കോവിഡ് മഹാമാരി വന്നത് ലാബറട്ടറിയിൽ നിന്നല്ലെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ജനീവ: കോവിഡ് മഹാമാരിയുടെ ഉദയം ചൈനയിലെ ഒരു സർക്കാർ ലാബറട്ടറിയിൽ നിന്നാണെന്ന അമേരിക്കയടക്കമുള്ള  ചില പാശ്ചാത്യരാജ്യങ്ങളുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധസമിതി റിപോർട്ട്.

 ആഴ്ചകളോളം ചൈനയിൽ കേന്ദ്രീകരിച്ചു ലോകാരോഗ്യസംഘടനയുടെ സംഘം വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ജനീവയിൽ സംഘടനയുടെ ഡയറക്റ്റർ ജനറലിനു സമർപ്പിച്ചത്. ഇപ്പോൾ  ലഭിച്ചത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെനും രോഗം എങ്ങനെ പൊട്ടിപ്പുറപ്പെട്ടു എന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യസംഘടനയുടെ  തലവൻ ടെഡ്‌റോസ് അധാനോം ഘെബ്രെസ്സ് വ്യക്തമാക്കി. രോഗം സംബന്ധിച്ച ഭാവിപഠനങ്ങളിൽ ചൈന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം രോഗവ്യാപനത്തിനു ചൈനയെ കുറ്റപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ  നിലപാടുകളെ റിപ്പോർട്ട് തള്ളിക്കളയുകയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.  വൂ ഹാനിലെ ഒരു സർക്കാർ ലാബറട്ടറിയിൽ നിന്നാണ് രോഗാണുക്കൾ പ്രചരിച്ചതെന്നാണ് അമേരിക്ക ആരോപിച്ചത്. എന്നാൽ റിപ്പോർട്ട് പറയുന്നത്  രോഗാണുക്കൾ ഏതോ മൃഗത്തിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയായിരുന്നു എന്നതിൽ കാര്യമായ സംശയമില്ലെന്നാണ്. പക്ഷേ ഇതു  സംബന്ധിച്ച കൂടുതൽ വിശദമായ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്. 

ലോകാരോഗ്യസംഘടനയുടെ പഠനസംഘത്തിൽ അമേരിക്ക, ബ്രിട്ടൻ, ജർമനി, ചൈന എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ-വൈറോളജി  വിദഗ്ദ്ധരാണ് ഉൾപ്പെട്ടിരുന്നത്. സംഘത്തിന്റെ പൊതുനിരീക്ഷണങ്ങളാണ്  ഇപ്പോൾ റിപ്പോർട്ടായി നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ കണ്ടെത്തലുകളിൽ അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും അടക്കമുള്ള ചില രാജ്യങ്ങൾ ഉൽകണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറിയിൽ നിന്നാണ്  രോഗം പരന്നത് എന്ന ആരോപണം നിഷേധിക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ റിപ്പോർട്ടിൽ ഹാജരാക്കുന്നില്ല എന്നാണ് ഈ രാജ്യങ്ങൾ പറയുന്നത്. അതേസമയം ചൈന റിപ്പോർട്ടിനെ  സ്വാഗതം ചെയ്‌തു.