Kifbi_Questions

കിഫ്‌ബി: ചോദ്യോത്തരങ്ങൾ (17)

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ചു ഇന്നു കേരളീയ സമൂഹത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച  പ്രധാന ചോദ്യങ്ങൾക്കു ഈ പംക്തിയിൽ രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്നു.  

മസാലബോണ്ട് കടമെടുപ്പിന് സർക്കാർ ഗ്യാരണ്ടി നൽകിയതായി പറയുന്നുണ്ടല്ലോ. ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? കടത്തിനായി സർക്കാർ ഈട് നൽകിയിട്ടുണ്ടോ? ഗ്യാരണ്ടി നൽകിയ കടം  തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും? 

മസാലബോണ്ട് കടമെടുപ്പുമായി ബന്ധപ്പെട്ട ബാധ്യതകൾ കിഫ്‌ബി നിറവേറ്റും എന്നതിന് സംസ്ഥാന സർക്കാർ നിക്ഷേപകർക്ക് നൽകുന്ന ഉറപ്പാണ് ഗ്യാരണ്ടി. ബാധ്യതകൾ നിറവേറ്റുന്നതിനുള്ള പണം കൈകാര്യം ചെയ്യുന്ന പ്രത്യേക അക്കൗണ്ടുകളാണ് ഇതിനുള്ള ഈട്. തിരിച്ചടവിൽ വീഴ്ച വന്നാൽ ബോണ്ട് രക്ഷാധികാരിയായ ഹോങ്കോങ്ങിലെ ദ ഹോങ്കോങ് ആൻഡ് ഷാങ്ങ്ഹായ് ബാങ്കിങ് കോർപ്പറേഷനും (എച്ച് എസ് ബി സി) ആഭ്യന്തര രക്ഷാധികാരിയായ മുംബൈയിലെ ആക്സിസ് ട്രസ്റ്റീ സർവീസസും പണം വസൂലാക്കാനുള്ള നടപടികൾ കൈക്കൊള്ളും.  

മസാലബോണ്ട് ഇടപാടിലെ സർക്കാർ ഗ്യാരണ്ടിയുടെ വിശദാംശങ്ങൾ സർക്കാരിന്റെ ഗ്യാരണ്ടി ഉത്തരവ് (ജി ഓ (എംഎസ്) നം. 347/2018/ഫിൻ, 17.09.2018), സർക്കാരും കിഫ്ബിയും എഎച്ച് എസ് ബി സിയും ചേർന്നുള്ള ട്രസ്റ്റ് ഉടമ്പടി, ഏജൻസി ഉടമ്പടികൾ (19.09.2018, 29.03.2019) എന്നിവയിലാണ് പ്രധാനമായും രേഖപ്പെടുത്തിയിട്ടുള്ളത്. സമ്പദ്സ്ഥിതിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയെങ്കിലും ഈ രേഖകൾ സർക്കാർ പൊതുസമൂഹത്തിൽ ലഭ്യമാക്കിയിട്ടില്ല. 

സർക്കാർ ഗ്യാരണ്ടിയുടെ പശ്ചാത്തലത്തിൽ മസാലബോണ്ട് ഇടപാടിലെ പ്രധാന വ്യവസ്ഥകൾ പരിശോധിക്കാം. 

(ഒന്ന്) കിഫ്‌ബി ഓരോ അർദ്ധവർഷവും 9.723 ശതമാനം നിരക്കിൽ നിക്ഷേപകർക്ക് പലിശ നൽകും; അഞ്ചു വർഷത്തിനു ശേഷം നിക്ഷേപത്തുക തിരികെ  നൽകും.

(രണ്ട്) പലിശയോ നിക്ഷേപമോ നൽകാൻ വൈകിയാൽ ആ കാലയളവിന്‌  രണ്ടു ശതമാനം അധികനിരക്കിൽ പലിശ നൽകും.

(മൂന്ന്) മോട്ടോർവാഹന നികുതിയുടെ നിശ്ചിത പങ്കും ലിറ്ററിന് ചുരുങ്ങിയത് ഒരു രൂപ എന്നനിരക്കിൽ പെട്രോൾ സെസ്സും കിഫ്ബിയുടെ വരുമാനമായി കണക്കാക്കും; അത് ആദ്യം സഞ്ചിതനിധിയിൽ വരവുവെക്കുകയും പതിവായി കിഫ്ബിയുടെ പ്രത്യേക അക്കൗണ്ടിലേക്കു (എസ്ക്രോ അക്കൗണ്ട്) മാറ്റുകയും ചെയ്യും.   

(നാല്) മോട്ടോർവാഹന നികുതി,പെട്രോൾ സെസ്സ് എന്നിവയിൽ നിന്നുള്ള വരുമാനം മസാലബോണ്ട് ബാധ്യതകൾ നിറവേറ്റുന്നതിന് മതിയാകാതെ  വന്നാൽ സർക്കാർ വായ്‌പയും സഹായധനവും നൽകി കുറവ് നികത്തും. 

(അഞ്ച്) മസാലബോണ്ട് ബാധ്യതകൾ നിറവേറ്റുന്നതിനായി രണ്ട് പ്രത്യേക അക്കൗണ്ടുകൾ ഏർപ്പെടുത്തും; പലിശ അടവിനായി ഡെറ്റ് സർവീസ് റിസർവും നിക്ഷേപത്തുക തിരിച്ചുകൊടുക്കാനായി സിങ്കിങ് ഫണ്ടും.  

(ആറ്) കിഫ്ബിയുടെ വരവ്-ചെലവ് കണക്ക് മുമ്മൂന്ന് മാസവും വർഷാവസാനവും, പ്രത്യേക അക്കൗണ്ടുകളുടെ വിശദാംശം ഓരോ അർദ്ധവർഷവും ബോണ്ട് രക്ഷാധികാരിക്ക് സമർപ്പിക്കും.  

(ഏഴ്) പ്രത്യേക അക്കൗണ്ടുകളിൻമേലുള്ള  ആദ്യത്തേതും പരമോന്നതവുമായ അവകാശം ബോണ്ട് രക്ഷാധികാരിക്കും നിക്ഷേപകർക്കും ആയിരിക്കും.  

(എട്ട്) കിഫ്‌ബി പിരിച്ചുവിടുന്നപക്ഷം സ്ഥാപനത്തിന്റെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കും.  

കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ബോണ്ട് രക്ഷാധികാരിയായ എച്ച് എസ് ബി സി നിരന്തരവും കർശനവുമായ നിയന്ത്രണം ഉറപ്പു വരുത്തുന്നുണ്ട് എന്നത് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ബാധ്യത നിറവേറ്റുന്നതിൽ കിഫ്‌ബി വീഴ്ച വരുത്തുന്നപക്ഷം സ്വന്തം നിലയിലോ നിക്ഷേപകരുടെ ആവശ്യപ്രകാരമോ എച്ച് എസ് ബി സി നടപടിയെടുക്കും. ആഭ്യന്തര രക്ഷാധികാരിയായ ആക്സിസ് ട്രസ്റ്റീ സർവീസസിനോട് കിഫ്ബിയുടെ പ്രത്യേക അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ എച്ച് എസ് ബി സി ആവശ്യപ്പെടും. ഇത് ആഭ്യന്തര രക്ഷാധികാരിക്ക് നേരിട്ടോ റസീവർ വഴിയോ ചെയ്യാം. അക്കൗണ്ടുകളിൽ ലഭ്യമായ പണം ഡോളറാക്കി മാറ്റി, ആഭ്യന്തര രക്ഷാധികാരി ബോണ്ട് രക്ഷാധികാരിക്ക് നൽകും, തുടർന്ന് അത് നിക്ഷേപകർക്ക് കൈമാറും.  

ബാധ്യതകൾ നിറവേറ്റുന്നതിന് പ്രത്യേക അക്കൗണ്ട് ശിഷ്ടം പോരാതെ വന്നാൽ അത് നികത്തേണ്ട ബാധ്യത സർക്കാരിന്റേതാണ്. സംസ്ഥാന ഖജനാവിൽ അതിനു ആവശ്യമായ നീക്കിയിരുപ്പ് ഇല്ലെങ്കിൽ വീണ്ടും കടമെടുക്കേണ്ടി വരും. ഇത് പുതിയ കടപ്പത്രങ്ങൾ വഴിയോ ധനകാര്യസ്ഥാപനങ്ങൾ, റിസർവ് ബാങ്ക്, കേന്ദ്ര സർക്കാർ  എന്നിവയിൽ നിന്നുള്ള വായ്പകൾ വഴിയോ ആവാം. അതുമല്ലെങ്കിൽ ആസ്തികൾ വിറ്റു പണം സംഭരിക്കാം. 

ഇവയൊന്നും തന്നെ യഥാസമയം സാധ്യമായില്ലെങ്കിലോ? ഈ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. വിദേശവിപണിയിൽ നിന്ന് സംസ്ഥാന സർക്കാർ കടമെടുക്കുന്നതിന് മുൻ ഉദാഹരണങ്ങളൊന്നുമില്ല. വീഴ്ച സംസ്ഥാനത്തിന്റേതായാലും പ്രതികൂലഫലങ്ങൾ അനുഭവിക്കേണ്ടി വരിക  രാഷ്ട്രമൊന്നാകെ ആയിരിക്കുമെന്നതിനാൽ കേന്ദ്രസർക്കാർ അത്തരമൊരു  സാഹചര്യം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാം. 

ഈ പറഞ്ഞതിന്റെ അർഥം സംസ്ഥാന സർക്കാരിന് മസാലബോണ്ട് ബാധ്യതകൾ നിറവേറ്റാൻ കഴിയില്ല എന്നല്ല. കടബാധ്യത നിറവേറ്റാനുള്ള ശേഷി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ധനകാര്യ നിർവഹണത്തിന്റെ കാര്യക്ഷമത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി ഈ സംഭാഷണപംക്തിയുടെ വരാനിരിക്കുന്ന ഭാഗത്തിൽ ഇത് പരിശോധിക്കുന്നുണ്ട്. 

(തുടരും. ചോദ്യങ്ങൾ 8301075600 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. പത്രാധിപർ.)