Kerala-election-2021-Janashakthionline30032021

നാക്കുപിഴയും വ്യാജസർവ്വേകളും ഇടതുമുന്നണിക്കു കോടാലിയാകുന്നു

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സഹായവും പരസ്യങ്ങളും വൻതോതിൽ സ്വീകരിക്കുന്ന ദൃശ്യമാധ്യമങ്ങൾ സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ചുകൊണ്ട് നിരന്തരമായി നടത്തിയ സർവേകൾ മുന്നണിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു വിലയിരുത്തൽ.

സർവേകൾ വളരെ ചുരുങ്ങിയ ജനപങ്കാളിത്തത്തോടെ, മുൻകൂട്ടി നിശ്ചയിച്ച ഫലങ്ങൾ ലഭിക്കണമെന്ന പദ്ധതിയോടെ ആസൂത്രണം ചെയ്തതാണെന്ന് പൊതുവിൽ കേരളത്തിൽ  അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സർവേകൾ സംബന്ധിച്ച മാധ്യമ ചർച്ചകളിൽ പോലും പലരും ചോദ്യങ്ങൾ തയ്യാറാക്കിയ രീതിയെക്കുറിച്ചും അശാസ്ത്രീയമായ സാമ്പിൾ സെലക്ഷൻ  സംബന്ധിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും ഗൗരവമുള്ള വിമർശനങ്ങൾ ഉന്നയിക്കുകയുണ്ടായി.  പക്ഷേ  അവയ്ക്കു വ്യക്തമായ ഉത്തരം നൽകാൻ ഒരു ചാനലും തയ്യാറായില്ല. ദേശീയതലത്തിൽ  യോഗേന്ദ്ര യാദവിന്റെ  സിഎസ്ഡിഎസ്  പോലുള്ള സ്ഥാപനങ്ങൾ ശാസ്ത്രീയമായി നടത്തിവന്ന സർവെകളുമായി  കേരളത്തിലെ ചാനൽസർവെകൾക്കു യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. അതിനാൽ അവയുടെ  വിശ്വാസ്യത തുടക്കംമുതലേ ചോദ്യം ചെയ്യപ്പെട്ടു.

ഇത്തരം സർവെകൾക്കു  രണ്ടുതരത്തിലുള്ള സാമൂഹിക പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നു പല നിരീക്ഷകരും വിലയിരുത്തുന്നു. ഒന്നാമത്, കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ വിശ്വാസ്യത പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു. ഈ രംഗത്തെ പല പ്രമുഖരും സർക്കാർ ഏജൻസികളിൽ നിന്ന് നേരിട്ട് പണം പറ്റുന്നതായി ആരോപണം വന്നു. ആരോപണവിധേയർ പക്ഷേ അതിനു മറുപടി പറയാൻ പോലും തയ്യാറായിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.

രണ്ടാമത്തെ ഘടകം വോട്ടർമാർക്കിടയിലെ പ്രതികരണമാണ്. നിലവിലെ സർക്കാർ വീണ്ടും വരുമെന്ന പ്രചാരണം പലതരത്തിലുള്ള ഉത്കണ്ഠകളാണ്  സമൂഹത്തിൽ ഉയർത്തിവിടുന്നത്. അതു വലിയ ഒരു ഭീഷണിയായി  കണക്കാക്കുന്ന ഒരു വിഭാഗം ഇടതുപക്ഷത്തു തന്നെയുണ്ട്. അവർ എങ്ങിനെ ബൂത്തിൽ ഇതിനോട് പ്രതികരിക്കും എന്ന വിഷയം സജീവമായി  നിലനിൽക്കുന്നു. അതേസമയം യുഡിഎഫിൽ ഇതൊരു ശക്തമായ താക്കീതായാണ് അനുഭവപ്പെട്ടത്. മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകരെ ഒരു ജീവന്മരണ പോരാട്ടത്തിനായി പ്രചാരണവേദിയിലേക്കു കൊണ്ടുവരാനാണ്‌ അതു സഹായിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു. മാധ്യമങ്ങളുടെ ഏകപക്ഷീയമായ നിലപാടുകൾ യുഡിഎഫ്  പ്രവർത്തകർക്കിടയിൽ കടുത്ത എതിർപ്പും വിമർശനവുമാണ് അഴിച്ചുവിട്ടത്.  അതിനിടയിൽ തിരുവനന്തപുരത്തു ചില ദൃശ്യമാധ്യമ മേധാവികൾ ഇടതുവിജയം ഉൽഘോഷിക്കുന്ന വിധം കഴിഞ്ഞ ദിവസം നടത്തിയ ഒരു മരത്തണൽ ചർച്ച സാമൂഹിക മാധ്യമങ്ങളിൽ വലിയ പരിഹാസമാണ് ഉയർത്തിയത്. ദി ഹിന്ദു ഗ്രൂപ്പിലെ ഒരു പ്രമുഖനും റിപ്പോർട്ടർ ചാനൽ മേധാവിയും കഴിഞ്ഞ തവണ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന വ്യക്തിയുമാണ് ചാനൽ മേധാവികളുടെ ചർച്ചയ്ക്ക് കാർമികത്വം വഹിച്ചത്. 

ഈ പ്രശ്നങ്ങൾക്കിടയിൽ എൽഡിഎഫ് നേതൃത്വത്തിലെ പ്രമുഖരിൽ നിന്നുള്ള പ്രകോപനപരമായ  പ്രസ്താവനകളും നിലപാടുകളും മുന്നണിയ്ക്ക് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ്. സംസ്ഥാന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചത്  പാർട്ടിയിലും മുന്നണിയിലും വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. വിവാദമായ ശബരിമല പ്രശ്‍നം വീണ്ടും  പൊതുചർച്ചയിലേക്കു വരുന്നത് എൽഡിഎഫ് സർക്കാരിന് ഒട്ടും ഗുണകരമാവില്ല എന്നാണ് വിലയിരുത്തൽ. 

അതിനിടയിൽ എൽഡിഎഫിലെ പുതിയ സഖ്യകക്ഷി കേരളാകോൺഗ്ഗ്രസിലെ ജോസ് കെ മാണി ലവ് ജിഹാദ് വിഷയം  എടുത്തിട്ടതും കത്തോലിക്കാ സഭാധ്യക്ഷന്മാരുടെ സംഘടന കെസിബിസി അതു ഏറ്റുപിടിച്ചതും മുസ്ലിം പ്രദേശങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മുന്നണിയിലെ ഒരു വിഭാഗം നിരന്തരമായി  മുസ്ലിംവിരുദ്ധ  നിലപാട് സ്വീകരിക്കുന്നു എന്ന വിമർശനം നേരത്തെ തന്നെയുണ്ട്. എൽഡിഎഫ്  കൺവീനർ എ വിജയരാഘവ ൻ അടക്കമുള്ളവർ അത്തരം  വിമർശനം നേരിട്ടു. അതിനു അല്പം ശമനം ഉണ്ടായ അവസരത്തിലാണ് ജോസ് കെ മാണി ലവ് ജിഹാദ് ഭൂതത്തെ വീണ്ടും കുടത്തിൽ നിന്ന് പുറത്തേക്കു വിട്ടത്. കേരളത്തിൽ മുസ്ലിം വോട്ടർമാരിൽ ഒരുപങ്ക് എൽഡിഎഫിന് അനുകൂലമായി ചിന്തിക്കാൻ തുടങ്ങിയ അവസരത്തിലാണ് സമുദായത്തെ ആകമാനം  കരിവാരിത്തേക്കുന്ന  ജോസ് കെ മാണിയുടെ ആരോപണം വന്നത്. അദ്ദേഹം അതിൽനിന്നു ഊരാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുസ്ലിം സമുദായവൃത്തങ്ങളിൽ വിഷയം വലിയ ചർച്ചയാണ്. 

ഏറ്റവും അവസാനം ഇടുക്കിയിൽ മുന്നണി നേതാവും മുൻ എംപിയുമായ ജോയ്‌സ് ജോർജിന്റെ ലൈംഗിക ചുവയുള്ള പരാമർശം കോളേജ് വിദ്യാർത്ഥിനികളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ളതാണെന്നു അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രാഹുൽഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി നടത്തിയ സംവാദമാണ് മുൻ സിപിഎം എംപി അശ്ലീലമായ തരത്തിൽ വ്യാഖ്യാനിച്ചത്. മുതിർന്ന സിപിഎം നേതാവും മന്ത്രിയുമായ എം എം മണിയുടെ പ്രചരണാർത്ഥം നടന്ന യോഗത്തിലാണ് അശ്ളീലപരാമർശം വന്നത്. അതിനെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയേണ്ട ദുസ്ഥിതിയുണ്ടായി. ഇനി വരുന്ന ഏതാനും ദിനങ്ങളിൽ പ്രധാനമന്ത്രിയും പ്രിയങ്കാഗാന്ധിയടക്കമുള്ള മറ്റു നേതാക്കളും കേരളത്തിലെത്തും. അവരെ നേരിടുന്നതിനിടയിൽ സ്വന്തം അണികളിൽ നിന്നുള്ള വിടുവായത്തവും വീൺവാക്കുകളും കൂടി നേരിടേണ്ട ദുസ്ഥിതിയിലാണ് കേരളത്തിലെ സിപിഎം നേതൃത്വം.