വോട്ടെടുപ്പിന് ഒരാഴ്ചമാത്രം; കേരളത്തിൽ നടക്കുന്നത് കടുത്ത മത്സരം
കോഴിക്കോട്: സമീപവർഷങ്ങളിൽ ഒരിക്കലും കാണാത്ത വിധത്തിലുള്ള കടുത്ത മത്സരമാണ് ഇത്തവണ കേരളത്തിലെങ്ങും കാണുന്നതെന്ന് പ്രചാരണ പരിപാടികൾ നിരീക്ഷിക്കാനായി കേരളത്തിൽ എത്തിയ ദേശീയ -അന്തർദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ ചൂണ്ടികാണിക്കുന്നു.
പതിവിൽ നിന്ന് വിപരീതമായി ദേശീയമാധ്യമങ്ങൾ മാത്രമല്ല ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. പൊതുവിൽ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യം ഒരുകാലത്തു ജാതി-സാമുദായിക വിഭാഗങ്ങളുടെ എതിർചേരിയിൽ നിന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള എൽഡിഎഫ് മുന്നണി എങ്ങനെ അത്തരം വിഭാഗങ്ങളുടെ കൂടെ പിന്തുണയാർജ്ജിച്ചു ഭരണത്തുടർച്ച നേടും എന്ന മട്ടിൽ ആത്മവിശ്വാസം കൈവരിച്ചു എന്നതാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർവിരുദ്ധ വികാരം സമൂഹത്തിൽ കാര്യമായി കാണുന്നില്ലെന്നും സ്ഥിരമായി കേരളാ തെരഞ്ഞടുപ്പുകൾ കൈകാര്യം ചെയ്യുന്ന ചില മാധ്യമപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണ താൻ കേരളത്തിൽ വന്ന സന്ദർഭത്തിൽ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങൾ തനിക്ക് ഇവിടെ കാണാൻ ഇത്തവണ കഴിഞ്ഞുവെന്ന് പ്രശസ്‌ത മാധ്യമ പ്രവർത്തക സാഗരിക ഘോഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ലിസ് മാത്യു അടക്കമുള്ള മറ്റു പലരും സമൂഹത്തിൽ കാണുന്ന മാറ്റങ്ങൾ വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രചാരണം അതിന്റെ അന്ത്യഘട്ടത്തിലേക്കു പ്രവേശിച്ചതോടെ മുതിർന്ന ദേശീയ നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് കോഴിക്കോട്ടു കടപ്പുറത്തു നടത്തിയ റാലിയിൽ വമ്പിച്ച ആൾക്കൂട്ടമാണ് കാണപ്പെട്ടത്. ഏതാനും ആഴ്ചകൾക്കു മുമ്പ് മുന്നണി കൺവീനർ എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് കിട്ടിയ തണുപ്പൻ സ്വീകരണത്തിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണ് ഇന്നലെ കടപ്പുറത്തു കണ്ടത്.
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ടു ജില്ലയിൽ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി നടത്തിയ 70 കിലോമീറ്റർ റോഡ് ഷോ വമ്പിച്ച ആവേശമാണ് ഉയർത്തിയതെന്നു അതിനു ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ തന്നെ അഭിപ്രായപ്പെടുന്നു. ഇന്നലെ കോഴിക്കോട് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നടത്തിയ പര്യടനത്തിലും നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു.