Pinarayi vijayan

പിണറായി വിജയന്‍, കേരള സംഘ് ചാലകോ?

തിരുവനന്തപുരത്തു ചെറുവയ്ക്കല്‍ വില്ലേജില്‍ ഹൗസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള 17 കോടിയിലേറെ രൂപ വിലവരുന്ന 4 ഏക്കര്‍ ഭൂമി, സത്സംഗ് ഫൗണ്ടേഷന്‍റെ സ്ഥാപകനായ യോഗാചാര്യന്‍ ശ്രീഎമ്മിന് നിസ്സാര തുകയ്ക്ക് പാട്ടത്തിനു നല്‍കിയത് എന്തുകൊണ്ടാണ്? അതിനുത്തരം അന്വേഷിക്കുന്നതിനു മുമ്പ് ഈ ശ്രീഎം എന്ന പുതിയ ആള്‍ദൈവം ആരാണെന്നറിയേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ജനിച്ച മുംതാസ് അലി ഖാന്‍, ശ്രീഎം ആയത് എങ്ങനെയെന്നും ശ്രീഎമ്മിന് ആര്‍ എസ് എസുമായുള്ള ബന്ധമെന്താണെന്നും ഇക്കണോമിക്സ് ടൈംസ് ഡല്‍ഹി ബ്യൂറോയിലെ പത്രപ്രവര്‍ത്തകനും മലയാളിയുമായ ദിനേശ് നാരായണന്‍ രചിച്ച ” The RSS and the Making of the Deep Nation” (2020, Penguin)” വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ആര്‍ എസ് എസിന്‍റെ ഔദ്യോഗിക ഇംഗ്ലീഷ് മുഖപത്രമായ ‘ഓര്‍ഗനൈസറില്‍’ സാധാരണ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീഎമ്മിന് അദ്ദേഹത്തിന്‍റെ യോഗഗുരു നല്‍കിയ പേര് മധു എന്നായിരുന്നു. ഈ മധു എന്ന ശ്രീഎം വളരെ പെട്ടെന്നാണ് ആര്‍ എസ് എസിന്‍റെ ഉന്നത നേതൃത്വത്തിന് പ്രിയപ്പെട്ടവനാകുന്നത്. ആന്ധ്രാ-കര്‍ണാടക അതിര്‍ത്തിയില്‍ സത്സംഗ് എന്ന യോഗാശ്രമവും സ്കൂളും തുടങ്ങാന്‍ സഹായിച്ചത് ആര്‍ എസ് എസാണ്.

2016-ല്‍ ശ്രീഎം നടത്തിയ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു നിന്ന “സമാധാനയാത്ര” ഉല്‍ഘാടനം ചെയ്തത് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ആയ സുരേഷ് ജോഷി ആയിരുന്നു.

ആര്‍ എസ് എസ് സര്‍ സംഘ് ചാലക് ആയ മോഹന്‍ ഭഗവതിന്‍റെ വിശ്വസ്തനും ദൂതനുമായ ശ്രീഎമ്മില്‍ നിക്ഷിപ്തമായ രാഷ്ട്രീയ ദൗത്യത്തിന്‍റെ ഉള്ളറകള്‍ മേല്‍പ്പറഞ്ഞ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.

മോദി ഗവണ്‍മെന്‍റിന്‍റെ യോഗാപ്രചരണത്തിന്‍റെ പിന്നിലെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട കേരളത്തില്‍ പ്രയോഗിക്കാന്‍ ഏറ്റവും നല്ലത് സി പി എമ്മും പിണറായി സര്‍ക്കാരുമാണെന്ന് മനസിലാക്കിയ ആര്‍ എസ് എസ് നേതൃത്വം ആ ദൗത്യമേല്‍പ്പിച്ചത് ശ്രീഎമ്മിനെയാണ്. പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ കണ്ണൂരില്‍ സി പി എം നടത്തിയ യോഗാക്യാമ്പിനു നേതൃത്വം നല്‍കിയത് ശ്രീഎമ്മാണ്. തുടര്‍ന്നുള്ള നാളുകളില്‍ ശ്രീഎം ആര്‍ എസ് എസിനും സി പി എമ്മിനുമിടയിലെ പാലമായി മാറുന്ന കഥ ദിനേശ് നാരായണന്‍ വിവരിക്കുന്നു. 2018-ല്‍ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ ആര്‍ എസ് എസിന്‍റെ കേരളത്തിലെ പ്രമുഖ നേതാക്കളായ ഗോപാലന്‍കുട്ടിമാസ്റ്റര്‍, വല്‍സന്‍ തില്ലങ്കേരി, എം രാധാകൃഷ്ണന്‍ എന്നിവരെയും പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ഒരു മേശക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്യിക്കാന്‍ ശ്രീഎമ്മിനു കഴിഞ്ഞു. മോഹന്‍ ഭഗവതിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ചര്‍ച്ച. അങ്ങനെയാണ് കണ്ണൂരിലെ സി പി എം – ആര്‍ എസ് എസ് കൊലപാതകങ്ങള്‍ക്ക് വിരാമമുണ്ടായത്. ആര്‍ എസ് എസുമായി സന്ധിയുണ്ടാക്കിയെങ്കിലും കണ്ണൂരിലെ സി പി എമ്മിന്‍റെ കൊലപാതകവാസന ഇല്ലാതായില്ല. കോണ്‍ഗ്രസിന്‍റെയും മുസ്ലീംലീഗിന്‍റെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ക്കു നേരെയാണ്, സി പി എമ്മിന്‍റെ രക്തപങ്കിലമായ കൊലക്കത്തികള്‍ ആഞ്ഞു വീശിയത്.

ശ്രീഎമ്മിന്‍റെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനസന്ധി, പക്ഷെ, കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമായ ഒരു രാഷ്ട്രീയ സന്ധിയുടെ തുടക്കമായിരുന്നു.’കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന ആര്‍ എസ് എസ് പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പാക്കാമെന്ന ഗൂഢാലോചനയാണ് ഇപ്പോള്‍ സി പി എം – ആര്‍ എസ് എസ് നേതൃത്വങ്ങള്‍ ശ്രീഎമ്മിന്‍റെ ഇടനിലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നത്തെ അവസ്ഥയില്‍ പിണറായി വിജയനും സി പി എമ്മിനും തുടര്‍ഭരണം ലഭിക്കണമെങ്കില്‍, 16-17 ശതമാനം വോട്ടുള്ള സംഘപരിവാറിന്‍റെ പിന്തുണ അനിവാര്യമാണ്. ബി ജെ പിയുടെ സാധാരണ അണികള്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ തയ്യാറായേക്കില്ല. പക്ഷെ, ആര്‍ എസ് എസിന്‍റെ പ്രചാരകര്‍ക്ക്, നേതൃത്വത്തിന്‍റെ, പ്രത്യേകിച്ചും, സര്‍ സംഘ്ചാലകിന്‍റെ തീരുമാനം കല്ലേപിളര്‍ക്കുന്ന കല്പനകളാണ്.

സി പി എമ്മിന് വോട്ടു ചെയ്യുകയെന്ന കല്പനയെ ന്യായീകരിക്കാനും എളുപ്പമാണ്. 54 ശതമാനം ഹിന്ദുക്കളും 46 ശതമാനം മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങളുമുള്ള കേരളത്തില്‍ അധികാരത്തിലെത്തുകയെന്നത് അത്ര എളുപ്പമല്ലെന്ന് ആര്‍ എസ് എസിനറിയാം. അഥവാ,

കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നം കേരളത്തില്‍ നടക്കണമെങ്കില്‍, ഒരു ‘കോണ്‍ഗ്രസ് മുക്ത കേരളം’ സൃഷ്ടിക്കണം. കോണ്‍ഗ്രസ് മുക്ത കേരളം സി പി എമ്മിന്‍റെയും ആവശ്യമാണ്.

കേരളത്തില്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്ന ആര്‍ എസ് എസ് – സി പി എം ഗൂഢാലോചനയുടെ പൊരുള്‍ ഇതാണ്. പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഉറപ്പു നല്‍കുന്നതിലൂടെ നാലോ അഞ്ചോ സീറ്റുകളില്‍ ജയിക്കുകയല്ല ആര്‍ എസ്എസിന്‍റെ ദീര്‍ഘകാല ലക്ഷ്യം. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും നശിപ്പിക്കുന്നതിലൂടെ രണ്ടാം കക്ഷിയുടെ സ്ഥാനത്തേക്ക് മുന്നേറുകയാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ബി ജെ പിയുടെ സംസ്ഥാന നേതാക്കള്‍ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍, കേരളം ബംഗാളാകുമെന്ന് ആര്‍ എസ് എസ് നേതൃത്വത്തിന്നറിയാം. കണ്ണൂരിലെ ഗ്രാമങ്ങളെ പാര്‍ട്ടി ഗ്രാമങ്ങളാക്കിയതുപോലെ, പിണറായി വിജയന്‍, ജനാധിപത്യ കേരളത്തെ ഒരു ‘പാര്‍ട്ടി സംസ്ഥാന’ മാക്കി മാറ്റുമെന്ന് മനസിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. പിണറായി വിജയനെപ്പോലെ സേച്ഛാധിപതിയായ ഒരു മുഖ്യമന്ത്രിക്കു കീഴില്‍ പാര്‍ട്ടി സംസ്ഥാനം ഒരു ജയിലായി മാറുമെന്നതില്‍ സംശയമില്ല.

ഒരു ഉഗ്രമൂര്‍ത്തിയായി മാറുന്ന പിണറായി വിജയന്‍റെ ‘മാറി നില്‍ക്ക്’ ശാസനകള്‍ കൊണ്ട് കേരളം മുഖരിതമാവും. ഒരുപക്ഷെ, 1957-ലെ സെല്‍ഭരണത്തിന്‍റെ പുതിയ മാതൃകകള്‍ കേരളത്തില്‍ തിരിച്ചുവരാനും സാധ്യതയുണ്ട്,

നന്ദി ഗ്രാമിലും സിംഗൂരിലുമുണ്ടായ ജനരോഷമാണ് ബംഗാളില്‍ മുപ്പതാണ്ടുകള്‍ നീണ്ട തേര്‍വാഴ്ചയ്ക്ക് അന്ത്യം കുറിച്ചത്. സി പി എമ്മിനെ ബംഗാളില്‍ നിന്ന് തൂത്തെറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ പിണറായി വിജയനെപ്പോലെ സേച്ഛാധിപതിയോ മാടമ്പി സംസ്കാരക്കാരനോ ആയിരുന്നില്ല. മാത്രവുമല്ല, ഒരു നാടുവാഴിയെപ്പോലെ പെരുമാറാന്‍ കഴിയുന്ന തരത്തില്‍ ബംഗാളിലെ സി പി എമ്മിനെ സ്വന്തം ആജ്ഞാനുവര്‍ത്തികളും പാദസേവകരുമടങ്ങുന്ന ഒരു മാഫിയ സംഘമാക്കി മാറ്റാനും ബുദ്ധദേവിന് കഴിഞ്ഞിരുന്നില്ല. ബുദ്ധദേവിനെ നിലയ്ക്കു നിര്‍ത്താന്‍ പോന്ന സമശീര്‍ഷരായ നേതാക്കളുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു, ബംഗാളില്‍. എന്നിട്ടും, ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്തവണ്ണം സി പി എം തകര്‍ന്നടിഞ്ഞു. ഭരണമില്ലാതായതോടെ, നിലനില്‍പ്പു തന്നെ അപകടത്തിലായ സി പി എം അവരുടെ ഓഫീസുകള്‍ വാടകക്കു കൊടുക്കുന്ന ദയനീയതയിലാണ്. സി പി എം അണികള്‍ കൂട്ടം കൂട്ടമായി ബി ജെ പിയിലേക്കു പോയിക്കൊണ്ടിരിക്കുന്നു.

വി എസ് അച്യുതാനന്ദനെ ഒതുക്കിക്കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍, വിമര്‍ശകരോ പ്രതിയോഗികളോ ഇല്ലാത്ത ഒരു ‘പാര്‍ട്ടി കമ്മിസ്സാര്‍’ ആയി മാറുകയാണുണ്ടായത്.

പിണറായി വിജയന്‍റെ മുഖത്തു നോക്കി ‘അത് തെറ്റാണ്’ എന്നു പറയാന്‍ ചങ്കുറപ്പുള്ള ഒരൊറ്റയാളും ഇന്ന ആ പാര്‍ട്ടിയില്‍ ഇല്ല. വി എസ് രോഗശയ്യയിലായതോടെ, അവസാനത്തെ എതിര്‍ശബ്ദവും നിലച്ചു.

കേരളത്തിലെ സി പി എം എന്നത് ഇന്ന് പിണറായി വിജയന്‍ എന്ന ‘മുടിചൂടാമന്ന’ നു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കുറെ സ്തുതിപാഠകരുടെയും പാദസേവകരുടെയും ഒരു വലിയ സംഘമായി പരിണമിച്ചിരിക്കുകയാണ്. അതേ സമയം തന്നെ, സി പി എമ്മിന്‍റെ സാമ്പത്തികശക്തി പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാനും പിണറായി വിജയന് കഴിഞ്ഞു. ആയിരക്കണക്കിനു സഹകരണ സംഘങ്ങള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, വിനോദ കേന്ദ്രങ്ങള്‍, ഉരാളുങ്കല്‍ പോലെയുള്ള വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ഗള്‍ഫ് ആസ്ഥാനമായ സഹസ്ര കോടീശ്വരന്മാര്‍ എന്നിവയൊക്കെയടങ്ങുന്ന ഭീമാകാക്ഷന്‍ കമ്പനികള്‍, ഗള്‍ഫ് ആസ്ഥാനമായ സഹസ്ര കോടീശ്വരന്മാര്‍ എന്നിവയൊക്കെയടങ്ങുന്ന ഭീമാകാരമായ ഒരു സാമ്പത്തിക സാമ്രാജ്യത്തിന്‍റെ അധിപരാണ് ഇന്ന് കേരളത്തിലെ സി പി എം. ഈ സാമ്പത്തിക സാമ്രാജ്യത്തെ സ്വന്തം വിരല്‍ തുമ്പില്‍ നിയന്ത്രിക്കുന്ന പിണറായി വിജയനെ ആര്‍ക്കാണ് വിമര്‍ശിക്കാനാവുക? ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പാര്‍ട്ടിക്കാരും അവരുടെ കുടുംബാംഗങ്ങളും പിണറായി വിജയനെ കാണുന്നത് തങ്ങളുടെ അന്നദാതാവായിട്ടാണ്. അതുകൊണ്ടുതന്നെ സ്വന്തം അന്നം മുട്ടിക്കുന്ന വിമര്‍ശനത്തിന് ആരും മുതിരുകയില്ല. അതാണ് പിണറായി വിജയന്‍റെ ഏകച്ഛത്രാധിപത്യത്തിന്‍റെ അടിത്തറ.

പിണറായി വിജയനെ വരുതിയിലാക്കിയാല്‍, സി പി എമ്മിനെ സ്വന്തം കാല്‍ച്ചുവട്ടിലാക്കാമെന്ന് ആര്‍ എസ് എസിനറിയാം. സുപ്രീം കോടതിയിലെ ലാവ്ലിന്‍ കേസ് പിണറായിയ്ക്കു മുകളില്‍ തൂങ്ങികിടന്ന ഡെമോക്ലസിന്‍റെ വാളായിരുന്നു. ആ വാള്‍ കാണിച്ചു കൊണ്ടായിരുന്നു മോദി-അമിത്ഷാമാര്‍ പിണറായിയെ നിലയ്ക്കു നിര്‍ത്തിയത്.

അമിത്ഷായുടെ സി ബി ഐ 24 തവണയാണ് ലാവ്ലിന്‍ കേസ് മാറ്റി വെയ്പ്പിച്ചത്. അടുത്ത ഏപ്രില്‍ 6-ലേക്കാണ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്നത്. വോട്ട് കഴിയുന്നതുവരെ പിണറായിയ്ക്കു പേടിയ്ക്കേണ്ട! മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന കള്ളക്കടത്ത് കേസിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാടിളക്കി നടത്തിയ അന്വേഷണം ആവിയായിപ്പോയത് എന്തുകൊണ്ടാണ്? കെ ടി ജലീലിനും സ്പീക്കര്‍ക്കുമെതിരായ അന്വേഷണങ്ങളും പെട്ടെന്ന് നിന്നുപോയത് എന്തുകൊണ്ടാണ്? ബിനീഷ് കോടിയേരിയെ മയക്കുമരുന്നു കേസില്‍ നിന്ന് രക്ഷപ്പെടുത്തിയത് എന്തിനു വേണ്ടിയാണ്? ഇതിനൊക്കെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ശ്രീഎമ്മിനുള്ള പ്രതിഫലമാണ് നാലേക്കര്‍ ഭൂമി.’കോണ്‍ഗ്രസ് – യു ഡി എഫ് മുക്ത കേരളം’ എന്ന വലിയ ആര്‍ എസ് എസ് അജണ്ടയാണ് അവര്‍ പിണറായി വിജയനെ ഏല്‍പ്പിച്ചിരിക്കുന്നത്. ‘ഉറപ്പാണ് എല്‍ ഡി എഫ്’ എന്ന മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യമിറക്കാന്‍ സി പി എമ്മിനും പിണറായി വിജയനും ധൈര്യം നല്‍കുന്നത് വാസ്തവത്തില്‍, ആര്‍ എസ് എസ് നല്‍കുന്ന ഉറപ്പാണ്. തുടര്‍ ഭരണത്തിനുള്ള പിന്തുണ ഉറപ്പു നല്‍കുന്ന ആര്‍ എസ് എസിനു പിണറായി വിജയന്‍ തിരികെ നല്‍കുന്ന ഉറപ്പ് എന്തായിരിക്കും? ‘ഭാവി കേരളം ആര്‍ എസ് എസിനു അടിയറ വെയ്ക്കാം’ എന്നതായിരിക്കും പിണറായിയുടെ ഉറപ്പ്.

