Amithsha kerala BJP Janshakthionline

ആദ്യം കോണ്‍ഗ്രസ് മുക്ത കേരളം; വൈകാതെ കമ്യൂണിസ്റ്റ് മുക്ത കേരളവും

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അവസാനകാലം സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടേതാകുമെന്ന് നിശ്ചയിച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ്. എല്ലാ കേന്ദ്രഏജന്‍സികളെയും കേരളത്തില്‍ എത്തിച്ച് സിപിഐഎം നേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ആപ്പീസിനെയും അന്വേഷണത്തിന്‍റെ കേന്ദ്രമാക്കിയ അമിത്ഷായുടെ താല്‍പ്പര്യം ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി തന്‍റെ പാര്‍ട്ടിയുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണെന്നും വ്യക്തം. ഇരട്ടച്ചങ്കന്‍ എന്ന് ഭക്തജനസംഘം വിളിച്ചുപോരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിരട്ടിനിര്‍ത്തി തന്‍റെ പാര്‍ശ്വവര്‍ത്തികളായ അദാനി-അംബാനിമാരുടെ സാമ്പത്തികതാല്‍പ്പര്യങ്ങളും സംഘപരിവാറിന്‍റെ രാഷ്ട്രീയതാല്‍പര്യങ്ങളും സംരക്ഷിക്കുകയാണ് അമിത്ഷാ ലക്ഷ്യമിട്ടത്. അക്കാര്യത്തില്‍ അമിത്ഷാ വിജയിച്ചു എന്ന് ഇതിനകം പുറത്തുവന്ന കാര്യങ്ങള്‍ തെളിയിച്ചിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് -ഡോളര്‍ കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പരസ്യമാക്കപ്പെട്ടതോടെ പിണറായി വിജയന്‍ മന്ത്രിസഭയുടെ വിശ്വാസ്യതയാണ് കാറ്റെടുത്തുപോയത്. ഒപ്പംതന്നെ ഇതുമായി ബന്ധമുള്ള യുണിടെക് കമ്പനിയുടെ മുതലാളി കൈമാറിയ വിലയേറിയ ഐഫോണുകളിലൊന്ന് മുന്‍പാര്‍ട്ടിസെക്രട്ടറിയുടെ വീട്ടിലുണ്ടെന്ന വെളിപ്പെടുത്തലും വന്നിരിക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും പൊതുജനമധ്യത്തില്‍ പരിഹാസ്യമാവാന്‍ മറ്റെന്തുവേണം?

Pinarayi vijayan janashakthionline


ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയനേതൃത്വം ഉള്‍പ്പെട്ട എണ്ണമറ്റ അഴിമതിക്കഥകള്‍ മാധ്യമങ്ങളിലൂടെ തുറന്നുകാണിക്കപ്പെട്ട ഘട്ടങ്ങളിലൊക്കെ അന്തസ്സോടെ തലയുയര്‍ത്തി ഇടതുപക്ഷപാര്‍ട്ടി നേതാക്കള്‍ ‘ഞങ്ങളെ കണ്ടുപഠിക്കൂ’ എന്ന് പ്രഖ്യാപിച്ചിരുന്ന കാലമുണ്ടായിരുന്നു. അഴിമതിയുടെയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും കറപുരളാത്ത ജനകീയരാഷ്ട്രീയമായിരുന്നു ഇടതുപക്ഷത്തിന് തിളക്കമേകിയിരുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും ബിഎസ്പിയും സമാജ്വാദിപാര്‍ട്ടിയും ഒക്കെ അഴിമതിക്കഥകളില്‍ നിറഞ്ഞുനിന്നപ്പോഴും ഇടതുപക്ഷം വേറിട്ടുനിന്നു. കാര്യലാഭത്തിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ വന്‍തുക ഹവാലയായി കൈമാറിയ കാലത്ത് ഇടതുപക്ഷക്കാര്‍ ഞങ്ങളെ കണ്ടുപഠിക്കൂ ഞങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമാണ് എന്ന് ആവേശപൂര്‍വ്വം പറയുകയും ലേഖനങ്ങളെഴുതിക്കൂട്ടുകയും ചെയ്തു. പിവി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ മാധ്യമങ്ങള്‍ തുറന്നുവിട്ട ഭൂതമായിരുന്നു ജെയിന്‍ ഡയറിയിലൂടെ വെളിപ്പെട്ട ഹവാലാപ്രവാഹം. ബിജെപി നേതാവ് എല്‍കെ അദ്വാനിയുള്‍പ്പെടെ കോണ്‍ഗ്രസ്സിലെയും മറ്റ് പാര്‍ട്ടികളിലെയും എംപിമാരും മന്ത്രിമാരുമൊക്കെ ജെയിന്‍ ഡയറിക്കുറിപ്പുകളില്‍ കുരുങ്ങി മുഖം നഷ്ടപ്പെട്ടവരായിത്തീര്‍ന്ന കാലത്ത് സിപിഐഎം ജനറല്‍സെക്രട്ടറി സുര്‍ജിത്തും പിബി അംഗങ്ങളായ പ്രകാശ്കാരാട്ടും സീതാറാം യെച്ചൂരിയുമൊക്കെ ഇടതുപക്ഷത്തിന്‍റെ സത്യസന്ധമായതും വിശുദ്ധിയേറിയതുമായ രാഷ്ട്രീയത്തെക്കുറിച്ച് പെരുമ്പറയടിച്ചു നടക്കുകയായിരുന്നു. എന്നാലിപ്പോഴോ? കേരളത്തില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഡോളര്‍ക്കടത്ത് വിവാദത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാനാകാതെ കാരാട്ടും യെച്ചൂരിയും മൗനിബാബകളായി മൂലക്കിരിക്കുന്ന കാഴ്ച ദയനീയമാണ്. കാല്‍നൂറ്റാണ്ട്കൊണ്ട് ഇടതുപക്ഷം വലതുപക്ഷത്തെ തോല്‍പ്പിക്കുന്ന അഴിമതിക്കോമരങ്ങളായി മാറിയെന്നത് അപമാനകരമായ രാഷ്ട്രീയസത്യമാണെന്ന് തുറന്നുപറയാന്‍ അവര്‍ക്കെന്താണ് തടസ്സം?
കഴിഞ്ഞ അഞ്ചുകൊല്ലത്തെ പിണറായിവാഴ്ച ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനേല്‍പ്പിച്ച പരിക്കുകള്‍ അത്രയെളുപ്പം ഭേദപ്പെടുന്നതല്ല. സിപിഐഎമ്മിന്‍റെ കേന്ദ്രനേതൃത്വത്തെ നോക്കുകുത്തിയാക്കിയും നേതൃത്വത്തിലെ ചിലരുടെ പിന്‍ബലത്തോടെയും പിണറായി അടിച്ചേല്പിച്ച ഏകാധിപത്യവാഴ്ച ഇടതുപക്ഷരാഷ്ട്രീയത്തിന്‍റെ വിശ്വാസ്യതയാണ് തകര്‍ത്തത്. അഴിമതിയും സാമ്പത്തിക ദുര്‍വിനിയോഗവും ഭരണകൂടഭീകരതയുമാണ് പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്രയായത്. പിആര്‍ ഏജന്‍സികളുടെ വാഴ്ത്തുപാട്ടുകള്‍കൊണ്ട് മൂടിവെക്കാനാകാത്ത നൃശംസതകളുടെ പരമ്പരകളാണ് ഈ അഞ്ചുകൊല്ലക്കാലത്തെ ബാക്കിപത്രം. വ്യക്തിപരമായി പരമാവധി ലാഭം കൊയ്തെടുക്കാന്‍ മാത്രം ഉത്സാഹിച്ച ഭരണനേതൃത്വം ജനങ്ങളുടെ കണ്ണില്‍ വെറുക്കപ്പെട്ടവരായി മാറിയ മറ്റൊരു ഭരണകാലം കേരളത്തിന്‍റെ ചരിത്രത്തിലില്ല. മാധ്യമങ്ങള്‍ക്ക് കിഫ്ബിവഴി നല്‍കിയിട്ടുള്ള പണക്കിഴികള്‍ തല്‍ക്കാലം വസ്തുതകളെ ജനങ്ങളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കുമെന്ന പിണറായിയുടെ വ്യാമോഹം പുതിയ കാലത്ത് തകര്‍ന്നുതരിപ്പണമാകുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴാരും മാധ്യമങ്ങളെ വിശുദ്ധപശുക്കളായി കാണുന്നില്ല എന്നതുതന്നെ കാരണം. സാമ്പത്തികപ്രതിസന്ധി മറികടക്കാനെന്നപേരില്‍ ജീവനക്കാരില്‍നിന്ന് ശമ്പളം വെട്ടിക്കുറച്ചും പിടിച്ചുപറിച്ചും ഭരണം നടത്തിയ സര്‍ക്കാര്‍ തന്നെ പ്രതിദിനം പരസ്യഇനത്തില്‍ കോടികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതിന്‍റെ രഹസ്യം തിരിച്ചറിയാനുള്ള ശേഷിയൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ക്കപ്പുറമാണ് മലയാളികളുടെ രാഷ്ട്രീയബോധ്യം പ്രവര്‍ത്തിക്കുന്നതെന്നത് പലവട്ടം തെളിയിക്കപ്പെട്ടതാണ്.
കേന്ദ്രഏജന്‍സികള്‍ കേരളസര്‍ക്കാരിനെതിരെ ശത്രുതാപൂര്‍വ്വം പെരുമാറുകയാണ് എന്ന മുറവിളി പിണറായി സംഘം ഉയര്‍ത്തുന്നുണ്ടെങ്കിലും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അതൊന്നും പര്യാപ്തമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലൊരിക്കല്‍പോലും കേന്ദ്രവുമായി ഏറ്റുമുട്ടുന്ന യാതൊരു നീക്കവും കേരളസര്‍ക്കാരിന്‍റെ തലവനില്‍നിന്നുണ്ടായിട്ടില്ല എന്നതുതന്നെ കാരണം. മോദിയും അമിത്ഷായും ആഗ്രഹിച്ചതെല്ലാം നിര്‍വ്വഹിച്ചുകൊടുത്ത ഒരു സര്‍ക്കാരാണ് കേരളത്തിലെ’ കമ്യൂണിസ്റ്റ് ‘ സര്‍ക്കാര്‍. ഈ സര്‍ക്കാരിന്‍റെ കാവല്‍മാലാഖകളായി നാഗ്പ്പൂരില്‍ നിന്നുള്ള ബിജെപി നേതാവ് നിതിന്‍ഗഡ്ഗരിയും തിരുവനന്തപുരത്തുനിന്നുയര്‍ന്ന് കാശ്മീര്‍വരെ പടര്‍ന്ന ശ്രീ എം എന്ന ആത്മീയനേതാവും ഉണ്ടായിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. യോഗയും താന്ത്രികവിദ്യയും പഠിച്ചുപാസ്സായ ഗോവിന്ദന്‍മാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പഴഞ്ചനായെന്നും ഇന്ത്യയ്ക്ക് ചേരാത്തതാണെന്നുമൊക്കെ പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചതിന്‍റെ പശ്ചാത്തലവും മറ്റൊന്നല്ല. ‘ഗോവിന്ദം ഭജ മൂഢമതേ’ എന്ന മന്ത്രവുമായാണ് കുട്ടിസഖാക്കളും ആസ്ഥാന ബുദ്ധിജീവികളും കേരളത്തില്‍ ഇടതുപക്ഷ പണ്ഡിതസദസ്സുകളില്‍ നിറഞ്ഞാടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ മൂത്തേടവും ഇളയിടവും ഒക്കെ ഒന്നിനൊന്നുമെച്ചം തന്നെ.
