മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രസക്തി കീഴാളവർഗ സമൂഹവുമായി യോജിക്കുമ്പോൾ
വടകര: കേരളത്തിലെ ദളിത്-പിന്നാക്ക സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ നായകസ്ഥാനത്തേക്കു മുസ്ലിംലീഗ് കടന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലീഗിന്റെ ചരിത്രം സംബന്ധിച്ച പുസ്തക ചർച്ചയിൽ അഭിപ്രായമുയർന്നു.
വടകര താഴെഅങ്ങാടിയിൽ മുസ്ലിംലീഗ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാ ലൈബ്രറിയിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ലീഗിന്റെ ഭാവിരാഷ്ട്രീയ ഗതി സംബന്ധിച്ച ഗൗരവമായ അഭിപ്രായങ്ങൾ ഉയർന്നുവന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ എൻ പി ചെക്കുട്ടി രചിച്ച മുസ്ലിംലീഗ് കേരള ചരിത്രത്തിൽ എന്ന ഗ്രന്ഥത്തെ ആസ്പദിച്ചാണ് ചർച്ച നടന്നത്.
ലീഗിന്റെ ചരിത്രം രണ്ടുതരത്തിൽ എഴുതപ്പെട്ടിട്ടുണ്ടെന്നു ലീഗ് ചരിത്രകാരനും എഴുത്തുകാരനുമായ എം സി വടകര അഭിപ്രായപ്പെട്ടു. ഒരുകൂട്ടർ ലീഗിനെ വാനോളം പുകഴ്ത്തി. മറുപക്ഷം അതിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്തി. അതിൽ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് ഈ പുസ്തകത്തിൽ കാണുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊതുവിൽ നിഷ്പക്ഷമായ ഒരു രചനാരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ലീഗിന്റെ ഭൂതവും വർത്തമാനവും ഭാവിയും സംബന്ധിച്ച സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഒരു പുനർവിചിന്തനത്തിനു ഈ പുസ്തകം സഹായകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിംലീഗ് നേതാവ് സമദ് പൂക്കാട് മോഡറേറ്ററായ ചർച്ചയിൽ സീനിയർ മാധ്യമപ്രവർത്തകൻ ഡോ അഷറഫ് വാളൂർ, സിപിഐ നേതാവ് സോമൻ മുതുവന തുടങ്ങിയവർ പങ്കെടുത്തു. സദസ്യരിൽ നിന്നും ഉയർന്ന ചോദ്യങ്ങളോടും അഭിപായങ്ങളോടും ഗ്രന്ഥകാരൻ എൻ പി ചെക്കുട്ടി പ്രതികരണം നടത്തി. മുസ്ലിംലീഗ് പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനായി അതിന്റെ നയങ്ങളിലും നിലപാടുകളിലും പുനഃപരിശോധന നടത്തണമെന്നും സമുദായികതയിൽ നിന്നു കീഴാളസമൂഹ നേതൃത്വത്തിലേക്കു അതു സ്വയം മാറണമെന്നും അദ്ദേഹം അഭിപായപ്പെട്ടു.