകാരനും ചെത്തുകാരനും കര്‍ഷക തൊഴിലാളിയും കയര്‍ പിരി തൊഴിലാളിയും നെയ്ത്തുകാരനും ഉള്‍പ്പുളകം കൊള്ളും.ഭൂമുഖത്ത് സ്വന്തമായുണ്ടായിരുന്നതെല്ലാം പാര്‍ട്ടിക്ക് നല്‍കി തൊഴിലാളിവര്‍ഗത്തിന്‍റെ ‘ദത്ത് പുത്രനാچയി, നിസ്വനായി ജീവിക്കാന്‍ ശപഥമെടുത്ത ആ മഹാമേരുവിനെ ആരും നമിച്ചുപോകില്ലെ. നിസ്വനായി ജനിച്ചു വളര്‍ന്നു വലുതായ പിണറായി വിജയന്‍ സമാഹരിച്ച സ്വത്തെല്ലാം നാളെയൊരുകാലത്തു സ്വന്തം പാര്‍ട്ടിക്ക് ദാനം ചെയ്താലും സമാനമായ ആദരവ് നേടുമായിരിക്കും. എന്നാല്‍ പി ആര്‍ ഏജന്‍സികള്‍ ലക്ഷങ്ങള്‍ വാങ്ങി ചാര്‍ത്തിക്കൊടുക്കുന്ന ‘ഇരട്ടച്ചങ്കന് ‘ക്യാപ്റ്റന്‍چ തുടങ്ങിയ വികല വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓക്കാനം വരും. ചരിത്രത്തിലെ ഇതിഹാസമായിരുന്ന അക്കാമ്മ ചെറിയാനെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ‘തിരുവിതാംകൂറിലെ ‘ഝാന്‍സി റാണി’ എന്നായിരുന്നു. അതിലൊരു സംസ്ക്കാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ആ സ്ഥാനം കേരളം ഇന്നോളം മറ്റാര്‍ക്കും ചാര്‍ത്തിക്കൊടുത്തിട്ടില്ല. അതെല്ലാം ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അതൊന്നും ആര്‍ക്കും പിഴുതെറിയാന്‍ ആകില്ല. കമ്മ്യുണിസ്റ്റ് നേതാക്കളുടെ പരമ്പര കേരളത്തില്‍ രംഗത്ത് വന്നിട്ട് മൂന്നോ നാലോ തലമുറയെ ആയിട്ടുള്ളൂ. എന്നാല്‍ കേരളത്തിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ പലവട്ടം അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലടികള്‍ പിന്തുടരുന്ന ഒരു മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. അദ്ദേഹത്തെ ഇന്ത്യയില്‍ തുലനം ചെയ്യാവുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃകയാണ്. ഇത് ഒരു പുതിയ ബ്രാന്‍ഡ് ആണ്. കേരളത്തില്‍ തുടര്‍ഭരണം ഉറപ്പായാല്‍ സമാനമായ ഉല്‍പ്പന്നങ്ങള്‍ ഇനിയും ഉണ്ടാകാം. പലതും മൂത്ത് മൂത്ത് മൂപ്പെത്തിക്കൊണ്ടിരിക്കുകയാണ്. അതിലദ്ദേഹം അഭിമാനം കൊള്ളുന്നുമുണ്ട്. അത് വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തെ തുണയ്ക്കുന്നത് കോര്‍പ്പറേറ്റ് വിഭാഗവും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന കപട ബൗദ്ധിക വൃന്ദവുമാണ്. ഏതേതു കാര്യങ്ങളില്‍ ഏതേതു പാതയില്‍ സഞ്ചരിക്കണമെന്ന് അദ്ദേഹത്തിന് റോഡ് മാപ്പ് തയ്യാറാക്കി കൊടുത്തിരിക്കുന്നത് ഈ കൂറ്റന്‍ കോര്‍പ്പറേറ്റുകളുടെ പാര്‍ശ്വവര്‍ത്തികളായ പി ആര്‍ സംഘമാണ്. സര്‍ക്കാര്‍ പുതിയ ഒരു തീരുമാനം നടപ്പിലാക്കുമ്പോള്‍ അതിന്‍റെ ഗുണഫലത്തെ കടത്തിവെട്ടുന്ന പ്രചാരണം സംഘടിപ്പിച്ച് ജനങ്ങളെ മയക്കി കിടത്തുക എന്നതാണ് അതിന്‍റെ ദൗത്യം.കേരളം ഭൂപരിഷ്ക്കരണത്തിലൂടെ ജന്മിത്തം അവസാനിച്ചപ്പോഴോ, സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം എന്ന നിലയില്‍ ലോകം മുഴുവന്‍ ആദരിക്കപ്പെട്ടപ്പോഴോ, അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഗവര്‍മെണ്ടുകള്‍ സ്ഥാപിതമായപ്പോഴോ, അഴിമതി നിര്‍മ്മാജ്ജനം ലക്ഷ്യം വെച്ചുള്ള പ്രഥമ കമ്മിഷന്‍ രൂപീകരിക്കപ്പെട്ടപ്പോഴോ നാം കണ്ടിട്ടില്ലാത്ത കണ്ണഞ്ചിക്കുന്ന നിരന്തര പ്രചാരണ കോലാഹലം ഇപ്പോള്‍ എങ്ങിനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ആ മാറ്റങ്ങള്‍ക്ക് വിധേയമായപ്പോഴും കേരളം ഓരോ മുഖ്യമന്ത്രിമാരുടെ ഭരണത്തില്‍ ആയിരുന്നല്ലോ.
പഴയ മുഖ്യമന്ത്രിമാരൊന്നും തങ്ങളുടെ പേര് ബ്രാന്‍ഡ് ആക്കാന്‍ ശ്രമിച്ചിട്ടില്ല. ഇ എം എസ്സോ, ഇ കെ നായനാരോ, വി എസ് അച്യുതാനന്ദനോ അല്ല പിണറായിവിജയന്‍. ഈ നാടിന്‍റെ വികസനം, നാടിനോടുള്ള സ്നേഹം, എന്നിങ്ങനെ കുറെ പദാവലികള്‍ തലച്ചോറില്‍ വിവിധ അറകളില്‍ സൂക്ഷിച്ചു വച്ചത് സ്ഥാനത്തും അസ്ഥാനത്തും ഉരുവിടുന്നു എന്നല്ലാതെ മുന്‍ കാല സിപിഎം മുഖ്യമന്ത്രിമാരുടെ ചിന്തകളുടെ സ്ഫുരണം പിണറായി വിജയനില്‍ കാണുന്നില്ല. ഈ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനങ്ങള്‍ കയ്യാളുന്ന ഇടതുപക്ഷക്കാര്‍ എല്ലാവരും രാഷ്ട്രീയം പഠിച്ചത് ഒരേ കാലഘട്ടത്തിലെ നേതൃനിരയില്‍ നിന്നാണ്. എന്നിട്ട് എന്തേ പിണറായി വിജയന്‍ മാത്രം ഇങ്ങിനെ ആയി.? എന്നാലും അദ്ദേഹത്തിന്‍റെ നേതൃപാടവത്തെയും കാര്യക്ഷമതയെയും ആര്‍ക്കും കുറച്ചുകാണാനാകില്ല. പുതിയ തലമുറയ്ക്ക് പഠിക്കാന്‍ അതില്‍ ഒരുപാടുണ്ട്
തെരഞ്ഞെടുപ്പ് നേരിടാന്‍ ഈ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയ പണത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍ കേരളം അമ്പരക്കും. സര്‍ക്കാരിന്‍റെ 100 ദിവസത്തെ പദ്ധതിയുടെ പേരില്‍ മാത്രം ഒഴുക്കിയത് 200 കോടി രൂപ! അതുകൊണ്ടും തൃപ്തിപ്പെടാത്ത വന്‍കിട മാധ്യമങ്ങള്‍ക്ക് ഓരോ മാന്ത്രിക വടിയാണ് കൈമാറിയത് . ആ വടികാണിച്ചാല്‍ പണം കായ്ക്കുന്ന ഒരു പൂമരം പൂമുഖത്തു
പൂക്കും. ഒറ്റ ഉപാധിമാത്രം. മെയ് രണ്ടിന് തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ഉറപ്പ് എന്ന പ്രവചനം മുഴക്കണം. അതിനായി ഒരു കണ്‍കെട്ടു സര്‍വേയും. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കാലിയായ വന്‍കിട മാധ്യമങ്ങളുടെ പത്തായങ്ങള്‍ ഈ മാന്ത്രിക വടികാണിച്ചപ്പോള്‍ നിറഞ്ഞു കവിഞ്ഞു. പക്ഷെ മാധ്യമ ഉടമകള്‍ ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തിവിടുമ്പോലെയാണ് ഭൂരിപക്ഷത്തിന്‍റെ കഥ ചമച്ചത്. സര്‍ക്കാരിന് നിലവിലുള്ള ഭൂരിപക്ഷം തുടര്‍ന്നും ലഭിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. ഫലത്തില്‍ സര്‍ക്കാരിന്‍റെ നിലവിലെ ജനപിന്തുണ ഇടിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് വ്യാഖ്യാനിക്കാന്‍ കൂടെ വിധത്തിലാണ് സര്‍വേഫലം പുറത്തുവന്നത്!
നിയമസഭാ പൊതുതെരഞ്ഞെടുപ്പ് കേരള ചരിത്രത്തില്‍ ഒരു നാഴികക്കല്ലാകും എന്നതില്‍ സംശയമില്ല. പുതിയ നിയമസഭ, കേരളത്തിന് ഭാഗികമായെങ്കിലും ഒരു പുത്തന്‍ നേതൃനിരയെ സംഭാവന ചെയ്യുമെന്ന് ഉറപ്പാണ്.ആ നിയമസഭ ഒരു വിസ്മയം തന്നെയാകും. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇന്നോളം അവതരിപ്പിക്കപ്പെട്ട പ്രകടന പത്രികകള്‍, സമാനതകള്‍ ഇല്ലാത്ത വൈവിധ്യമാര്‍ന്ന മാഗ്നാകാര്‍ട്ടകളുടെ തിളക്കം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്നതാണ്.അടുത്ത നിയമസഭയിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പാകും പോള്‍ ഇതിലും ശക്തമായ ജനക്ഷേമ പദ്ധതികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രംഗത്ത് വരേണ്ടിവരും.
എന്നാല്‍ ഈ തെരഞ്ഞടുപ്പ് സമ്മാനിക്കുന്ന നിഷേധാത്മക വശങ്ങളും കാണാതിരിക്കാനാകില്ല. ഇപ്രാവശ്യത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എല്ലാ പാര്‍ട്ടികളിലും അരാജകത്വത്തിന്‍റെ ഉരുള്‍പൊട്ടലുകള്‍ക്കാണ് വഴിതുറന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഭിന്നതകള്‍ തലപൊക്കുന്നത്, ഇടതുപക്ഷ പാര്‍ട്ടികളില്‍ ഒഴികെ, പുതിയ കാര്യമില്ല. എന്നാല്‍ ഇക്കുറി ഇടത് പാര്‍ട്ടികളെയും ഈ ഭൂതം വിഴുങ്ങി എന്നത് വലിയ മുന്നറിയിപ്പാണ്. അതില്‍ ഒരു സന്ദേശം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഒരു ഉത്സവം ആണ്. ഒരു ചൂതുകളിയാണ് ഇതിലൂടെ മറിയുന്ന കോടികളുടെ വിസ്മയ ലോകത്തെക്കുറിച്ചു പ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ട്. മുഖ്യ സ്ഥാനാര്‍ഥികളില്‍ ഓരോര്‍ത്തര്‍ക്കും ഇപ്പോള്‍ നിയമസഭാ പൊതുതെരെഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുന്ന ചെലവ് ഒന്നരക്കോടിമുതല്‍ മൂന്നുകോടി രൂപ വരെയാണ്. ഇനി ആ പരിധി ഉയരാന്‍ പോകുകയാണ്. അഞ്ചുവര്‍ഷം മുമ്പുവരെ സാര്‍വത്രികമല്ലാതിരുന്ന സോഷ്യല്‍ മീഡിയ വഴിയുള്ള ചെലവും ചാനല്‍ സര്‍വേകള്‍ എന്ന അശ്ലീലം മുന്‍ നിര്‍ത്തിയുള്ള ചെലവും അമ്പരപ്പിക്കുന്നതാണ്. ഇതൊരു വലിയ റാക്കറ്റ് ആയി മാറിയിരിക്കുകയാണ്. നിഷ്ക്കളങ്കരായ
വോട്ടര്‍മാര്‍ ചിലപ്പോള്‍ ഇതില്‍ കുടുങ്ങി നിലപാട് മാറ്റിക്കൂടെന്നില്ല. ആഗോള മാധ്യമ രംഗത്തെ വമ്പന്‍ ആയ ബിബിസി ഇന്ത്യയിലെ ഈ തട്ടിപ്പ് സര്‍വേകള്‍ക്ക് തങ്ങളുടെ ചാനലിന്‍റെ പേര് പരാമര്‍ശിച്ചു കൂടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കറക്കുകമ്പനികളുമായി ബി ബി സി സഹകരിക്കാറേയില്ല. ഇതൊരു ചൂതാട്ടമാണ്. രാജാവ് നഗ്നനാണെന്ന് തിരിച്ചറിയുന്ന ചൂതാട്ടം.