ശ്രീ എം എന്ന പാലം
സംഘപരിവാറുമായി സിപിഐഎം നേതാക്കള്‍ സൃഷ്ടിച്ചെടുത്ത പാലത്തെക്കുറിച്ച് ആദ്യമെഴുതാന്‍ ഭാഗ്യം ലഭിച്ചത് പാട്യം ഗോപാലനെന്ന ഉശിരനായ സഖാവിന്‍റെ മകന്‍ എന്‍ പി ഉല്ലേഖിനാണ്. പിണറായി വിജയന്‍ പ്രകാശനം നിര്‍വ്വഹിച്ച “കണ്ണൂര്‍ പ്രതികാര രാഷട്രീയത്തിന്‍റെ കാണാപ്പുറങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ ശ്രീ എം എന്ന ഹിന്ദുത്വവാദിയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാനചര്‍ച്ചകളെ സംബന്ധിച്ച് കണ്ണൂരിലെ കൊലപാതക രാഷട്രീയത്തെക്കുറിച്ചെഴുതുമ്പോള്‍ എന്‍പി ഉല്ലേഖ് വ്യക്തമാക്കിയിട്ടുണ്ട്.
“മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടു മാസത്തിനകം 2016 ജൂലായ് 30ന് പിണറായിവിജയന്‍ പാര്‍ടി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍കുട്ടി എന്നിവരുമൊത്ത് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തി, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ താമസിച്ചിരുന്ന ആ കെട്ടിടത്തിലേക്ക് പ്രോട്ടോക്കോള്‍ മറികടന്നാണ് അദ്ദേഹം എത്തിയത്. ചിലരുമായി മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കായിരുന്നു ആ വരവ്. അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന ബിജെപി നേതാവും സംസ്ഥാനത്തെ ഏക ബിജെപി നിയമസഭാംഗവുമായ ഒ രാജഗോപല്‍ സംസ്ഥാന ആര്‍എസ്എസ് അധ്യക്ഷന്‍ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു ആ ചിലര്‍. ഒറ്റ ലക്ഷ്യമേ ആ കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നുള്ളൂ. സമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുക.
ഇത്തരത്തിലൊരു കൂടിക്കാഴ്ച തന്നെ ഏതാണ്ട് അചിന്തനീയമായിരുന്നു. ഒപ്പം ഈ കൂടിക്കാഴ്ചകള്‍ അധികം പരസ്യപ്പെടുത്തേണ്ടായെന്ന് ഉഭയകക്ഷി ധാരണ ഉണ്ടായിരുന്നതിനാല്‍ മാധ്യമങ്ങള്‍ക്കു മുന്നിലും കുറച്ചുകാലത്തേക്ക് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അത് ചെറിയൊരു വാര്‍ത്തയായി നിര്‍ത്താന്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയായിരുന്നു. ഈ സന്ദേശം ഇതേ മട്ടില്‍ അണികളിലേക്കും ക്രമേണ വ്യാപിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇരുവശത്തുമുള്ള ബദ്ധവൈരികളായ അണികള്‍ തമ്മിലുള്ള കുടിപ്പക ഘട്ടംഘട്ടമായി കുഴിച്ചുമൂടാനായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ നീക്കം അതീവ രഹസ്യമായിരുന്നു.
ശ്രീ എം ആയിരുന്നു ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. കേരളത്തില്‍ ജനിച്ച് ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആത്മീയനേതാവ് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത്തിനോടും പിണറായിയോടും കോടിയേരിയോടും അടുപ്പമുള്ളയാളാണ്.

Sree M Janashakthionline


നേതാക്കള്‍ പരസ്പരം ഉപചാരം പങ്കുവെച്ചശേഷം ശ്രീ എം കൂടിക്കാഴ്ചയുടെ ലക്ഷ്യം വിശദീകരിച്ചു സംസ്ഥാനത്തെ പതിറ്റാണ്ടുകളായി തകര്‍ത്തുകൊണ്ടിരിക്കുന്ന പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ ഇനി വെച്ചുപൊറുപ്പിക്കാനാവില്ല… (പേജ്, 157 -158)
ഇപ്പോള്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കുള്‍പ്പെടെയുള്ള ആക്കുളം മേഖലയില്‍ യോഗാപഠനത്തിന് നാലേക്കര്‍ ഭൂമി ശ്രീ എമ്മിന് വിട്ടുനല്‍കുന്നതില്‍ പിണറായിയെ കുറ്റം പറയാനാവില്ല. കാരണം അദ്ദേഹത്തിന്‍റെ വിശ്വസ്തന്‍ സി എം രവീന്ദ്രനെ ഇഡിയുടെ പിടിയില്‍നിന്നു മോചിപ്പിക്കാന്‍ വിളിപ്പുറത്ത് പറന്നെത്തിയയാളാണ് ശ്രീ എം കണ്ണൂര്‍ ജില്ലയിലെ സിപിഐഎം സെക്രട്ടറി സ്ഥാനത്തുനിന്ന് പി ജയരാജനെ പുറന്തള്ളിയതടക്കമുള്ള ഓപ്പറേഷനുകളുടെ മധ്യസ്ഥനും ശ്രീ എം ആകുമെന്ന് ചിന്തിച്ചാല്‍ തെറ്റില്ല. പി ജയരാജന്‍ സിപിഐഎം നേതൃത്വത്തില്‍ നിന്ന് ബഹിഷ്കൃതനാകുന്നതില്‍ ശ്രീ എമ്മിന്‍റെ സംഭാവനയെത്രയെന്നേ ഇനി അന്വേഷിക്കേണ്ടതുള്ളൂ. കണ്ണൂരിലെ കുഴിമാടങ്ങളില്‍ക്കിടന്ന് രക്തസാക്ഷികളും ബലിദാനികളും ഇത്തരം ഇടപാടുകളെക്കുറിച്ചോര്‍ത്ത് ഞെളിപിരികൊള്ളുന്നുണ്ടാകും. പാഴായിപ്പോകുന്ന രക്തസാക്ഷിത്വത്തേക്കാള്‍ വേദനയേകുന്ന മറ്റെന്തുണ്ട്?
സംഘപരിവാറും സിപിഐഎമ്മും തമ്മിലുള്ള സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കണമെന്ന താല്‍പ്പര്യം ഇരു പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സമീപകാലത്ത് പൊട്ടിമുളച്ച ഒരാഗ്രഹമൊന്നുമല്ല. ഇരുകൂട്ടരും നന്നായി സഹകരിച്ചിരുന്ന അടിയന്തരാവസ്ഥക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യോജിച്ചു മത്സരിക്കുകയും ഒന്നിച്ച് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അക്കാലത്തെ യോജിപ്പിന്‍റെ ഗുണഭോക്താക്കളിലൊരാള്‍ കൂടിയായിരുന്നു കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നു നേരിയ വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിച്ച പിണറായി വിജയന്‍. പിണറായി മുഖ്യമന്ത്രിയായതിനുശേഷം നരേന്ദ്രമോദി സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന സന്ദേശം പരസ്യമായിത്തന്നെ നല്‍കിയിരുന്നു. മാത്രമല്ല ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും സംഘപരിവാറിന്‍റെ താല്‍പ്പര്യങ്ങള്‍ക്കായി വിട്ടുനല്‍കാനും മുഖ്യമന്ത്രി മടിച്ചില്ല. യുഎപിഎ ചുമത്തി യുവാക്കളെ തടവറയിലാക്കാനോ നിരായുധരായ ഏഴുമനുഷ്യരെ മാവോയിസ്റ്റ് ലേബല്‍ ചുമത്തി വെടിവെച്ചുകൊല്ലാനോ ഒന്നും യാതൊരു മടിയും മുഖ്യമന്ത്രിക്കുണ്ടായില്ല. അമിത്ഷാ ആഗ്രഹിക്കുന്നതെന്തും നിറവേറ്റുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ ബിജെപിക്ക് പ്രിയംകരനായി പിണറായി വിജയന്‍.
