Thomas Issac Kerala election 2021

കേരളത്തിൽ മധ്യവർഗം പ്രധാനം; പാവപ്പെട്ടവർ ന്യൂനപക്ഷം മാത്രമെന്ന് തോമസ് ഐസക്

കോഴിക്കോട്: തൊണ്ണൂറുകൾക്കുശേഷമുള്ള കേരളത്തിൽ മധ്യ-ഉപരിവർഗവും അവരുടെ ജീവിതരീതികൾ പിൻപറ്റാൻ ആഗ്രഹിക്കുന്ന താഴ്ന്ന മധ്യവർഗ്ഗക്കാരുമാണ് സമൂഹത്തിലെ പ്രബല ശക്തിയെന്ന് ധനമന്ത്രിയും പ്രമുഖ സിപിഎം  സൈദ്ധാന്തികനുമായ ഡോ. ടി എം തോമസ് ഐസക്. മധ്യ-ഉപരി വർഗം ഏതാണ്ട് 30 ശതമാനം വരുമെന്നും അവരുടെ തൊട്ടുതാഴെയുള്ള കീഴ്ത്തട്ടിലെ  മധ്യവർഗം 40 ശതമാനമാണെന്നും അദ്ദേഹം പറയുന്നു. അതിനാൽ ബഹുഭൂരിപക്ഷം വരുന്ന ഈ മധ്യവർഗ വികസന ആഗ്രഹങ്ങളെ   തൃപ്തിപ്പെടുത്തുന്നതിനായാണ് കിഫ്‌ബി വഴിയുള്ള വികസനപരിപാടികൾ ആവിഷ്ക്കരിച്ചതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

എൽഡിഎഫ്  നയപരിപാടികളുടെ പിന്നിലെ സാമ്പത്തിക വിശകലനം സംബന്ധിച്ച വളരെ കൃത്യവും തുറന്നതുമായ അഭിപ്രായങ്ങളാണ് ധനമന്ത്രി അഭിമുഖത്തിൽ വെളിവാക്കുന്നത്. കേരളം  ഇന്നൊരു മധ്യവർഗ കേന്ദ്രീകൃത സമൂഹമാണ്. പ്രവാസവും ഉയർന്ന വിദ്യാഭ്യാസവും ഭൂമിയുടെ വിലക്കയറ്റവും അവരെ സമ്പന്നരാക്കി. അതിനാൽ വികസിതരാജ്യങ്ങളിലെ അതേ സൗകര്യങ്ങൾ ഇവിടെയും വേണമെന്നാണ് അവരുടെ മുറവിളി. തൊട്ടുതാഴെയുള്ള 40   ശതമാനം വരുന്ന മധ്യവർഗ്ഗത്തിലെ കീഴ്ത്തട്ടു വിഭാഗങ്ങളും അത്തരം ആഗ്രഹങ്ങളാണ് വെച്ചുപുലർത്തുന്നത്. അവരുടെ അഭിലാഷങ്ങളാണ് കിഫ്ബിയുടെ വികസനതന്ത്രത്തിന്റെ അടിത്തറ. വായ്‌പ വാങ്ങി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. അതു കേരളത്തിൽ വികസന കുതിപ്പ് ഉണ്ടാക്കുമെന്ന് ധനമന്ത്രി പറയുന്നു.

എന്നാൽ  മധ്യ-ഉ പരിവർഗ കേന്ദ്രീകൃതമായ ഈ വികസന നയം എങ്ങനെ കീഴ്ത്തട്ടിലുള്ള ഏറ്റവും പാവപ്പെട്ട 30 ശതമാനം ജനങ്ങളെ ബാധിക്കും എന്ന ചോദ്യത്തിനു ധനമന്ത്രി നൽകുന്ന മറുപടി ഒരു “ക്ലാസ് കോംപ്രമൈസ്” –വർഗപരമായ ഒത്തുതീർപ് – അനിവാര്യമായി വരുമെന്നാണ്. അവരുടെ അടിസ്ഥാനാവശ്യങ്ങൾ സർക്കാർ നിറവേറ്റും. നാലുലക്ഷം രൂപയ്ക്കു വീടും സാമൂഹികപെൻഷനും  റേഷൻകട വഴിയുള്ള സൗജന്യ കിറ്റുകളും അതിന്റെ ഭാഗമാണ്. അതു  തുടരാൻ മധ്യവർഗ്ഗത്തെ കൂടുതൽ ശാക്തീകരിക്കുന്ന നയങ്ങൾ അനിവാര്യമാണെന്നാണ് ധനമന്ത്രി തുറന്നു പറയുന്നത്.

