കേരളത്തിലെ പോർക്കളം കൂടുതൽ സജീവം സ്ഥാനാർത്ഥികൾ നിരന്നു
തിരുവനന്തപുരം: 86 സീറ്റുകളിൽ കോൺഗ്രസ്സും 112 സീറ്റുകളിൽ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരെഞ്ഞെടുപ്പ് പോർക്കളം കൂടുതൽ സജീവമായി. കോൺഗ്രസ്സ് ഇനി ആറ് സീറ്റുകളിലേക്കും ബിജെപി ഇനി മൂന്നുമണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചു കെ പി സി സി ആസ്ഥാനത്തു മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ലതികാസുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുമ്പോൾ ആ പാർട്ടിയുടെ പ്രമുഖ നേതാവ് ശോഭാ സുരേന്ദ്രന് സീറ്റില്ല. ഏറെ ശ്രദ്ധയാകർഷിക്കുന്ന നേമത്തെ ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ കുമ്മനം രാജശേഖരനെ നേരിടുന്നത് കെ മുരളീധരൻ എംപിയും ( കോൺഗ്രസ്സ്) വി ശിവൻകുട്ടിയും(സിപിഎം ) ആണ്.കോൺഗ്രസ്സ് പട്ടികയിൽ ഇരിക്കൂറിൽ ജയിച്ച കെ സി ജോസഫ് ഒഴികെയുള്ള മുഴുവൻ സിറ്റിംഗ് എം എൽ എ മാരും ഉണ്ട്. തൃപ്പൂണിത്തുറയിൽ കെ ബാബുവാണ് കോൺഗ്രസ് സ്ഥാനാർഥി.86 സ്ഥാനാർത്ഥികൾ ഉള്ള കോൺഗ്രസ് പട്ടികയിൽ 55 ശതമാനം പുതുമുഖങ്ങൾ ആണ്. ഒമ്പത് വനിതകളുമുണ്ട്.കോണ്‍ഗ്രസ് പട്ടികയെക്കുറിച്ചു പാര്‍ട്ടി നേതാക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ലതികാ സുഭാഷിന്റെ പ്രതിഷേധം സ്ഥാനാര്‍ഥി പട്ടികയുടെ ശോഭ കെടുത്തി എന്നതില്‍ സംശയമില്ല. പാര്‍ട്ടി ആസ്ഥാനത്തെത്തി പാര്‍ട്ടിക്ക് കനത്ത പ്രഹരമുണ്ടാക്കുന്ന ഈ പ്രതിഷേധം കൈകാര്യംചെയ്യുന്നതില്‍ തലസ്ഥാനത്തുണ്ടായിരുന്ന നേതൃത്വം പക്വത കാണിച്ചുവെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. കോണ്‍ഗ്രസിലെ ഇന്നത്തെ അവസ്ഥയില്‍ ഇതിലും വലിയ പ്രതിഷേധം രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.