കണ്ണൂരിലെ ആര്‍എസ്എസ് -സിപിഐഎം രാഷ്ട്രീയസംഘര്‍ഷങ്ങളുടെ വിത്തുകള്‍ അറുപതുകളുടെ ഒടുവില്‍ മുതല്‍ക്കേ വിതയ്ക്കപ്പെട്ടതാണെങ്കിലും അതിന് പരിഹാരം വേണമെന്ന ചിന്ത പല ഘട്ടങ്ങളിലും ഇരു സംഘടനകളുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സിപിഐഎമ്മും സംഘപരിവാറും സഹകരിച്ചു പോവണമെന്ന ആഗ്രഹപ്രകടനം കടുത്ത ഹിന്ദുത്വവാദികള്‍പോലും പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. സംഘപരിവാറിനുള്ളില്‍ ഇതു സംബന്ധിച്ച് ആഴമേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു എന്നതിന് തെളിവ് 2012 സപ്തംബര്‍ 30ന്‍റെ കേസരി വാരികയില്‍ ടി ജി മോഹന്‍ദാസ് എഴുതിയ സുദീര്‍ഘലേഖനമാണ്. കമ്യൂണിസ്റ്റുകാര്‍ വിശേഷിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലിം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്ന് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം എഴുതി. ചരിത്രപ്രധാനമാണ് ആ വാക്കുകള്‍. ഇപ്പോഴും പ്രസക്തമാണ് അവ.
“ഇതൊക്കെയുള്ളപ്പോള്‍ പോലും സംഘപരിവാറുമായി ചേര്‍ന്നാല്‍ സിപിഎമ്മിന് ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടുകയില്ലേ എന്ന് ചോദിച്ചേക്കാം. ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ത്തന്നെ ആറുശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ ശതമാനത്തില്‍ ഇതിലും കൂടുതലായിരിക്കും. സംഘപരിവാറുമായി കൈകോര്‍ത്തതിന്‍റെ പേരില്‍ നഷ്ടപ്പെടുന്ന ന്യൂനപക്ഷവോട്ടുകളേക്കാള്‍ എത്രയോ കൂടുതല്‍ ഭൂരിപക്ഷവോട്ടുകള്‍ സിപിഎമ്മിനെ കാത്തിരിക്കുന്നു. കേരളത്തില്‍ ബി ജെ പിക്ക് പന്ത്രണ്ടുശതമാനം വോട്ടുവരെയാണ് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ വോട്ടുകള്‍ നൂറുശതമാനവും ബൂത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ അവര്‍ക്ക് ഇരുപത്ശതമാനം വോട്ടെങ്കിലും കേരളത്തിലുണ്ട് എന്ന് ബോധ്യം വരും. വോട്ടിന്‍റെ ഗണിതം ഇങ്ങനെ നില്‍ക്കുമ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ദൃഷ്ടിയിലും സിപിഎം സംഘപരിവാര്‍ സഖ്യം ആശാവഹമാണ് എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ.
ചുരുക്കത്തില്‍ സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്‍റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്….”
യഥാര്‍ത്ഥത്തില്‍ സിപിഐഎമ്മിന്‍റെ താല്‍ക്കാലിക സെക്രട്ടറി എ വിജയരാഘവന്‍റെ രാഷ്ട്രീയ ഗുരുനാഥന്‍ ടി ജി മോഹന്‍ദാസാണെന്നു പറയേണ്ടിവരും. ന്യൂനപക്ഷ വിരുദ്ധത ഹിന്ദുവോട്ടുകള്‍ സമാഹരിക്കാനുള്ള വഴിയാണെന്ന് വിജയരാഘവനെ പഠിപ്പിക്കുന്നത് മറ്റാരുമല്ല. ഒപ്പംതന്നെ ശ്രീ എമ്മിനെപ്പോലുള്ള യോഗിവര്യന്‍മാര്‍ സംഘപരിവാര്‍ -സിപിഐഎം ഐക്യം സാധിതമാക്കാന്‍ ആത്മാര്‍ത്ഥമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. യോഗയും ആത്മീയപ്രഭാഷണങ്ങളും സത്സംഗങ്ങളുമൊക്കെ വര്‍ഗ്ഗസമരത്തിന്‍റെ സംഘര്‍ഷങ്ങളെ ശമിപ്പിക്കാനുള്ള ഉത്തേജകങ്ങളായിരിക്കുന്നു. എന്‍ഐഎയും ഇഡിയും കസ്റ്റംസും ഒക്കെ ജനങ്ങളുടെ കണ്ണുകെട്ടാന്‍ എന്തൊക്കെ നാടകം കളിച്ചാലും അണിറയില്‍ നിതിന്‍ഗഡ്കരിയും അദാനിയും ശ്രീ എമ്മും ഒക്കെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിക്കും കരുതലൊരുക്കി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടാണ് മടിയില്‍ കനമില്ലാതെ ഉല്ലാസവാനായി നടക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നത്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം, കൊച്ചിയിലെ സിറ്റി ഗ്യാസ്പദ്ധതി, വൈറ്റില ഹബ്ബ്, ദേശീയപാതനിര്‍മ്മാണം തുടങ്ങി ഇപ്പോള്‍ത്തന്നെ അദാനി കേരളത്തില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ചെറുതല്ല. വല്ല വഴിക്കും തുടര്‍ഭരണം സാധ്യമാക്കാന്‍ സംഘപരിവാര്‍ -സിപിഐഎം സഹകരണത്തിനു സാധിച്ചാല്‍ കേരളത്തിന്‍റെ ഭൂമിയും ആകാശവും അറബിക്കടലും ഉള്‍പ്പെടെ സര്‍വ്വതും അദാനി വിഴുങ്ങും. മൂലധനം രാഷട്രീയ ശത്രുതയുടെ അതിര്‍വരമ്പുകളൊക്കെ മായ്ച്ചുകൊണ്ടിരിക്കുമെന്നത് ലളിതമായ കാര്യമാണ്. ഇന്ന് ബിജെപിക്കും സിപിഎമ്മിനുമിടയില്‍ ഒരു ചൈനീസ് മതില്‍ ബാക്കിനില്‍ക്കുന്നില്ല എന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.
പിണറായിയുടെ ‘സ്വപ്നകേരള’ നിര്‍മ്മിതിയില്‍ കഴിയാവുന്നത്ര പിന്തുണ നല്‍കണമെന്നത് ബിജെപിയുടെയും താല്‍പ്പര്യമാണ്. കേരളത്തില്‍ ബംഗാളിന്‍റെ ആവര്‍ത്തനമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള നല്ല വഴി പിണറായി ഒരിക്കല്‍ക്കൂടി ഭരണത്തിലേറുകയാണ്. അതുകൊണ്ടാണ് സ്വപ്നാ സുരേഷ് നിര്‍ണ്ണായക മൊഴി നല്‍കിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാനും തെളിവുകള്‍ കണ്ടെത്തി കോടതിക്കുമുന്നില്‍ ഹാജരാക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കാതിരുന്നത്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇരുപത്തൊമ്പതു തവണ നീട്ടിവെച്ച ലാവ്ലിന്‍ കേസിന്‍റെ വിചാരണാനടപടി തന്നെ ദൃഷ്ടാന്തമാണ്. തല്‍ക്കാലം കോണ്‍ഗ്രസ് മുക്ത കേരളം സൃഷ്ടിച്ചാല്‍ അധികം വൈകാതെ കമ്യൂണിസ്റ്റ് മുക്തകേരളവും സൃഷ്ടിക്കാമെന്ന് അമിത്ഷായ്ക്കറിയാം. കോണ്‍ഗ്രസ്സെന്ന ആനയെ വിഴുങ്ങുന്ന അമിത്ഷായ്ക്ക് സിപിഐഎം കേവലം അമ്പഴങ്ങ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. ഇനി സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിനായി തെരുവിലിറങ്ങാന്‍ സിപിഐഎം നേതൃത്വത്തിന് ശേഷിയില്ല എന്ന് ഹിന്ദുത്വവാദികള്‍ക്ക് നന്നായറിയാം. പിണറായി വിജയനിലൂടെ സംഘപരിവാര്‍ നേടിയെടുത്തരാഷ്ട്രീയ വിജയം അത്രയേറെ പ്രധാനമാണ്.