എന്‍ എസ് എസ് സര്‍ക്കാരിനെതിരെ വീണ്ടും

ചങ്ങനാശേരി: വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുയെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ‘തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കന്മാര്‍ക്കിടയില്‍ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.