കിഫ്‌ബി: ചോദ്യോത്തരങ്ങൾ (18)
കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട് പദ്ധതി സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ് ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.
കിഫ്ബിയുടെ സാമ്പത്തികപ്രവർത്തനമാതൃക പൊതുധനകാര്യത്തിന്റെ ഉത്തമപ്രമാണങ്ങൾക്ക് നിരക്കുന്നതല്ല എന്ന വിമർശനത്തിന്റെ അടിസ്ഥാനമെന്താണ്?
ഏതു സർക്കാരിന്റെയും വരുമാനം ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന പണമാണ്. അത് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നത് ജനങ്ങളുടെ ആവശ്യമാണ്, അവകാശമാണ്. ഇതിനുള്ള ഉപാധി കൂടിയാണ് ബജറ്റ്. പൊതുധനകാര്യവിദഗ്‌ധർ പറയുന്നത് ബജറ്റ് സൂര്യനെപ്പോലെ പ്രകാശിക്കണമെന്നാണ്. സർക്കാരിന്റെ സമ്പദ് പ്രവർത്തനത്തിന്റെ എല്ലാ കോണിലേക്കും അത് വെളിച്ചം വീശണം. സർക്കാരിന്റെ വരവ്-ചെലവ് വിശദാംശങ്ങൾ സത്യസന്ധമായും ലളിതമായും സമഗ്രമായും ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കണം.
ബജറ്റിന്റെ വ്യാപ്തിക്കു പുറത്താണ് കിഫ്ബിയുടെ സാമ്പത്തിക പ്രവർത്തനം എന്നതാണ് വിമർശനത്തിന്റെ കാതൽ. സംസ്ഥാന വരുമാനത്തിൽ നിന്നാണ് കിഫ്‌ബി പദ്ധതികൾ നടപ്പാക്കുന്നതും കടബാധ്യത നിറവേറ്റുന്നതും. കിഫ്ബിയുടെ എല്ലാ കടങ്ങൾക്കും ഗ്യാരണ്ടി നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ പദ്ധതികളുടെ തെരഞ്ഞെടുപ്പിലോ നടത്തിപ്പിലോ കടമെടുപ്പിലോ നിയമസഭയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. അവ തീരുമാനിക്കുന്നത് കിഫ്ബിയുടെ ഭരണസമിതിയാണ്. കിഫ്ബിയുടെ പദ്ധതിച്ചെലവിനും കടമെടുപ്പിനും പരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നിജപ്പെടുത്തിയ കടബാധ്യതാപരിധിയെ മറികടക്കുന്നതാണ് കിഫ്ബിയുടെ കടമെടുപ്പ്. കിഫ്ബിയുടെ കണക്കുകൾ സ്വതന്ത്രവും സമഗ്രവുമായ ഓഡിറ്റിന് വിധേയമല്ല. കിഫ്ബിയുടെ പദ്ധതിച്ചെലവും കടമെടുപ്പും ബജറ്റിന്റെ ഭാഗമല്ല എന്നതിനാൽ ജനപ്രതിനിധികൾക്കു അവയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവസരം ലഭിക്കുന്നില്ല. ഇത് സാമാജികരുടെ ഭ രണഘടനപരമായ അവകാശത്തിന്റെ നിഷേധമാണ്. കിഫ്ബിയുടെ പ്രവർത്തനത്തിന്റെ ഗുണദോഷങ്ങൾ പരിഗണിക്കാതെ സംസ്ഥാനവരുമാനത്തിന്റെ ഒരു നിശ്ചിത പങ്ക് സ്ഥാപനത്തിനായി സ്ഥിരമായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, കിഫ്‌ബി സ്വേച്ഛാനുസാരം കടമെടുക്കുകയും ചെലവാക്കുകയും ചെയ്യുന്നു. എന്നാൽ തിരിച്ചടവിന്റെ ബാധ്യത സർക്കാരിൽ നിക്ഷിപ്തമാക്കുന്നു. ഈ കാരണങ്ങളാലാണ് കിഫ്ബിയുടെ സാമ്പത്തികപ്രവർത്തനമാതൃക പൊതുധനകാര്യത്തിന്റെ പ്രമാണങ്ങൾക്ക് നിരക്കുന്നതല്ല എന്ന വിമർശനം ഉയർന്നുവന്നിട്ടുള്ളത്.
(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)