കേരളത്തിൽ സിപിഎം അടക്കമുള്ള ഇടതുകക്ഷികൾ തങ്ങളുടെ അടിസ്ഥാന മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ചു എന്നാണ് ഈ അഭിമുഖത്തിൽ ധനമന്ത്രി തുറന്നു പറയുന്നത്. ഏറ്റവും അടിത്തട്ടിൽ കഴിയുവരല്ല, മേൽത്തട്ടിലുള്ളവരാണ് സർക്കാരിന്റെ വികസന നയത്തിന്റെ മുഖ്യ നേട്ടം കൈവരിക്കുക. കീഴ്ത്തട്ടിലുള്ളവർ അതിൽ നിന്ന് ഉതിർന്നുവീഴുന്ന അപ്പക്കഷണങ്ങൾക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കണം എന്നാണ് ധനമന്ത്രിയുടെ ഉപദേശം.

 ട്രിക്കിൾ ഡൌൺ തിയറി അഥവാ സമ്പത്തു കിനിഞ്ഞിറങ്ങൽ സിദ്ധാന്തം നിയോലിബറൽ സാമ്പത്തിക ചിന്തകർക്കിടയിൽ വ്യാപകമായി നിലനിന്ന ഒരു ചിന്താഗതിയാണ്. പൊതുവിൽ  വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ ഇന്നും ഈ വാദങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും അതിനെതിരെ കടുത്ത വിമർശനമാണ് സമീപകാലങ്ങളിൽ ഉയർന്നുവന്നത്. കിനിഞ്ഞിറങ്ങൽ നടക്കുന്നതിനു പകരം സമ്പത്തിന്റെ അമിത കേന്ദ്രീകരണമാണ് യഥാർത്ഥത്തിൽ ആഗോളവൽക്കരണ കാലത്തു സംഭവിച്ചതെന്ന് തോമസ് പിക്കറ്റി പോലുള്ള പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. അതിനാൽ  കാലഹരണപ്പെട്ട ഒരു സാമ്പത്തികയുക്തിയാണ് ഡോ .തോമസ് ഐസക് കേരളത്തിന് മേൽ കെട്ടിവെക്കുന്നതെന്നു വ്യക്തമാണ്.   

പ്രശസ്ത സാമ്പത്തികപണ്ഡിതനും മുൻ സിഡിഎസ് ഡയറക്ടറുമായ ഡോ. പുലാപ്രേ ബാലകൃഷ്‌ണൻ, ത്രിരുവന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിട്യൂട്ടിലെ ഡോ. ജോസ്‌ സെബാസ്ററ്യൻ തുടങ്ങിയ നിരവധി സാമ്പത്തിക വിദഗ്ദ്ധരും അമിതപലിശയ്ക്കു  കടം വാങ്ങിയുള്ള വികസനത്തിന്റെ ആപത്തിനെ കുറിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദി ഹിന്ദുവിൽ ഡോ. പുലാപ്രേ ബാലകൃഷ്‌ണൻ കേരളത്തിന്റെ അമിതമായ പൊതുകടം  സംസ്ഥാനത്തിന് താങ്ങാനാവാത്ത നിലയിൽ   എത്തിയതായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ നികുതിവരുമാനത്തിന്റെ മറ്റൊരു സവിശേഷത നേട്ടങ്ങൾ കൂടുതൽ കരസ്ഥമാക്കുന്ന മധ്യ-ഉപരി വർഗ്ഗമല്ല, മറിച്ചു ഏറ്റവും പാവപ്പെട്ടവരാണ്  നികുതി വരുമാനത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നതെന്നാണ്. സർക്കാർ വരുമാനത്തിൽ ബഹുഭൂരിപക്ഷവും വരുന്നത് മദ്യവിൽപന, ലോട്ടറി വില്പന, വാഹനനികുതികൾ, ജിഎസ്‌ടി  തുടങ്ങിയവയിൽ നിന്നാണ്. ഇതെല്ലാം ഏറ്റവും സാധാരണക്കാരുടെ സംഭാവനയാണ്. അതായത്  താഴെയുള്ള ഏറ്റവും ദരിദ്രരായ 30 ശതമാനമാണ് സർക്കാർ വരുമാനത്തിന്റെ ആണിക്കല്ല് എന്ന് ഡോ. ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോൾ കിഫ്ബിയുടെ കടം വീട്ടാനുള്ള പദ്ധതിയിൽ  വാഹനനികുതിയും പെട്രോളിയം ഉത്പന്നങ്ങളുടെ സെസ്സുമാണ് പ്രധാന വരുമാനം ആയി കാണിച്ചിരിക്കുന്നത്.  അതായതു പാവപ്പെട്ടവനിൽ നിന്ന് എടുത്തു മധ്യ-ഉപരിവർഗക്കാരന് വാരിക്കോരി കൊടുക്കുക എന്നതാണ് സർക്കാർ നയം. അതു സിപിഎം ബോധപൂർവം സ്വീകരിച്ച ഒരു നയംമാറ്റത്തിന്റെ ഭാഗമാണെന്നു ഡോ. തോമസ് ഐസക്കിന്റെ അഭിമുഖം വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്.