തനിക്കു അഞ്ചുവര്‍ഷം കൂടി മുഖ്യമന്ത്രിയായിരിക്കാനുള്ള ദുരധികാരക്കൊതി മൂത്ത പിണറായി വിജയന്‍ കേരളത്തെ മാത്രമല്ല, ലക്ഷക്കണക്കിനു കമ്മ്യൂണിസ്റ്റുകാര്‍ രക്തവും വിയര്‍പ്പും നല്‍കിയുണ്ടാക്കിയ ഒരു പ്രസ്ഥാനത്തെക്കൂടിയാണ് വഞ്ചിക്കുന്നത്.

പ്രബുദ്ധതയും മതേതര ബോധവുമുള്ള മലയാളികളായ നമ്മള്‍, പിണറായി വിജയന്‍റെ ഈ കൊടുംചതി തിരിച്ചറിയേണ്ടതല്ലേ? നാം ഇക്കാലമത്രയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മതസൗഹാര്‍ദ്ദവും സമാധാനജീവിതവും മതേതരത്വവും തകര്‍ക്കുന്നത് എന്തിനു വേണ്ടിയാണ്? തുടര്‍ഭരണം മാത്രമല്ല ലക്ഷ്യം. ലാവ്ലിന്‍ കേസും സ്വന്തം ഓഫീസ് കേന്ദ്രീകരിച്ചു നടന്ന കള്ളക്കടത്ത് കേസും നിഷ്പക്ഷവും സത്യസന്ധവുമായി അന്വേഷിച്ചാല്‍ തുടര്‍ജീവിതം ജയിലിലായിരിക്കുമെന്ന് മറ്റാരെക്കാളും നന്നായി പിണറായിയ്ക്കും അറിയാം. അതുകൊണ്ടാണ്, തുടര്‍ഭരണമോ, ജയില്‍ജീവിതമോ, എന്ന ആര്‍ എസ് എസ് ഭീഷണിയ്ക്കു മുമ്പില്‍ പിണറായി വിജയന് കീഴടങ്ങേണ്ടി വന്നത്. കേരളത്തിലെ മൂന്നു കോടി മുപ്പതു ലക്ഷം മനുഷ്യരുടെ ഭാവി ജീവിതത്തെയും സ്വന്തം പാര്‍ട്ടി തന്നെയും ആര്‍ എസ് എസിന്‍റെ കാല്‍ക്കീഴില്‍ അടിയറ വെച്ച പിണറായി വിജയന്‍, യഥാര്‍ത്ഥത്തില്‍, തന്നെ തുറിച്ചു നോക്കുന്ന ജയില്‍ ജീവിതത്തില്‍ നിന്നാണ് രക്ഷപ്പെടുന്നത്.

സി പി എമ്മിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ഉത്തമരായ സഖാക്കള്‍ കേരളത്തിലുണ്ട്. പാര്‍ട്ടി ഉപജീവനമല്ലാത്ത ഈ സഖാക്കള്‍, ഒന്നാലോചിക്കണം. കഴിഞ്ഞ 4 തലമുറകളില്‍പ്പെട്ട അനേകായിരങ്ങളുടെ മഹാത്യാഗങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ നശിപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

രക്തസാക്ഷികളുടെ രക്തം വീണ് ചുവന്ന ചെങ്കൊടികള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് അഴിച്ചുമാറ്റി, അവിടെ കാവിക്കൊടി ഉയരുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സി പി എം കേരളഘടകം, ആര്‍ എസ് എസിന്‍റെ കേരളഘടകമായും പിണറായി വിജയന്‍ കേരള സംഘചാലക് ആയി മാറുന്നതും നിങ്ങള്‍ക്കു താങ്ങാനാവുമോ?

ഈ ദുരന്തങ്ങള്‍ ഒഴിവാക്കയന്‍ കേരള സംഘചാലക് ആയി മാറുന്നതും നിങ്ങള്‍ക്കു താങ്ങാനാവുമോ? ഈ ദുരന്തങ്ങള്‍ ഒഴിവാക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വവും പിണറായി വിജയനും ആര്‍ എസ് എസുമായി ഉണ്ടാക്കുന്ന രാഷ്ട്രീയ സഖ്യം കേരളത്തെയും പാര്‍ട്ടിയേയും അന്ത്യയാത്രയിലേക്കാണ് തള്ളിയിടുന്നതെന്ന് തിരിച്ചറിയാന്‍ കഴിയണം.