സര്‍വ്വേ ഫലങ്ങള്‍ക്ക് പിന്നില്‍ ഉപകാരസ്മരണ: രമേശ്
തിരുവനന്തപുരം : യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മനപ്പൂര്‍വ്വമുള്ള ശ്രമമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായ സര്‍വ്വേഫലങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.. ഈ സര്‍വ്വേകള്‍ ഏകപക്ഷീയമാണ്.മാധ്യമ ധർമ്മം പാലിക്കാത്തതാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷസീറ്റുകളും ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത്?
20 ല്‍ 19 സീറ്റിലും യു ഡിഎഫ്. ആണ് ജയിച്ചത്. അതും ഒരു ലക്ഷത്തിലേറെ വോട്ടകുളുടെ വന്‍ മാര്‍ജിനില്‍. ആ വലിയ ജനവികാരം ഏതെങ്കിലും സര്‍വ്വേയില്‍ പ്രതിഫലിച്ചോ?
അന്ന് ഇടതുമുന്നണിക്ക് 12 മുതല്‍ 16 വരെ സീറ്റുകള്‍ വരെ കിട്ടുമെന്നായിരുന്നു പ്രവചനം. ഒടുവില്‍ ഇടതുമുന്നണിക്ക് കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും ശശി തരൂര്‍ തോല്ക്കുമെന്നുമാണ് പ്രവചിച്ചത്. ശശിതരൂര്‍ ഒരു ലക്ഷം വോട്ടിന് ജയിച്ചു. പാലക്കാട് കോണ്‍ഗ്രസിന്റെ വി.കെ. ശ്രീകണ്ഠന്‍ തോല്ക്കുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേക്കാര്‍ പറഞ്ഞത്. എന്നാല്‍, ശ്രീകണ്ഠനാണ് ജയിച്ചത്.
പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്തു സംഭവിച്ചു? ഈ അനുഭവപാഠം ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത മറുനാട്ടുകാരായ സര്‍വ്വേക്കാര്‍ക്ക് മറക്കാം. അവര്‍ക്ക് അവരുടെ ബിസിനസ്. പക്ഷേ, ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ആ അനുഭവം മറക്കുന്നത് ശരിയാണോ?-രമേശ് ചെന്നിത്തല ചോദിച്ചു.
.ഇത്തവണ പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും ഈ സര്‍വ്വേകളില്‍ കാണുന്നു.
ഈ സര്‍ക്കാരിനെതിരെ തെളിവുകള്‍ സഹിതമാണ് അഴിമതി ആരോപണം ഉന്നയിച്ചത്. എല്ലാം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരിന് എല്ലാത്തിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും പ്രതിപക്ഷ നേതാവിനെ തറപറ്റിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ സര്‍വ്വേ നടത്തി തകര്‍ക്കാനാണ് നോക്കുന്നത്.
ഭരണ കക്ഷിക്ക് കിട്ടുന്ന പരി ഗണനയുടെ ഒരു ശതമാനം എങ്കിലും മാദ്ധ്യമങ്ങള്‍ പ്രതിപക്ഷത്തിന് നല്‍കണ്ടേ? ഇത് എന്തു മാദ്ധ്യമ ധര്‍മ്മമാണ്? നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെ വിരട്ടിയും പരസ്യം നല്‍കിയും മാദ്ധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
മാദ്ധ്യമ ധര്‍മ്മം മറന്നു കൊണ്ട് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും നല്‍കാതെ ഭരണ കക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മാദ്ധ്യമങ്ങള്‍.
ചില അവതാരകര്‍ അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി ഭരിക്കുമെന്ന് ഇപ്പോഴേ ആശംസ നേരുന്നു.
കേരളത്തിന്റെ വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ പോലും പങ്കെടുക്കാത്ത സര്‍വ്വേകളാണിവ.
സര്‍ക്കാര്‍ ഒരോ പ്രതിസന്ധിയില്‍പ്പെടുമ്പോഴും അതില്‍ നിന്ന് കരകയറ്റാന്‍ സര്‍വ്വേക്കാര്‍ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രസകരമായ ഒരു കാര്യം മൂന്ന് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനി തന്നെ സര്‍വ്വേ നടത്തിയെന്നതാണ്.
അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ 200 കോടി രൂപയുടെ പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ 57 കോടി രൂപ കിഫ്ബിയുടേതാണ്. .
200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളില്‍ തെളിയുന്നത്.
കോടികളുടെ പരസ്യം കൊടുത്ത് എപ്രകാരമാണോ നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളെ കൊണ്ട് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് അതു പോലെ പിണറായിയും മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു.
കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സര്‍ക്കാരും ഇത്രയേറെ അഴിമതികള്‍ക്ക് പിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അഴിമതി ജനങ്ങള്‍ക്ക് ഒരു വിഷയമല്ല എന്നാണ് സര്‍വ്വേക്കാര്‍ പറയുന്നത്.
യു.ഡി.എഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ മാത്രമാണ് യു.ഡി.എഫിന് വിശ്വാസം.
പക്ഷേ, കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അഭിപ്രായസര്‍വ്വേകള്‍ എന്ന തന്ത്രത്തിലൂടെ ജനഹിതം മാറ്റിമറിക്കാനാവില്ല എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും. സര്‍വ്വേ നടത്തി യു.ഡി.എഫിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട.
ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയെയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് എന്തു ഉത്തരവാദിത്തമാണുള്ളത്?
പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നതില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണ് സര്‍വ്വേക്കാര്‍ നല്‍കിയത്. അദ്ദേഹം മുഖ്യമന്ത്രിയായില്ലേ?
പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജണ്ട നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ചോദിക്കുന്നത്. ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്ന തരത്തിലാണ് സര്‍വ്വേയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്.-രമേശ് ചെന്നിത്തല തുടര്‍ന്നു.