പി എം സുരേഷ്ബാബു കോണ്‍ഗ്രസ് വിട്ടു

കോഴിക്കോട്:  മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു എൻസിപി വഴി ഇടതുപക്ഷത്തേക്കു നീങ്ങിയതിനു പിന്നാലെ കോഴിക്കോട്ടെ മുതിർന്ന കോൺഗസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ പി എം സുരേഷ്ബാബു പാർട്ടിയിൽ നിന്നു രാജിവെച്ചു.

ഭാവികാര്യങ്ങൾ സംബന്ധിച്ചു  തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നു വ്യക്തമാക്കിയ സുരേഷ് ബാബു കഴിഞ്ഞ ദിവസം ചാക്കോ തന്നെ ബന്ധപ്പെട്ടിരുന്നതായും എൻസിപിയുമായുള്ള ബന്ധത്തിലൂടെ ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യത തള്ളുന്നില്ലെന്നും ജനശക്തിയുമായുള്ള അഭിമുഖത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഏതാനും ദിവസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ്സ് ദിശാബോധമില്ലാത്ത ഒരു നിലയിലാണ്  കുറേകാലമായി പ്രവർത്തിക്കുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ യോജിപ്പിച്ചു നിർത്താനുള്ള ഒരു ശ്രമവും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നില്ല.

ദീർഘകാലം മലബാറിലെ കോൺഗ്രസ്സിൽ ആന്റണി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ച മുതിർന്ന നേതാവാണ് സുരേഷ് ബാബു. പലതവണ നിയമസഭയിലേക്കും കോഴിക്കോട് [കോർപറേഷൻ കൗൺസിലിലേക്കും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടിണ്ട്.

കോൺഗ്രസ്സിൽ എ കെ ആന്റണിയുടെ അനുയായികളായി എമ്പതുകളുടെ തുടക്കത്തിൽ ഇടതുപക്ഷത്തേക്കു നീങ്ങിയ വിഭാഗത്തിലെ അംഗമാണ് സുരേഷ് ബാബു. കെ പി  ഉണ്ണിക്കൃഷ്ണനായിരുന്നു അവരുടെ നേതാവ്. ആന്റണിയും വയലാർ രവിയും കോൺഗ്രസ്സിലേക്കു തിരിച്ചുപോയശേഷവും എൽഡിഎഫിൽ തുടർന്ന ഈ വിഭാഗം പിന്നീട് കോൺഗ്രസ്സിൽ തിരിച്ചെത്തിയെങ്കിലും രാജീവ് ഗാന്ധിയുടെ എതിർചേരിയിലാണ് പാർട്ടിയിൽ അവർ നിലനിന്നത്. കോൺഗ്രസിലേക്ക്  തിരിച്ചു പോയത് തെറ്റായിപ്പോയെന്ന് കഴിഞ്ഞ ദിവസം കെ പി ഉണ്ണികൃഷ്ണൻ തന്നെ വ്യക്തമാക്കുകയുണ്ടായി.

കോൺഗ്രസ്സിൽ  കരുണാകരവിരുദ്ധ പക്ഷത്തു നിന്ന ഈ വിഭാഗം ആന്റണി ഗ്രൂപ്പ് നേതൃത്വത്തിൽ നിന്നുമാറി ഉമ്മൻചാണ്ടിയുടെ നേതൃത്വം വന്നതോടെ പ്രതിസന്ധിയിലായിരുന്നു. കോൺഗ്രസ്സിൽ ആന്റണിയുടെയും ഉണ്ണിക്കൃഷ്ണന്റെയും അനുയായികളായി നിന്നവർ അനാഥരായി.   ദീർഘകാലമായി പാർട്ടിയിൽ താൻ അവഗണന അനുഭവിക്കുകയാണെന്നും ഉമ്മൻചാണ്ടി ഈ വിഷയത്തിൽ നീതിപൂർവകമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി.