2000 കോടി ഡോളറിന്റെ കയറ്റുമതി പ്രതിസന്ധിയിൽ; സൂയസ് കനാൽ പ്രശ്‍നം ഇന്ത്യയെ ബാധിക്കും

ന്യൂദൽഹി: കോവിഡ് ആഘാതത്തിൽ നിന്നു സമ്പദ്ഘടന രക്ഷ നേടാൻ ശ്രമിക്കുന്നതിനിടയിൽ  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യൂറോപ്പ്, അമേരിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിദൂര പ്രദേശങ്ങളിലേക്കുള്ള വ്യാപാരബന്ധത്തെ സൂയസ് കനാൽ പ്രതിസന്ധി കൂടുതൽ  കുഴപ്പത്തിലേക്കു തള്ളിവിടുന്നു. ഇന്ത്യയിൽ നിന്നും സൂയസ് കനാൽ വഴി പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2000 കോടി ഡോളറിലേറെ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. സൂയസ് കനാലിൽ തായ്‌വാൻ കപ്പൽ  കുടുങ്ങിയതിനാൽ ഏതാനും ദിവസങ്ങളായി കനാൽ അടച്ചിരിക്കുകയാണ്. കനാലിന്റെ ഇരുവശത്തുമായി റെഡ് സീ, മെഡിറ്ററേനിയൻ കടൽ എന്നീ ഭാഗങ്ങളിൽ ഇപ്പോൾത്തന്നെ നൂറുകണക്കിന് കപ്പലുകളാണ് കനാലിലേക്ക് പ്രവേശനം കിട്ടാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി ചരക്കു കപ്പലുകളും ഉൾപ്പെടുന്നു.

കനാൽ വീണ്ടും തുറക്കാൻ ആഴ്ചകൾ തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കപ്പൽ മണലിൽ ഇടിച്ചു നിൽക്കുന്നതിനാൽ വൻതോതിൽ മണൽ മാറ്റി കപ്പലിനെ വീണ്ടും ജലപാതയിലേക്കു നയിക്കണം. അതിനു  കടുത്ത അധ്വാനവും സമയവും ആവശ്യമാണ്.

അതിനാൽ കപ്പലുകൾ ആഫ്രിക്കയുടെ തെക്കൻ  മുനമ്പ് ചുറ്റി യാത്ര ചെയ്യുക മാത്രമാണ് താത്കാലിക പോംവഴിയെന്നു ഷിപ്പിംഗ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ വഴിയിലൂടെ മെഡിറ്ററേനിയൻ ഭാഗത്തു  എത്താൻ രണ്ടാഴ്ച അധികം യാത്ര ചെയ്യണം. കനാൽ തുറന്നാൽ തന്നെ നിലവിൽ അവിടെ കെട്ടിക്കിടക്കുന്ന കപ്പലുകൾക്ക് ആദ്യം കടന്നുപോകാൻ അവസരം നൽകേണ്ടതുണ്ട്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ യാത്രാവഴി മാറ്റി കപ്പലുകളെ അയക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. പെട്ടെന്ന് നശിച്ചുപോകുന്ന ചരക്കുമായി പോകുന്ന  നിരവധി കപ്പലുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. അവയുടെ നഷ്‌ടം വളരെ  കനത്തതായിരിക്കുമെന്നു ഷിപ്പിങ് വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നു.