പ്രമുഖരെ തഴഞ്ഞു സിപിഎം ലിസ്റ്റ് പുറത്തിറക്കി;കോൺഗ്രസ്സ് ലിസ്റ്റ് നാളെയെന്നു താരിഖ് അൻവർ

 തിരുവനന്തപുരം: നിലവിലെ മന്ത്രിമാരിൽ അഞ്ചുപേരെ മാറ്റിനിർത്തി സിപിഎം നിയമസഭാ സ്ഥാനാർഥി ലിസ്റ്റ് ഇന്നുരാവിലെ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ  പുറത്തിറക്കി. പാർട്ടി മല്സരിക്കുന്ന 85 സീറ്റിൽ 83 സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്.  ഒമ്പതു പേർ സ്വതന്ത്രരാണ്. മൊത്തം 12 വനിതകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നേരത്തെ പ്രതീക്ഷിക്കപ്പെട്ട പോലെ മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്, ഇ പി ജയരാജൻ അടക്കം നിലവിലെ സഭയിൽ അംഗങ്ങളായിരുന്ന 33 പേരെ ഒഴിവാക്കിയിട്ടുണ്ട്. സ്ഥാനാര്ഥികളെ സംബന്ധിച്ചു  വിവിധ ജില്ലകളിൽ അണികളിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഷേധം താല്കാലികമാണെന്നും വരും നാളുകളിൽ ചിട്ടയോടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും വിജയരാഘവൻ അവകാശപ്പെട്ടു. 

അതേസമയം കോൺഗ്രസ്സ് ലിസ്റ്റ് പൂർത്തിയാക്കുന്നതിനായി ഡൽഹിയിൽ ഹൈക്കമാൻഡ് മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾ മിക്കവാറും പൂർത്തിയായതായും പട്ടിക നാളെ പുറത്തിറക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള നേതാവ് താരിഖ് അൻവർ ഡൽഹിയിൽ അറിയിച്ചു. അതിനിടയിൽ പ്രമുഖ നേതാവ് പി സി  ചാക്കോ പാർട്ടിയിൽ നിന്നു രാജി വെച്ച് സോണിയാ ഗാന്ധിക്കു കത്തു നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  അവഗണനയിൽ പ്രതിഷേധിച്ചാണ്  രാജിയെന്നു ചാക്കോ അറിയിച്ചു .ഭാവി പരിപാടികൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.