കണ്ണീര് കത്തിപ്പടരുമ്പോൾ
(പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി കെ സുരേഷ് ഇന്ന് (ശനിയാഴ്ച ) ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് )
വി കെ സുരേഷ്
കണ്ണീര് കത്തിപ്പടരുമ്പോൾ .അതെ. കാലത്തിന്റെ മുറിവും നനവുമായി ഒരാൾ നമുക്കിടയിലൂടെ നടന്നുപോവുകയാണ്. കേരള നിയമസഭയിലേക്കാകണം ആ നടത്തമെന്ന് ഒരു ജനത തീരുമാനിക്കുകയാണ്. 2012 മെയ് 4ന് രാത്രി പത്തേകാലിന് ടി.പി ചന്ദ്രശേഖരന്റെ മുഖത്തേറ്റ 51 വെട്ടിൽ നിന്നും തെച്ചിമാലയായി പൂത്ത ചോരച്ചുവപ്പ് ഇക്കാലമത്രയും നാടിന്റെ നോവായി കൊണ്ടു നടന്നവർ പ്രതികാരം ചെയ്യാൻ ഉണരുന്നു… കെ.കെ രമ യിലൂടെ.. തൈ വെച്ച പറമ്പിലെ വീട്ടുമുറ്റത്ത് ചുവപ്പ് പുതപ്പിച്ച പ്രിയന്റെ പ്രാണൻ നിലച്ച ശരീരത്തിൽ തൊട്ട് “കൊല്ലാം തോൽപ്പിക്കാനാവില്ല ” എന്ന് കത്തുന്ന കണ്ണീരോടെ വിളിച്ചു പറഞ്ഞ രമയെയാണിപ്പോൾ വടകര ഓർത്തുവെക്കുന്നത്. അതെ, രമയുടെ കണ്ണീർ തന്നെയാണ് ആർ എം പി ഐയിലൂടെ കത്തിപ്പടരുന്നത്. രമ നടക്കുന്ന നാട്ടിടവഴികളും പൊതുനിരത്തുകളും നാൽക്കവലകളും സൂക്ഷിച്ചു നോക്കൂ… നിങ്ങൾക്ക് കാണാം നിശ്ചയദാർഢ്യവുമായി ഒരു മനുഷ്യൻ വടിവാൾത്തിളക്കത്തിന് മുന്നിൽ നെഞ്ചുയർത്തി നിന്ന് പുഞ്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആണിക്കല്ല് വിയോജിപ്പിന്റെ സ്വാതന്ത്ര്യമാണ്. അതിന്റെ തിരുനെറ്റി വെട്ടിത്തറിച്ചവർക്കെതിരെ വോട്ടിന്റെ മൂർച്ച പരിശോധിച്ച് മുന്നേറുകയാണ് രമയും പാർട്ടിയും.നീതിയും നിയമവും വെള്ളിക്കാശിന്റെ തൂക്കമൊപ്പിച്ച് വിപണിയിൽ വിൽക്കാനിട്ടവർക്കെതിരെയാണ് രമയുടെ സമരം. ഒഞ്ചിയത്തിന്റെ ആകാശസീമയിൽ മെയ് 4ന് ഉദിച്ചുയർന്ന്കത്തിയ സൂര്യന് കീഴെ നിന്ന് ഒഞ്ചിയം ജനത നെഞ്ചു പൊട്ടി വിളിച്ച മുദ്രാവാക്യമിങ്ങനെ” നമ്മുടെ ടി.പി ഉണരാതിരിക്കില്ല” .വിയോജിപ്പുകൾ നിലനിർത്തിത്തന്നെ കൊലവാൾത്തലപ്പുകൾക്കെതിരെ യോജിപ്പിന്റെ വിസ്തൃതാകാശത്തിലേക്ക് വടകര പതാകകൾ വീശുമ്പോൾ ചരിത്രത്തിലെ പാഠങ്ങൾ സാക്ഷിയാണ്.1948 ൽ ഒഞ്ചിയം വെടിവെയ്പ്പ് കാലത്ത് കെ.പി.സി.സി പ്രസിഡണ്ടായിരുന്ന കെ കേളപ്പനെതിരെ കമ്യൂണിസ്റ്റുകാർ വിളിച്ച മുദ്രാവാക്യം ചരിത്രത്തിൽ നിന്ന് മായുന്നില്ല.അതിങ്ങനെ”ജനങ്ങളുടെ രക്തത്തിലൂടെ കപ്പലോടിക്കുന്ന കേളപ്പാ ” .1952 ലെ ഒന്നാമത്തെ പൊതു തെരഞ്ഞെടുപ്പിൽ എ.കെ.ജി യും കേളപ്പനും ഒരു മുന്നണിയിൽ! ഒന്നിച്ച് പ്രസംഗം! 1953 ൽ ബന്ധ വിഛേദം! 1959 ലെ വിമോചന സമരക്കാലം. അതിലെ മുഖ്യപങ്കാളി മുസ്ലിം ലീഗ് .1962 ൽ അതേ മുസ്ലിം ലീഗുമായി കമ്യൂണിസ്റ്റുകാർ മുന്നണിയായി. വടകര പാർലമെന്റ് മണ്ഡലത്തിൽ എ.വി.രാഘവൻ സ്ഥാനാർത്ഥി.ലീഗും കമ്യൂണിസ്റ്റു പാർട്ടിയും യോജിച്ച് പിന്തുണ നൽകി.!! ഒരു ലക്ഷത്തിൽപ്പരം വോട്ടിനാണ് എ.വി.രാഘവൻ ജയിച്ചത്.1964ൽ സി.പി.ഐ എം ന്റെ രൂപീകരണം. സി പി ഐ യെ വലതന്മാരാക്കി പ്രചാരണം. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ലീഗുമായി സി പി ഐ എം ന്റെ സഖ്യം! 1975 ൽ അടിയന്തരാവസ്ഥ.തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ RSS ന്റെ ജനസംഘവുമായി യോജിച്ച് തെരഞ്ഞെടുപ്പ് സഖ്യം!!1979 ൽ ആൻറണി കോൺഗ്രസുമായി സി പി ഐ എം സഖ്യം .!!പാനൂർ മേഖലയിൽ പി.ആർ കുറുപ്പിന്റെ “മാടമ്പി വാഴ്ച”യ്ക്കെതിരെ കോൺഗ്രസ് – ലീഗ് -സി പി ഐ എം പൗരമുന്നണിയും ഓർക്കാം നമുക്ക്. ഇങ്ങനെ ചരിത്രത്തിൽ ഇണക്കവും പിണക്കവും ഏറെ.യു ഡി എഫ് ബാന്ധവമെന്ന് തൊണ്ട കീറുന്നവർക്ക് ചരിത്രത്തിൽ ഇങ്ങനെ ചില “ക്യാപ്സൂളുകളും ” ഉണ്ടായിരുന്നു എന്ന് ഓർമ വേണം.ബംഗാളിൽ കിതയ്ക്കുമ്പോൾ പുറത്ത് തടവുന്നത് കോൺഗ്രസ്സ്! തെറ്റല്ല അത്! തമിഴ്നാട്ടിൽ നിന്ന് ജയിച്ചു കയറാൻ കോൺഗ്രസും ലീഗും വേണം! തെറ്റല്ല അത് !വടകരയിൽ ഇന്നും ഒഴുകുന്നചോരച്ചാലുണ്ട്… ചിലരുടെ കുഴിമാടത്തിലേക്കാണ് അതിന്റെ ഗതി.ടി.പിയുടെ പ്രാണനിൽ നിന്നൊഴുകിയ ചോരച്ചാലിന്റെ ഗതി! ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ തോളിൽ തൂങ്ങി നടക്കുന്നവരുടെ കുഴിമാടം വരെ അത് പരന്നൊഴുകും തീർച്ച!നിങ്ങളുടെ സൈബർ ഗുണ്ടകൾ ഭാര്യയെ ഒരമ്മയെ സഹോദരിയെ അപമാനിച്ച് ആർത്തട്ടഹസിച്ചത് ഓർമയില്ലേ!അതെ … എല്ലാറ്റിനും ഒരറുതി വേണം. ജനാധിപത്യത്തിന്റെ ഉള്ളുലയ്ച്ച് തെരുവുകളിൽ സംഹാര നൃത്തം ചെയ്ത നിങ്ങൾക്കെതിരെ ഒരമ്മ ,ഭാര്യ ,സഹോദരി ഉണർന്ന് പൊരുതുകയാണ്. പ്രിയപ്പെട്ടവന്റെ കുപ്പായം നെഞ്ചിൽ ചേർത്തുവെച്ച് ഇപ്പോഴും കിടക്കുന്ന ഒരമ്മയുടെ കണ്ണീരും ഗദ്ഗദവും ഒരു ജനത അവരുടേതായി കരുതുകയാണ്. വടകര രമയുടെ ഹൃദയതാളം ഏറ്റുവാങ്ങുന്നു. ഒപ്പം ടി.പിയുടെ ചോര വാർന്ന തെരുവിൽ നിന്ന് ഒരു ഹൃദയം എഴുന്നേറ്റു നടക്കുന്നു! കാലത്തിന്റെ കണക്കു പുസ്തകത്തിൽ ചിലതു കൂടി കുറിച്ചു വെയ്ക്കാൻ .