Mangalapuram Historians Janashakthionline

മംഗലാപുരം തീരത്തെ ശിലാഫലകങ്ങൾ ചരിത്രകാരന്മാരുടെ കൗതുകമുണർത്തുന്നു

കോഴിക്കോട് : മംഗലാപുരത്തു ഫിഷറീസ് റിസർച് സെന്റർ പരിസരത്തു കഴിഞ്ഞ ദിവസം പുതിയ കെട്ടിടത്തിനായി നിലമൊരുക്കുമ്പോൾ കണ്ടെത്തിയ രണ്ടു ശിലാഫലകങ്ങൾ ഉത്തരമലബാർ-കൊങ്കൺ തീരത്തെ ചരിത്രത്തിലേക്ക്  വെളിച്ചം വീശുന്നതാണെന്നു ഗവേഷകർ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടു ഫലകങ്ങളും കെട്ടിടം പണിക്കാർ കണ്ടെത്തിയത്. അതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്  അയച്ചതിനെ തുടർന്ന് മൈസൂരിൽ നിന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഫലകം പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് ഗവേഷകയായ ശ്രീദേവി തെജസ്വിനി അഭിപ്രായപ്പെട്ടു. അതിലെ   ലിഖിതം പ്രാചീന കന്നഡ ലിപിയിലാണെന്ന് കരുതപ്പെടുന്നു. എന്നാൽ  എന്താണ് ശിലയിൽ രേഖപ്പെടുത്തപ്പെട്ടത് എന്നു ഇനിയും വ്യക്തമായിട്ടില്ല. 

രണ്ടാമത്തെ  ശിലാഫലകം പോർത്തുഗീസ് കാലത്തു നിന്നുള്ളതാണ്. ആർക്കിയോളജിക്കൽ സർവേയിലെ വിദ്ഗ്ധർക്കു അതു വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഫലകത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച പോർട്ടുഗലിലെ ലിസ്ബൺ സർവകലാശാലയിലെ ചരിത്രപണ്ഡിതനായ ഡോ. റാഫേൽ മോരേറ അഭിപ്രയപ്പെട്ടതു ഇതു പതിനേഴാം നൂറ്റാണ്ടിലെ ഒരു പോർത്തുഗീസ് സൈനികമേധാവിയുടെ ശിലാഫലകമെന്നാണ്. ഫലകത്തിലെ ലിഖിതത്തിൽ പറയുന്നത് അത് സ്ഥലത്തെ പോർട്ടുഗീസ് കോട്ടയുടെ അധിപനായ  അന്റോണിയോ പെരേര ഡി മാസിഡ എന്ന സേനാനായകന്റേതാണ് എന്നാണ്. കോട്ടയുടെ നേരെ ഏപ്രിൽ 28നു നടന്ന  ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.  വർഷം ശിലയിൽ പറയുന്ന ഭാഗം പൊടിഞ്ഞുപോയിട്ടുണ്ട്. മൂറുകൾ (മുസ്ലിംകൾ) ആണ് ആക്രമണം നടത്തിയതെന്നും ഫലകത്തിൽ പറയുന്നുണ്ട്.

മംഗലാപുരത്തു സെന്റ്  സെബാസ്റ്റ്യൻ കോട്ട എന്നപേരിൽ 1568ൽ ഗോവയിലെ വൈസ്രോയി ഡി ലൂയിസ് അടൈഡ് ഒരു കോട്ട പണിതതായി ഡോ .മൊറേറ ചൂണ്ടിക്കാട്ടി.  മംഗലാപുരം കേന്ദ്രീകരിച്ചുള്ള പോർത്തുഗീസ് വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു ഈ കോട്ട. തെക്കു മലബാർ തീരത്തുനിന്നു കുഞ്ഞാലി  മരക്കാന്മാരുടെയും ഒമാനിൽ നിന്നുള്ള കടൽക്കൊള്ളക്കാരായ നാവികരുടെയും പിന്നീട് ഡച്ചുകാരുടെയും ആക്രമണങ്ങൾ കോട്ടയിലെ പോർത്തുഗീസ് സൈന്യം നേരിടുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരിയിലെ ശിവപ്പ നായിക് എന്ന പ്രദേശിക ഭരണാധികാരി കോട്ട പിടിച്ചെടുത്തു. അധികം വൈകാതെ കോട്ട  ബ്രിട്ടിഷ് അധീനത്തിലായി.  അവർ പഴയ കോട്ട പൂർണമായും തകർക്കുകയാണ് ചെയ്തതെന്ന് ഡോ.മൊറേറ ചൂണ്ടിക്കാട്ടി. ഉത്തര മലബാറിൽ ബേക്കൽ കോട്ടയ്ക്ക് വടക്കു നിലനിന്നിരുന്ന പ്രധാന കോട്ടയും  സൈനിക കേന്ദ്രവുമായിരുന്നു മംഗലാപുരത്തെ സെന്റ് സെബാസ്റ്റ്യൻ കോട്ടയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മലബാറിൽ യൂറോപ്യൻ സ്മാരകശിലകളെക്കുറിച്ചു ഗവേഷണം നടത്തുന്ന എൻ പി  ചെക്കുട്ടിയാണ് മംഗലാപുരത്തു കണ്ടെത്തിയ സ്മാരകശിലയുടെ ചിത്രം  ലിസ്ബണിലെ ന്യൂ യൂനിവേഴ്സിറ്റിയിൽ അധ്യാപകനായ ഡോ.മൊറേറയ്ക്കു അയച്ചു കൊടുത്തു വിവരങ്ങൾ തേടിയത്. നേരത്തെ കൊടുങ്ങല്ലൂർ ഭാഗത്തുനിന്നു കണ്ടെത്തിയ ഫിലിപ്പ് പെരെസ്ട്രലോ എന്ന പോർത്തുഗീസ് വ്യാപാരിയുടെ ശിലാലിഖിതവും ഡോ. മോരേറെയാണ് വായിച്ചെടുത്തത്. ഇപ്പോൾ തൃശ്ശൂരിൽ  ക്ഷേത്രകലാ മ്യൂസിയത്തിന്റെ മുറ്റത്തു സൂക്ഷിച്ചിരിക്കുന്ന  പെരെസ്ട്രലോ ഫലകം വാസ്കോ ഡ ഗാമയുടെ കാലത്തേതാണ്. ആ കാലത്തുനിന്നുള്ള അപൂർവം സ്മാരകശിലകൾ മാത്രമാണ് ഇന്ന് തെക്കൻ തീരത്തു അവശേഷിക്കുന്നത്. അതിനാൽ കേരളചരിത്രത്തെ സംബന്ധിച്ചു വളരെ പ്രധാനമായ ഒരു  സ്മാരകശിലയാണ് അതെന്നു ഡോ.മൊറേറ അഭിപ്രായപ്പെടുന്നു. പടിഞ്ഞാറൻ തീരത്തു പലേടത്തായി കണ്ടെത്തിയ ഇത്തരം സ്മാരകശിലകളുടെ  സംരക്ഷണത്തിനു ബന്ധപ്പെട്ട സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .